|    Jan 23 Mon, 2017 8:03 am
FLASH NEWS

തര്‍ക്കത്തിനൊടുവില്‍ പട്ടിക വന്നപ്പോള്‍ സീറ്റുറപ്പിച്ച പലരും പുറത്ത്

Published : 6th April 2016 | Posted By: SMR

തിരുവനന്തപുരം: തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചപ്പോള്‍ സീറ്റുറപ്പിച്ച പലരും പുറത്തായി. സിറ്റിങ് എംഎല്‍എമാരില്‍ ബെന്നി ബഹ്‌നാനെ വെട്ടിയതിനു പിന്നാലെ മല്‍സരിക്കാന്‍ കച്ചകെട്ടിയിരുന്ന പോഷകസംഘടനാ നേതാക്കളും തഴയപ്പെട്ടു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവര്‍ക്കൊന്നും സീറ്റ് ലഭിച്ചില്ല. സുധീരന്‍ പക്ഷത്ത് നില്‍ക്കുന്ന കെ പി അനില്‍കുമാര്‍, ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല.
അതേസമയം, കെഎസ്‌യു പ്രസിഡന്റ് വി എസ് ജോയിയെ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെ നേരിടാന്‍ നിയോഗിച്ചതില്‍ കെഎസ്‌യു പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്. തര്‍ക്കവും സ്ഥാനാര്‍ഥിനിര്‍ണയവുമെല്ലാം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റത്തിനു വഴിതുറക്കുകയാണ്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ബിന്ദു കൃഷ്ണയുടെ പേര് പല മണ്ഡലങ്ങളിലേക്കും നിര്‍ദേശിക്കപ്പെട്ടിരുന്നു. അവസാനം കൊല്ലം ഉറപ്പിച്ചെങ്കിലും തോപ്പില്‍ രവിയുടെ മകനും ഡിസിസി വൈസ് പ്രസിഡന്റുമായ സൂരജ് രവിക്കായി വി എം സുധീരന്‍ നിലകൊണ്ടതോടെ ബിന്ദു കൃഷ്ണ പുറത്തായി.
ദേവികുളം മണ്ഡലത്തിലേക്ക് ഡീന്‍ കുര്യാക്കോസിന്റെ പേര് മാത്രമാണു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പ്രതാപന്‍ സീറ്റ് ചോദിച്ചുവാങ്ങിയെന്ന വിവാദത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ വന്നതോടെ ഡീനും പുറത്തായി. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയും ഇദ്ദേഹത്തിന് നഷ്ടപ്പെട്ടേക്കും. കൊല്ലം ജില്ലയില്‍ സീറ്റ് വേണമെന്നായിരുന്നു ഐഎന്‍ടിയുസി അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ചന്ദ്രശേഖരന് മാത്രമല്ല, ഐഎന്‍ടിയുസിയുടെ നേതാക്കളിലാര്‍ക്കും സീറ്റ് ലഭിച്ചില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരേ പ്രവര്‍ത്തിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ ഭീഷണി.
ഷാനിമോള്‍ ഉസ്മാനും സീറ്റ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. ഷാനിമോള്‍ക്ക് സീറ്റ് ലഭിച്ചാല്‍ ഭീഷണിയാവുമെന്ന വിലയിരുത്തലില്‍ ഗ്രൂപ്പുകള്‍ നടത്തിയ നീക്കത്തില്‍ ഈ സീറ്റ് ജെഡിയുവിന് നല്‍കി. ഡിസിസി പ്രസിഡന്റുമാരില്‍ സ്ഥാനാര്‍ഥിത്വം കാത്തിരുന്നവരായിരുന്നു കോഴിക്കോട്ടെ കെ സി അബുവും കോട്ടയത്തെ ടോമി കല്ലാനിയും പത്തനംതിട്ടയിലെ പി മോഹന്‍രാജും.
കോഴിക്കോട് ജില്ലയിലെ പല മണ്ഡലങ്ങളിലേക്കും അബുവിന്റെ പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും ഒരിടത്തും സീറ്റ് ലഭിച്ചില്ല. പൂഞ്ഞാര്‍ സീറ്റ് കെ എം മാണിക്കുതന്നെ നല്‍കാന്‍ തീരുമാനിച്ചതാണ് ടോമി കല്ലാനിക്ക് വിനയായത്. മോഹന്‍രാജിനെ കോന്നിയിലേക്കാണു പരിഗണിച്ചിരുന്നത്. അടൂര്‍ പ്രകാശിനെ നീക്കാന്‍ വി എം സുധീരന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ മോഹന്‍രാജിന്റെ സീറ്റ് മോഹവും അവസാനിച്ചു. കൊയിലാണ്ടി സീറ്റിലേക്ക് പരിഗണിച്ച കെപിസിസി സെക്രട്ടറി കെ പി അനില്‍കുമാറിനെയും അവസാന നിമിഷം വെട്ടി. അതേസമയം, സ്ഥാനാര്‍ഥിനിര്‍ണയത്തിലെ തര്‍ക്കം ഗ്രൂപ്പുമാറ്റത്തിലേക്കും വഴിതുറന്നിട്ടുണ്ട്. അടൂര്‍ പ്രകാശ് ഐയില്‍ നിന്ന് എ ഗ്രൂപ്പിലേക്ക് മാറിയെന്നാണു സൂചന. മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടില്‍ കോന്നിയിലെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെയാണ് അടൂര്‍ പ്രകാശ് എയിലെത്തിയത്. മണ്ഡലത്തിലെ പ്രകാശ് അനുയായികളും ചേരി മാറി. തൃക്കാക്കരയില്‍ പി ടി തോമസ് സ്ഥാനാര്‍ഥിയായതോടെ അദ്ദേഹവുമായി എ ഗ്രൂപ്പ് അകന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക