|    Nov 18 Sun, 2018 9:50 am
FLASH NEWS

തലയാഴം, കല്ലറ ഗ്രാമപ്പഞ്ചായത്തുകളില്‍ എണ്ണപ്പന കൃഷിയില്‍ വിജയഗാഥ

Published : 16th June 2017 | Posted By: fsq

 

വൈക്കം: നെല്ലിന്റെയും നാളികേരത്തിന്റെയും പെരുമയില്‍ നിറഞ്ഞാടുന്ന തലയാഴം, കല്ലറ ഗ്രാമപ്പഞ്ചായത്തുകള്‍ എണ്ണപ്പന കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ്. നൂറുകണക്കിനു കര്‍ഷകരാണു കൃഷിയിലൂടെ നേട്ടം കൊയ്യുന്നത്. ആരംഭത്തില്‍ പലരും ഇതിനോട് മുഖംതിരിഞ്ഞു നിന്നെങ്കിലും അവരെല്ലാം ഏറെ ആവേശത്തോടെ ഇപ്പോള്‍ കൃഷിയില്‍ സജീവമാണ്. വൈക്കം സ്വദേശിയായ കൊല്ലേരില്‍ ബാലകൃഷ്ണന്‍ (93) 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലറ പഞ്ചായത്തിലെ മുണ്ടാറിലുള്ള പാടശേഖരത്തിന്റെ ചിറയിലാണ് എണ്ണപ്പന കൃഷിക്കു തുടക്കമിടുന്നത്. ആരംഭത്തില്‍ മൂന്നേക്കറിലായിരുന്നു കൃഷി. പിന്നീടിത് പതിനഞ്ച് ഏക്കറിലേക്കു വ്യാപിപ്പിച്ചു. മൂന്നു വര്‍ഷം കൊണ്ട് വിളവെടുപ്പ് ലഭിച്ചതോടെ വരുമാനലഭ്യതയില്‍ ബാലകൃഷ്ണന്‍ പോലും അന്തംവിട്ടു. ഇതുസമീപത്തുള്ള കര്‍ഷകരോടെല്ലാം വിവരിച്ചതോടെ പലരും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി തുടങ്ങി. നടത്തിയവര്‍ക്കെല്ലാം ലാഭത്തിന്റെ കണക്ക് മാത്രമാണ് പറയാനുള്ളത്. ഇപ്പോള്‍ വരുമാനത്തിന്റെ ലാഭവിഹിതത്തില്‍ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് പാംഓയില്‍ ഇറക്കുമതി തകൃതിയായതോടെയാണ് എണ്ണപ്പന കര്‍ഷകര്‍ക്കു തിരിച്ചടി ഉണ്ടായത്. ഇതിനു മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. കല്ലറ പഞ്ചായത്തിലെ കളമ്പുകാട്, ഓയില്‍പാം ഇന്ത്യയുടെ നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിച്ച് 50ല്‍ അധികം കര്‍ഷകര്‍ എണ്ണപ്പന കൃഷി നടത്തുന്നുണ്ട്. വിളവെടുക്കുന്ന എണ്ണപ്പന കുലകള്‍ക്ക് ഒരു കിലോയ്ക്ക് ആറു രൂപ വച്ച് വില ലഭിക്കുന്നു. പുനലൂരിനടുത്തുള്ള ഭാരതീപുരത്താണ് വിളവെടുക്കുന്ന കുരുക്കള്‍ എത്തിക്കുന്നത്. ഒരു കിലോയ്ക്ക് 90 പൈസ നിരക്കില്‍ കര്‍ഷകര്‍ക്ക് യാത്രാക്കൂലിയും ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. വിളവെടുക്കുന്ന കുരുക്കളില്‍ നിന്ന് രണ്ടുതരത്തിലാണ് എണ്ണ എടുക്കുന്നത്. പുറത്തുള്ള തൊണ്ടില്‍ നിന്ന് പാംഓയിലും കുരുക്കളില്‍ നിന്ന് കെര്‍ണല്‍ ഓയിലുമാണ് ലഭിക്കുന്നത്. കുരുക്കളുടെ നിറത്തിനാണ് വില. വിളവെടുപ്പിനു പാകമായി നില്‍ക്കുന്ന എണ്ണപ്പന കുലകളുടെ സൗന്ദര്യം ആരെയും അതിശയിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഇതിന്റെ വിളവെടുപ്പ് സമയമാണ്. മുണ്ടാറിലെയും കല്ലറയിലെയും താഴ്ന്ന പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുമ്പോള്‍ ഇവിടെയെല്ലാം പിടിച്ചുനില്‍ക്കുന്ന ഏകകൃഷിയാണ് എണ്ണപ്പന. മൂന്നു മാസത്തോളം വെള്ളത്തില്‍ നിന്നാലും എണ്ണപ്പനകള്‍ക്ക് ഒരു കേടും സംഭവിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പാടശേഖരങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന ബണ്ടുകളിലാണ് എണ്ണപ്പനകള്‍ അധികവും നില്‍ക്കുന്നത്. ഇത് ബണ്ടുകളുടെ കെട്ടുറപ്പിനു വലിയ സഹായമാണ് നല്‍കുന്നത്. എണ്ണപ്പന കൃഷി ആരംഭിച്ച വേളയില്‍ വ്യാപകമായി ഇതിനെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. പാടശേഖരങ്ങളിലെ വെള്ളം ഊറ്റിയെടുക്കുമെന്നായിരുന്നു പ്രധാന പരാതി. ആദ്യം പലരും ഇതില്‍ പകച്ചു നിന്നെങ്കിലും വലിയ രീതിയിലുള്ള തിരിച്ചടികളൊന്നും പാടശേഖരങ്ങളില്‍ ഉണ്ടായില്ല. അതുപോലെ തന്നെ എണ്ണപ്പന തോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പുകള്‍ കൂടൊരുക്കുമെന്നും പ്രചാരണം അഴിച്ചുവിട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss