|    Jul 18 Wed, 2018 10:32 am
FLASH NEWS
Home   >  Pravasi  >  Gulf  >  

തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രി

Published : 25th August 2016 | Posted By: SMR

ദോഹ: അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനാണ് ഖത്തര്‍ താല്‍പര്യപ്പെടുന്നതെന്ന് വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ആല്‍ഥാനി വ്യക്തമാക്കി. ലോകത്തില്‍ നന്മയുടെ ശക്തിയാവാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. സമാധാനം ശക്തിപ്പെടുത്തുന്നതില്‍ ക്രിയാത്മക പങ്കുവഹിക്കുമെന്നും ഓസ്‌ലോയില്‍ നടന്ന അംബാസഡേര്‍സ് ഓഫ് നോര്‍വെ വര്‍ക്കിങ് അബ്രോഡ് വാര്‍ഷിക ഫോറത്തില്‍ അദ്ദേഹം വിശദമാക്കി.
ഖത്തറിന്റെ വിദേശ നയം നാല് കാര്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലൂടെ സുരക്ഷയും ശാന്തിയും നിലനിര്‍ത്തുക, സ്വയം നിര്‍ണയാവകാശം സംരക്ഷിക്കുക, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, എല്ലാ രാഷ്ട്രങ്ങളുമായി സമാധാന സഹകരണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിദേശ നയം.
രാഷ്ട്രാന്തരീയ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതില്‍ നോര്‍വെ വഹിക്കുന്ന പങ്കിനെ മന്ത്രി പ്രശംസിച്ചു. ലബ്‌നാനില്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ട കക്ഷികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നതിനായി 2008ല്‍ രൂപീകരിച്ച ദോഹ കരാര്‍ അന്താരാഷ്ട്ര സമാധാനത്തിനുള്ള ഖത്തറിന്റെ വലിയ സംഭാവനയാണ്. സുദാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും ദര്‍ഫുര്‍ വികസന-പുനര്‍നിര്‍മാണ സമ്മേളനത്തിനു 2010ല്‍ ദോഹ വേദിയായതും അദ്ദേഹം എടുത്തുപറഞ്ഞു.
ലിബിയയിലെ സമാധാന നടപടികള്‍ക്കും ഖത്തര്‍ മുന്നോട്ടുവരികയുണ്ടായി. താബു, തവാരിഖ് എന്നീ ലിബിയന്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ഖത്തറിനു സാധിച്ചു. എരിത്രിയ-ജിബൂട്ടി അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകളിലും ഖത്തര്‍ പ്രധാന പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss