|    Jan 17 Tue, 2017 12:35 pm
FLASH NEWS

തര്‍ക്കംമൂത്തു; സുരക്ഷാപോലിസിനെ വീട്ടില്‍നിന്ന് പുറത്താക്കിയ പ്രഫ. ജോസഫിന്റെ നടപടി വിവാദമായി

Published : 29th July 2016 | Posted By: SMR

മൂവാറ്റുപുഴ: സുരക്ഷയ്ക്ക് നിയോഗിതരായ പോലിസുകാരുമായി തര്‍ക്കംമൂത്ത് വീട്ടുടമ അവരെ വീട്ടില്‍നിന്നു പുറത്താക്കി ഗെയ്റ്റ് പൂട്ടിയത് വിവാദമായി. പ്രവാചകനിന്ദ ആരോപിക്കപ്പെട്ട വിവാദ ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകന്‍ പ്രഫ. ടി ജെ ജോസഫ് ആണ് കഥാനായകന്‍.
ബുധനാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനുമായാണ് പ്രഫ.ടി ജെ ജോസഫ് ഇടഞ്ഞത്. ഇതേത്തുടര്‍ന്ന് രാത്രി മുഴുവന്‍ പോലിസുകാരന് പുറത്ത് നില്‍ക്കേണ്ടിവന്നു.
2010 ജൂലൈ അഞ്ചിന് പ്രഫ. ടി ജെ ജോസഫ് ഒരു സംഘത്തിന്റെ ആക്രമണത്തിനിരയായിരുന്നു. അന്നുമുതല്‍ പ്രഫസര്‍ക്കും വീടിനും പോലിസ് കാവല്‍ എര്‍പ്പെടുത്തി. വീടിനുപുറത്തെ ഷെഡ്ഡിലാണ് പോലിസുകാര്‍ക്ക് താമസസൗകര്യം ഉള്ളത്. എന്നാല്‍, ബാത്ത്‌റൂം പുറത്ത് ഇല്ലാത്തതിനാല്‍ വീട്ടിലെ ബാത്ത്‌റൂമാണ് ഉപയോഗിക്കുന്നത്. ഇതിനെച്ചൊല്ലി ജോസഫും പോലിസുകാരുമായി തര്‍ക്കം പതിവായിരുന്നുവത്രേ. ഇതേത്തുടര്‍ന്ന് പുറത്തു ബാത്ത് റൂം സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പോലിസുകാര്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.ജോസഫ് വീടിനുപുറത്തുപോവുമ്പോള്‍ പോലിസ് അകമ്പടിയുണ്ട്.
വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങള്‍ പോലിസുകാര്‍ എടുത്തു വണ്ടിയില്‍ കയറ്റാത്തതിനെച്ചൊല്ലിയും തര്‍ക്കം ഉണ്ടാവാറുണ്ടത്രേ. ബുധനാഴ്ച വൈകീട്ട് ജോസഫ് നഗരമധ്യത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ സാധനങ്ങള്‍ പോലിസുകാരന്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് തര്‍ക്കം ഉണ്ടായി. പോലിസുകാരന്‍ വീടിന്റെ പുറത്തേക്കുമാറിയ ഉടന്‍ ഗെയ്റ്റ് പൂട്ടി ജോസഫ് വീടിനുള്ളില്‍ കയറി വാതിലടച്ചു. ഇതോടെ പോലിസുകാരന് രാത്രി റോഡില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. ഇത് പോലിസുകാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായി.
തുടര്‍ന്ന് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന എഎസ് ഐയും പോലിസുകാരും ഡ്യൂട്ടി മാറ്റിത്തരണമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫുമായി പോലിസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അനുനയശ്രമങ്ങള്‍ പൂര്‍ണമായി വിജയിച്ചിട്ടില്ലെങ്കിലും ജോസഫിന്റെ സുരക്ഷ തുടരാനാണ് പോലിസിന്റെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക