|    Dec 14 Fri, 2018 4:16 am
FLASH NEWS
Home   >  Sports  >  Cricket  >  

തലയ്ക്കും സംഘത്തിനും മീതെ ഹൈദരാബാദ് ഉദിച്ചുയരുമോ? കലാശക്കൊട്ടില്‍ പൊടിപാറും

Published : 26th May 2018 | Posted By: vishnu vis


മുംബൈ: ഐപിഎല്ലിന്റെ 11ാം സീസണിലെ രാജാവിനെ ഇന്നറിയാം. ആവേശ ഫൈനലില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ കളിക്കളത്തില്‍ തീപാറുമെന്നുറപ്പ്. രണ്ട് വര്‍ഷത്തെ വിലക്കിന്  ശേഷം കിരീടത്തോടെ തിരിച്ചുവരവ് അറിയിക്കാന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ ഹൈദരാബാദിനും അഭിമാനിക്കാന്‍ കിരീടം കൂടിയേ തീരു.

ചെന്നൈ സൂപ്പറാ
ചെന്നൈ സൂപ്പര്‍ കിങ്‌സ് പഴയ പ്രതാപത്തിനൊത്ത പ്രകടനം തന്നെയാണ് ഈ സീസണിലും പുറത്തെടുക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ വയസന്‍പടയെന്ന് മുദ്രകുത്തപ്പെട്ട എം എസ് ധോണി നയിക്കുന്ന ചെന്നൈ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫില്‍ കടന്നത്. ആവേശ പ്ലേ ഓഫില്‍ ഹൈദരാബാദിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈയുടെ ഫൈനല്‍ പ്രവേശനം. ബാറ്റിങില്‍ കരുത്തായി ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, ഫഫ്  ഡുപ്ലെസിസ്, എം എസ് ധോണി എന്നിവരാണ് ടീമിനൊപ്പമുള്ളത്. അമ്പാട്ടി റായിഡുവാണ് ചെന്നൈ നിരയിലെ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. 15 മല്‍സരങ്ങളില്‍ നിന്ന് 586 റണ്‍സാണ് റായിഡു ഈ സീസണില്‍ അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 15 മല്‍സരങ്ങളില്‍ നിന്ന് 455 റണ്‍സുമായി എം എസ് ധോണിയാണ് ചെന്നൈയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്. ബൗളിങില്‍ ദീപക് ചാഹര്‍, ലൂങ്കി എന്‍ഗിഡി, ശര്‍ദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാവും ചെന്നൈയ്‌ക്കൊപ്പമുണ്ടാവുക. 15 വിക്കറ്റുകള്‍ വീഴ്ത്തിയ ശര്‍ദുല്‍ ഠാക്കൂറാണ് ചെന്നൈയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. സ്പിന്‍ കെണിയൊരുക്കാന്‍ രവീന്ദ്ര ജഡേജയും പരിചയ സമ്പന്നനായ ഹര്‍ഭജന്‍ സിങും ചെന്നൈക്കൊപ്പമുണ്ട്.

ഉദിച്ചുയരാന്‍ ഹൈദരാബാദ്

ബൗളിങ് കരുത്ത് വജ്രായുധമാക്കിയാണ് ഹൈദരാബാദ് ഐപിഎല്ലിന്റെ ഫൈനലില്‍ സീറ്റുറപ്പിച്ചത്. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ എന്നിവരടങ്ങുന്ന ഫാസ്റ്റ് ബൗളിങ് നിരയ്‌ക്കൊപ്പം റാഷിദ് ഖാന്‍ എന്ന സ്പിന്‍ വിസ്മയവും ഹൈദരാബാദിന്റെ കരുത്താണ്. ഷക്കീബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് പ്രകടനവും ഹൈദരാബാദിന് പ്രതീക്ഷ നല്‍കുന്നതാണ്.പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിനെത്തിയ ഹൈദരാബാദ് ആദ്യ പ്ലേ ഓഫില്‍ ചെന്നൈയെ നന്നായി വിറപ്പിച്ച ശേഷമാണ് തോല്‍വി സമ്മതിച്ചത്. സ്ഥിരതയില്ലാത്ത ബാറ്റിങ് നിരയാണ് ഹൈദരാബാദിന്റെ ഏറ്റവും വലിയ ശാപം. ശിഖര്‍ ധവാന്‍, യൂസഫ് പഠാന്‍, വൃധിമാന്‍ സാഹ, ദീപക് ഹൂഡ, മനീഷ് പാണ്ഡെ തുടങ്ങിയ മികച്ച താരങ്ങള്‍ ടീമിനൊപ്പമുണ്ടെങ്കിലും സ്ഥിരതയോടെ ബാറ്റുവീശാന്‍ കഴിയുന്നില്ല.  നായകന്‍ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങാണ് ടീമിന്റെ നട്ടെല്ല്. 16 മല്‍സരങ്ങളില്‍നിന്ന് 688 റണ്‍സാണ് വില്യംസണിന്റെ സമ്പാദ്യം. ബൗളിങില്‍ 16 മല്‍സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളാണ് റാഷിദ് ഖാന്‍ ഈ സീസണില്‍ വീഴ്ത്തിയത്. 21 വിക്കറ്റുകള്‍ തന്നെ സിദ്ധാര്‍ഥ് കൗളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. എന്തായാലും ചെന്നൈയുടെ ബാറ്റിങ് കരുത്തും ഹൈദരാബാദിന്റെ ബൗളിങ് കരുത്തും തമ്മിലുള്ള പോരാട്ടത്തിനാവും ഫൈനല്‍ മല്‍സരം സാക്ഷ്യം വഹിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss