|    Sep 26 Wed, 2018 8:26 pm
FLASH NEWS

തലത്തൂതക്കാവ് പാലം ഇപ്പോഴും കടലാസില്‍

Published : 19th January 2017 | Posted By: fsq

 

പാലോട്: നാലുപേരുടെ മരണത്തിനിടയാക്കിയ തലത്തൂതക്കാവ് ആറിനു കുറുകേ പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് മൂന്നുപതിറ്റാണ്ടായിട്ടും പരിഹാരമായില്ല. പണം അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണിതുടങ്ങാന്‍ ഇതുവരെ അധിക്യതര്‍ക്കായിട്ടില്ല. ഇതിനിടെ സര്‍ക്കാരുകള്‍ പലതും മാറി മാറിവന്നു. പാലത്തിന് കോടികള്‍ അനുവദിക്കുകയും ചെയ്തു.  തലത്തൂതക്കാവ് സ്‌ക്കൂളില്‍ കുരുന്നുകളെത്തുന്നത് ഇപ്പോഴും നിറഞ്ഞൊഴുകുന്ന ആറുമറികടന്നാണ്.  പാലത്തിന്റെ നിര്‍മാണം തുടങ്ങാനുള്ള അവസാന വട്ട തീരുമാനങ്ങള്‍ വന്നപ്പോള്‍ രണ്ടു പ്രദേശങ്ങള്‍ തമ്മിലുണ്ടായ ചില തര്‍ക്കങ്ങളാണ് പാലം പണി അനന്തമായി നീളാന്‍ ഇടയാക്കിയത്. മുമ്പ് ആനപ്പാറയേയും തലത്തൂതക്കാവിനേയും ബന്ധിപ്പിക്കാന്‍ ഒരു തൂക്കുപാലം ഉണ്ടായിരുന്നു. 1992.ല്‍ തൂക്കുപാലം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. ഈ സ്ഥലത്താണ് പുതിയ പാലത്തിനു വേണ്ടി തറക്കല്ലിട്ടത്. പട്ടിക വര്‍ഗ്ഗ വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുകള്‍ ഏകോപിപ്പിച്ച് 1.98കോടി ചെലവിട്ടാണ് അന്തരിച്ച ജി കാര്‍ത്തികേയന്‍ ഇവിടെ പാലത്തിന് തറക്കല്ലിട്ടത്. സര്‍വ്വേ, സ്ഥലം ഏറ്റെടുപ്പ്, മണ്ണു പരിശോധന എന്നീ നടപടികളെല്ലാം പൂര്‍ത്തീകരിച്ചു. പൈലിങ് തുടങ്ങാറായപ്പോഴേക്കും പാലം ആറ്റുമണ്‍പുറത്താണ് വേണ്ടതെന്ന ആവശ്യം ഉയര്‍ന്നു. ഇവിടെ പാലം വേണമെന്ന ആവശ്യവുമായി സ്ഥലവാസികള്‍ ലോകയുക്തയെ വരെ സമീപിച്ചു. ഇതിനിടെ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ഇതോടെ പാലം പണി തര്‍ക്കങ്ങളില്‍പ്പെട്ട് നിലച്ചു. ആനപ്പാറ റോഡില്‍നിന്നും തലത്തൂതക്കാവ് വഴി ഏറ്റവും പെട്ടെന്ന് പെരിങ്ങമ്മല റോഡിലെത്താനും ഇരുപഞ്ചായത്തുകളേയും ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് തലത്തൂതക്കാവില്‍ പാലം പണി തുടങ്ങിയത്. നെട്ടയം, ചെമ്പിക്കുന്ന്, മണലി, കല്ലന്‍കുടി, അല്ലത്താര, കൊമ്പ്രാന്‍കല്ല്, കാരടി, പെരുമ്പാറയടി, കൊന്നമരുതുംമൂട്, തണ്ണിപ്പെട്ടി, മുരിക്കിന്‍കാല തുടങ്ങിയ ആദിവാസി ഊരുകളുടെ സമഗ്രവികസനവും പാലത്തിന്റെ വരവിലൂടെ ലക്ഷ്യമിട്ടിരുന്നു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പാലോട് റോഡില്‍നിന്നും തലത്തൂതകാവ് വഴി പൊന്മുടിയിലെത്താന്‍ ഏതാണ്ട് പത്ത് കിലോമീറ്റര്‍ ലാഭിക്കാം. ടൂറിസം രംഗത്തെ വികസനത്തിനും ഇത് കാരണമാകും. നിലവില്‍ സ്‌ക്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നാട്ടുകാര്‍ ആറിറങ്ങിക്കയറിയാണ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്. ആറ്റിലെ കുത്തൊഴുക്കില്‍ പെട്ട് ഇതിനകം നാലുപേരാണ് മരണത്തിനു കീഴടങ്ങിയത്. ഏറ്റവും ഒടുവിലത്തെയാള്‍ ഷാജിരാജന്‍ എന്ന ആദിവാസി യുവാവ് ആയിരുന്നു. പാലത്തിന്റെ കാര്യത്തില്‍ സ്ഥലം എംഎല്‍എയും പ്രദേശിക നേതൃത്വവും ഇടപെടണമെന്നും പാലത്തിന്റെ പണി ഉടന്‍ തുടങ്ങണമെന്നും ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ആദിവാസികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss