|    Oct 23 Mon, 2017 6:30 am

തലചായ്ക്കാന്‍ ഒരു വീടില്ല; വിധവയും രണ്ട് പെണ്‍മക്കളും ദുരിതത്തില്‍

Published : 6th October 2017 | Posted By: fsq

 

അമ്പലപ്പുഴ: രണ്ട് പെണ്‍മക്കള്‍ക്കൊപ്പം വീടില്ലാതെ ദുരിതമനുഭവിക്കുന്ന വിധവയുടെ ജീവിതം നാടിന് നൊമ്പരമാവുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് കോമന തെക്കുംമുറിയില്‍ ലിജ (38) യും കുടുംബവുമാണ് തല ചായ്ക്കാന്‍ ഇടമില്ലാതെ കഴിയുന്നത്. മല്‍സ്യതൊഴിലാളിയായിരുന്ന ഭര്‍ത്താവ് ലാലു എട്ട് മാസം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നര സെന്റ് ഭൂമിയില്‍ വാസയോഗ്യമല്ലാത്ത വീടായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടയില്‍ ലാലു ആധാരം പണയപ്പെടുത്തി മല്‍സ്യഫെഡില്‍ നിന്ന് 2 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ചിരുന്നു. ആദ്യ ഗഡുവായി 50000 രൂപ ലഭിച്ചു. ഇത് മാതാവ് കമലമ്മയുടെ കാന്‍സര്‍ ചികില്‍സക്കായി ചെലവിട്ടു. കമലമ്മ മരണമടയുകയും ചെയ്തു. ഇതോടെ സാമ്പത്തിക ബാധ്യതയിലായ ലാലു ആത്മഹത്യ ചെയ്യുകയായിരുന്നു. വീടുവയ്ക്കാനായി താമസിച്ചിരുന്ന കൂര പൊളിച്ച് ഷെഡ് നിര്‍മിച്ചിരുന്നു. ഇതും നിലവില്‍ വാസയോഗ്യമല്ലാതായി. മല്‍സ്യഫെഡില്‍ നിന്നെടുത്ത വായ്പയുടെ പലിശ പോലും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്ലസ്ടുവിന് ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെ വിജയിച്ച അനില തുടര്‍പഠനം നടത്താതെ കുടുംബ പ്രാരാബ്ധം മൂലം ഇപ്പോള്‍ അമ്പലപ്പുഴയിലെ ഒരു വസ്ത്രവ്യാപാരശാലയില്‍ ജോലി ചെയ്യുകയാണ്. ഇളയ മകള്‍ ലാവണ്യ 10ാം ക്ലാസിലും പഠിക്കുന്നു.  കുടുംബത്തിനാശ്രയം ഭര്‍ത്താവിന്റെ കുടുംബ വീടാണ്. ലീജ ചെമ്മീന്‍ പൊളിച്ചു കിട്ടുന്ന വരുമാനമാണ് കുടുംബത്തിനാശ്വാസം. മല്‍സ്യബന്ധനത്തിനിടെ മരണപ്പെട്ടാല്‍ മാത്രമേ ക്ഷേമനിധി ആനുകൂല്യവും മറ്റ് സഹായങ്ങളും ലഭിക്കൂ. ആത്മഹത്യ ആയതിനാല്‍ ഈ ആനുകൂല്യവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എടുത്ത വായ്പ എഴുതിതള്ളണമെന്നും വീട് നിര്‍മാണത്തിന് സഹായം തേടിയും ലീജ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ലീജയേയും കുടുംബത്തേയും സഹായിക്കാന്‍  ഇന്ത്യന്‍ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 6523 084348 ഐഎഫ്‌സി കോഡ് ഐഡിഐബി 000 എ 177. എന്ന അക്കൗണ്ട് നമ്പര്‍ ആരംഭിച്ചിട്ടുണ്ട്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക