|    Aug 17 Thu, 2017 11:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തരൂരിന്റെ മാനനഷ്ടക്കേസില്‍ റിപബ്ലിക് ടിവിക്ക് ഹൈക്കോടതി നോട്ടീസ്

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി ഹൈക്കോടതി റിപബ്ലിക് ടിവിക്ക്  നോട്ടീസയച്ചു. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ മാനഹാനിയുണ്ടാക്കുന്നതാണ് എന്നാരോപിച്ച് തരൂര്‍ നല്‍കിയ ഹരജിയില്‍ ചാനല്‍ ഉടമകളായ എആര്‍ഡി ഔട്ട്‌ലെയര്‍ മീഡിയ & ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടര്‍ അര്‍ണബ് ഗോസ്വാമി എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്. ഇന്നലെ കേസ് പരിഗണിക്കവെ, സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തരൂരിനു മൗനം പാലിക്കാനുള്ള അവകാശം ഉണ്ടെന്നും അതു ചാനല്‍ വകവച്ചുകൊടുക്കണമെന്നും ജസ്റ്റിസ് മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. തരൂരിനെ ‘ക്രിമിനല്‍’ പോലുള്ള പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു പറഞ്ഞ കോടതി, കേസില്‍ 16നകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, തെളിവുകളും പോലിസിന്റെ റിപോര്‍ട്ടും ഉദ്ധരിച്ചുമാത്രമാണ് വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതെന്ന് അര്‍ണബിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ കോടതി ഒരു നിഗമനത്തിലെത്തും മുമ്പ് ‘സുനന്ദയുടെ കൊലപാതകം’ എന്ന വിധത്തില്‍ വാര്‍ത്ത കൊടുക്കുന്നതില്‍ നിന്നു ചാനലിനെ വിലക്കണമെന്നു തരൂരിനു വേണ്ടി ഹാജരായ  അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. എന്നാല്‍, ചാനല്‍  തരൂരിനെ ക്രിമിനല്‍ എന്നു വിളിച്ചിട്ടില്ലെന്ന് ചാനലിന്റെ അഭിഭാഷകന്‍  അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക