|    Oct 21 Sun, 2018 1:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തലച്ചോറില്‍ ശസ്ത്രക്രിയക്കിടെ കംപ്യൂട്ടര്‍ ഗെയിം കളിച്ച് ബാലിക

Published : 12th September 2017 | Posted By: fsq

 

ചെന്നൈ: ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ മര്‍മപ്രധാന ഭാഗത്തെ മുഴ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുമ്പോള്‍ 10 വയസ്സുകാരി നന്ദിനി തന്റെ ഇഷ്ടവിനോദമായ കാന്‍ഡിക്രഷ് കളിയിലായിരുന്നു. ഉണര്‍ന്നിരുന്ന്, കളിതമാശകള്‍ പറഞ്ഞ്, കൈകാലുകള്‍ ചലിപ്പിച്ച് ശസ്ത്രക്രിയ ശരിയായ പാതയിലാണെന്ന് അവള്‍ ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലെ സിംസ് ആശുപത്രിയിലാണ് ഭരതനാട്യ നര്‍ത്തകിയായ 10 വയസ്സുകാരിക്ക് ഈ അത്യപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. പൊടുന്നനെ മോഹാലസ്യപ്പെട്ട് വീണ നന്ദിനിയുടെ തലച്ചോറില്‍ മുഴയുണ്ടെന്ന് വിദഗ്ധ പരിശോധനയിലാണു കണ്ടെത്തിയത്. ശരീരത്തിന്റെ ഇടതുഭാഗത്തെയും മുഖത്തെയും കൈകാലുകളെയും നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രധാനഭാഗത്തായിരുന്നു സാമാന്യം വലിയ മുഴ.  ഉടന്‍ നീക്കംചെയ്തില്ലെങ്കില്‍ പക്ഷാഘാതമോ ജീവാപായമോ സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത്. സാധാരണഗതിയില്‍ രോഗിയെ ബോധം കെടുത്തി ക്രിനിയോട്ടമി എന്നു വിളിക്കുന്ന തലയോട്ടിയിലെ അസ്ഥിയുടെ ഒരുഭാഗം നീക്കം ചെയ്താണ് ഇത്തരം ശസ്ത്രക്രിയ നടത്താറ്. എന്നാല്‍, ശരീരത്തിന്റെ ഇടതുഭാഗത്തെയും കൈകാലുകളുടെയും ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ മര്‍മപ്രധാന ഭാഗത്തെ ശസ്ത്രക്രിയ അബോധാവസ്ഥയില്‍ നടത്തുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അതിനാലാണ് ബോധാവസ്ഥയില്‍ ശസ്ത്രക്രിയ നടത്താന്‍ സിംസ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. രൂപേഷ് കുമാര്‍ തീരുമാനിച്ചത്. പാരമ്പര്യവഴിയില്‍ മുഴ നീക്കം ചെയ്യാന്‍ ആഗ്രഹിച്ചില്ല. തലച്ചോറിലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഭാഗത്തായിരുന്നു മുഴ. അബദ്ധത്തില്‍ തെറ്റായ ഞരമ്പില്‍ സ്പര്‍ശിച്ചാല്‍ ശരീരത്തിന്റെ ഇടതുഭാഗം പൂര്‍ണമായും തളര്‍ന്നുപോവാന്‍ കാരണമായേക്കാമെന്ന് ഡോ. രൂപേഷ് കുമാര്‍ വ്യക്തമാക്കി. അതിനാല്‍ രോഗിയെ സ്വബോധത്തോടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ രോഗികളില്‍ കേവലം രണ്ടു ശതമാനം മാത്രമാണ് ബോധാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. അതും മുതിര്‍ന്നവരില്‍. തുടക്കത്തില്‍ ഈ ശസ്ത്രക്രിയയോട് നന്ദിനിയുടെ മാതാപിതാക്കള്‍ വിയോജിപ്പു പ്രകടിപ്പിച്ചു. പുതുച്ചേരിയിലെ ബന്ധുവിന്റെ സഹായത്തോടെയാണ് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.തുടര്‍ന്നാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയാനന്തര പ്രശ്‌നങ്ങളെക്കുറിച്ച് കുടുംബാംഗങ്ങള്‍ ഏറെ ആശങ്കയിലായിരുന്നുവെങ്കിലും ഇത്തരം ശസ്ത്രക്രിയ കുട്ടികളില്‍ ഏറെ സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss