|    Feb 25 Sat, 2017 10:34 am
FLASH NEWS

തലയേക്കാള്‍ വലുതായ വാലുകള്‍

Published : 1st June 2016 | Posted By: G.A.G

BENGAL-CPM-CONGRESSനിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ സിപിഎം ഘടകം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ചങ്ങാത്തം തിരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന ആദ്യ പോളിറ്റ്ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നു. സ്വാഭാവികമാണ്; ഒരു പാട് IMTHIHAN-SLUG-smallകഷ്ടനഷ്ടങ്ങള്‍ സഹിച്ച് സിപിഎമ്മിനെപ്പോലുളള ഒരു പാര്‍ട്ടിനാളിതുവരെ കാത്തു സൂക്ഷിച്ച വര്‍ഗശുദ്ധിയാണല്ലോ ഒരൊറ്റ തിരഞ്ഞെടുപ്പിലൂടെ ബംഗാള്‍ ഘടകം കളഞ്ഞു കുളിച്ചത്.
തിരഞ്ഞെടുപ്പിനു മുമ്പ്  ‘ബംഗാള്‍ കടുവ’ മമതാ ബാനര്‍ജിയുടെ മുമ്പില്‍ ഒറ്റക്കു പെട്ടാല്‍ എല്ലു പോലും പെറുക്കാന്‍ കിട്ടില്ലെന്നു പറഞ്ഞു കരഞ്ഞു വിളിച്ചപ്പോള്‍ കൃത്യമായ അകലം പാലിച്ചു കൊണ്ട് കോണ്‍ഗ്രസിനൊപ്പം നടന്നു കൊളളാന്‍ കേന്ദ്രം അനുവദിച്ചിരുന്നുവെന്നത് നേര്. എന്നു കരുതി കുടുംബത്തിനെ മാനം കെടുത്താന്‍ നടുറോട്ടില്‍ വെച്ച് ചുബനസമരക്കാരെപ്പോലെ കെട്ടിപ്പിടിക്കലും ഇടകലര്‍ന്ന് റാലി നടത്തലും അരിവാള്‍ കൈപ്പത്തി ചിഹ്നം വരയും ഉണ്ടാകുമെന്ന് ഒട്ടും നിരീച്ചതല്ല.

ഒക്കെ സഹിക്കാം,  അന്തസായി തോറ്റും വന്നിരിക്കുന്നു. കയ്യിലിരുന്ന മാനം പോയിക്കിട്ടിയതു മിച്ചം.
പക്ഷേ പിബിയിലെ ത്വാതികാചാര്യന്‍മാരുടെ കലിതുളളലുകളോ കുത്തുവാക്കുകളോ ബംഗാള്‍ സഖാക്കള്‍ക്ക് ഏശിയിട്ടേയില്ല. എന്നു മാത്രമല്ല കോണ്‍ഗ്രസുമായി കൂട്ടു കൂടിയ തങ്ങളുടെ പ്രവൃത്തി കേന്ദ്രത്തിനു പിടിച്ചിട്ടില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിടാന്‍ വെല്ലുവിളിക്കുക കൂടി ചെയ്തിരിക്കുന്നു അവര്‍.

അവിടെയും നിര്‍ത്തിയില്ല; ഡല്‍ഹിയിലിരുന്ന് വാചകമടിക്കുന്നതിലര്‍ത്ഥമില്ലെന്നും ബംഗാളിലെ സ്ഥിതിഗതികള്‍ നേരിട്ടു മനസിലാക്കാന്‍ പിബി അംഗങ്ങളോട് അടുത്ത സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കാന്‍ കഷണിക്കുക കൂടി ചെയ്തിരിക്കുന്നു അവര്‍. കൂടാതെ കോണ്‍ഗ്രസുമായി കൂടിയതു കൊണ്ട് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും സിപിഎമ്മിന് മറ്റു സംസ്ഥാനങ്ങളില്‍ മൊത്തത്തില്‍ ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് തങ്ങള്‍ക്കു ലഭിച്ചതായി കണക്കുകള്‍ നിരത്തി അവര്‍ സ്ഥാപിക്കുകയും ചെയ്തു.

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയതിലൂടെ പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അടവു നയം ലംഘിച്ച ബംഗാള്‍ ഘടകം അതിന് ഉത്തരം പറയേണ്ടി വരുമെന്നൊക്കെയായിരുന്നു തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നയുടനെ കോണ്‍ഗ്രസ് ചങ്ങാത്തത്തെ എതിര്‍ത്തിരുന്ന പ്രകാശ് കാരാട്ടും കൂട്ടരും പ്രതികരിച്ചിരുന്നത്. എന്നാല്‍ ബംഗാള്‍ ഘടകത്തിന്റെ പ്രതികരണം കേട്ടതോടെ സിപിഎമ്മിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സ്ഥിരം അച്ചടക്ക നടപടികളിലേക്കൊന്നും കടക്കാന്‍ ധൈര്യപ്പെടാതെ ബംഗാള്‍ ഘടകത്തിന്റെ നടപടി കേന്ദ്ര കമ്മറ്റി എടുത്ത തീരുമാനവുമായി ഒത്തുപോയില്ലെന്ന ഒരു പ്രസ്താവനയില്‍ പിബി വിഷയം ഒതുക്കി.

ഏറെയൊന്നും വ്യത്യസ്തമല്ല  കോണ്‍ഗ്രസിലെയും അവസ്ഥ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ പരാജയം ഏറ്റു വാങ്ങിയിട്ടും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ എഐസിസി നേതൃത്വത്തിനെ കാത്തിരുന്നില്ല ചാണ്ടിയും ചെന്നിത്തലയും. എഐസിസി പ്രതിനിധി എത്തുമ്പോഴേക്ക് കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെട്ടിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പ്രഖ്യാപിക്കുന്ന ജോലി മാത്രമേ എഐസിസി പ്രതിനിധിക്കുണ്ടായിരുന്നുളളൂ. കോണ്‍ഗ്രസിനെപ്പോലെ ശക്തമായ വ്യക്തി കേന്ദ്രീകൃത ഹൈക്കമാന്റ് സംസ്‌കാരം നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് അചിന്ത്യമായ ഒന്നായിരുന്നു ഇത്. നേരത്തേ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയത്തിലും ഉമ്മന്‍ ചാണ്ടിക്കു മുമ്പില്‍ ഹൈക്കമ്മാന്റ് വഴങ്ങേണ്ടി വന്നതും നാം കണ്ടതാണ്.

സിപിഎമ്മും കോണ്‍ഗ്രസും അനുഭവിക്കുന്ന പ്രശ്‌നത്തിന്റെ മര്‍മ്മം ഒന്നാണ്. പേരിന് രണ്ടു പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളാണെങ്കിലും അവയുടെ സ്വാധീനം  വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലേക്കു ചുരുങ്ങിയിരിക്കുന്നു. സിപിഎമ്മിന് ഒറ്റ അംഗം പോലുമില്ലാത്ത സംസ്ഥാനങ്ങള്‍ ഒത്തിരിയാണ്. കോണ്‍ഗ്രസും അതിവേഗം അതേ അവസ്ഥയിലേക്കു നീങ്ങികൊണ്ടിരിക്കുന്നു. അതിനാല്‍ പാര്‍ട്ടിക്ക് അല്‍പമെങ്കിലും പച്ചപ്പുളള സംസ്ഥാന കമ്മറ്റികള്‍ക്ക് കേന്ദ്ര നേതൃത്വങ്ങളെ അനുസരിക്കേണ്ടതില്ലാത്ത അവസ്ഥ. അഥവാ കേന്ദ്ര നേതൃത്വങ്ങള്‍ക്ക് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥ. മാത്രമല്ല എഐസിസി നേതൃത്വത്തോട് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രൂപീകരിച്ച് എഐസിസിയെ മുട്ടുകുത്തിച്ച തൃണമൂലാദികളെ അവര്‍ തൊട്ടപ്പുറത്ത് കാണുകയും ചെയ്യുന്നു. ചുരുക്കത്തില്‍ തലയിരിക്കുമ്പോള്‍ വാലാടേണ്ടതില്ലെന്നു തലയേക്കാള്‍ വളര്‍ന്ന വാലുകളോട് പറയാനാവാത്ത അവസ്ഥ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,506 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക