|    Nov 14 Wed, 2018 6:19 am
FLASH NEWS

തലചായ്ക്കാനിടം തേടി ഷിജോ കോടതിയിലേക്ക്

Published : 4th August 2018 | Posted By: kasim kzm

പെരുമ്പാവൂര്‍: അപകടത്തില്‍ സകലതും നഷ്ടപ്പെട്ട് മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ചേലാമറ്റം കിഴക്കുംതല ഷിജോയും കുടുബവും നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. ചേലാമറ്റം കാരിക്കോട് ഭാഗത്ത് രണ്ടാഴ്ച്ച മുന്‍പ് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിലാണു ഷിജോയുടെ വീട് തകരുന്നത്.
നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സ് ഇടിച്ച് കയറി വീട് പൂര്‍ണമായി തകര്‍ന്നു. ഉറക്കത്തിലായിരുന്ന ഷിജോയും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രണ്ട് മുറികളും അടുക്കളയുമുള്ള ഓട് മേഞ്ഞ ചെറിയ വീടിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും അപകടത്തെ തുടര്‍ന്ന് തകര്‍ന്നു.
വീട് തകര്‍ന്നതോടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ഭാര്യയും പ്രായം ചെന്ന രോഗിയായ മാതാവുമായി പെരുമഴത്ത് പെരുവഴിയിലേക്ക് ഇറങ്ങുമ്പോള്‍ എന്ത് ചെയ്യണമെന്ന് യാതൊരു നിശ്ചയവുമില്ലായിരുന്നു.
നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന ബൈബിള്‍ വാക്യം അന്വര്‍ഥമാക്കി, അയല്‍വാസിയായ പാപ്പു ചേട്ടന്റെ കുടുംബം കൈതാങ്ങായി.
തല്‍ക്കാലത്തേക്ക് കിടക്കാന്‍ ഇടവും മറ്റു സഹായങ്ങളും ആ കുടുംബം നല്‍കി. ഒപ്പം പഞ്ചായത്ത് മെംബര്‍ മിനി സാജനും നല്ലവരായ നാട്ടുകാരും സകല സഹായങ്ങളും നല്‍കുകയുണ്ടായി.
അമ്മയുടെ പേരില്‍ കുടികിടപ്പവകാശമായി ലഭിച്ച നാല് സെന്റ് സ്ഥലത്ത് ഓട് മേഞ്ഞ കൊച്ചു കൂര ഇരുന്ന സ്ഥാനത്ത് പൊട്ടിയ ഓടിന്‍ കഷ്ണങ്ങളും തകര്‍ന്ന ചെങ്കല്ലുകളും മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഡ്രൈവറായ ഷിജോക്ക് കിട്ടുന്നതിന്റെ പകുതി അമ്മയ്ക്ക് മരുന്നിന് പോലും തികയില്ല. അങ്ങനെയുള്ള തനിക്ക് വീടെന്നത് സങ്കല്‍പ്പം മാത്രമാണ്.
കാരണം കേസ് സര്‍ക്കാരുമായിട്ടാണ്. അത് കൊണ്ട് കോടതിയില്‍ നിന്നും ഈ ജന്മം വിധിയുണ്ടാവുമെന്ന് കരുതുന്നില്ല. ആകെയുള്ള പ്രതീക്ഷ വെയിലും മഴയും കൊള്ളാതെ കയറി കിടക്കാന്‍ ഒരിടം വേണം എന്നത് മാത്രമാണ്. അതിന് സുമനസ്സുകളുടെ കനിവൂണ്ടാവണേ എന്ന പ്രാര്‍ഥന മാത്രം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss