|    Jan 17 Wed, 2018 12:51 am
FLASH NEWS

തരിശ് ഭൂമിയില്‍ വിപ്ലവം സൃഷ്ടിച്ച് സമൃദ്ധി പാടശേഖര സമിതി നാടിന് അഭിമാനമാകുന്നു

Published : 11th August 2017 | Posted By: fsq

 

ചാലക്കുടി: തരിശ് ഭൂമിയില്‍ വിപ്ലവം സൃഷ്ടിച്ച് സമൃദ്ധി പാടശേഖര സമിതി നാടിന് അഭിമാനമാകുന്നു. കാര്‍ഷിക മേഖലയില്‍ ഇരുപത്തിയാറ് അംഗസമിതി കര്‍ഷകര്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നത്. കഴിഞ്ഞ തവണ നൂറ് മേനി കൊയ്‌തെടുത്ത തരിശായി കിടന്നിരുന്ന നാല്‍പത് ഏക്കറോളം വരുന്ന കൈതോലപാടത്ത് ഇത്തവണയും കൃഷിയിറക്കാനൊരുങ്ങുകയാണ് പാടശേഖര സമിതി. ഇതിന്റെ ഭാഗമായുള്ള ഞാറ്റടി തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. ശനിയാഴ്ച ഞാറിടല്‍ നടത്തും. കൃഷിയെ നെഞ്ചോട് ചേര്‍ത്തുവച്ച് പ്രാണ വായുവായി കരുതുന്ന ഒരുകൂട്ടം കര്‍ഷകരാണ് ഒരുകാലത്ത് പൊന്ന് വിളഞ്ഞിരുന്ന കൈതോലപാടത്ത് വീണ്ടും വസന്തം വിരിയച്ചത്. കാര്‍ഷിക മേഖലയായിരുന്ന മേലൂരിന്റെ നെല്ലറയായിരുന്നു ഒരുകാലത്ത് ഈ പാടശേഖരം. കൃഷിയോടുള്ള താല്‍പര്യം കുറഞ്ഞതോടെയും കൃഷി ആദായകരമല്ലാതാവുകയും ചെയ്തതോടെ ഈ പാടശേഖരത്ത് കൃഷിയിറക്കാതായി. കാടും പടലും കയറി ഇവിടെ ഉപയോഗശൂന്യവുമായി. മുപ്പത് വര്‍ഷത്തോളമായി കൃഷിയിറക്കാതിരുന്ന നാല്‍്പത് ഏക്കറോളം വരുന്ന കൈതോലപ്പാടത്ത് പഴയകാല പെരുമ വീണ്ടെടുക്കണമെന്ന് കൃഷിയെ സ്‌നേഹിക്കുന്ന ഒരുകൂട്ടം പേര്‍ക്ക് തോന്നി. അങ്ങനെ ഇരുപത്തിയാറ് പേര്‍ ചേര്‍ന്ന് സമൃദ്ധി പാടശേഖര സമിതി രൂപീകരിച്ചു. കര്‍ഷകരായ വി ഡി തോമസ്, എം ഒ ജോസ്, എന്‍ പി ആന്റണി എന്നിവര്‍ നേതൃസ്ഥാനത്ത് വന്നതോടെ വീറും വാശിയുമായി. കളകയറി കിടക്കുന്ന ഈ കൃഷിയിടത്ത് ആദ്യകൃഷിയിറക്കലില്‍ നഷ്ടമാണ് ഉണ്ടാവുകയെന്ന തികഞ്ഞ ബോധ്യത്തോടും ഉറപ്പോടും കൂടിയാണ് സംഘം കൃഷിയിറക്കിയത്. ഓരോ അംഗങ്ങളും പതിനായിരം രൂപ വീതം കയ്യില്‍ നിന്നുമെടുത്താണ് നൂറ് ശതമാനം പരാജയമാകുമെന്ന് കരുതിയ ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമത്തെ പച്ചപ്പാക്കാനുള്ള ഇവരുടെ ശ്രമത്തിന് മേലൂര്‍ സഹകരണ ബാങ്കും പങ്കാളിയായി. കൃഷിയിറക്കാനായി മൂന്ന് ലക്ഷം രൂപ പലിശരഹിത വായ്പ ബാങ്ക് സംഘത്തിന് നല്‍്കി. അങ്ങനെ അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപയുമായി പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ഷങ്ങളോളം തരിശായി കിടന്നിരുന്ന പാടശേഖരം കൃഷിക്കായി ഒരുക്കുന്ന പ്രവര്‍ത്തികളാണ് ആദ്യം ചെയ്തത്. ഹിറ്റാച്ചി ഉപയോഗിച്ച് ഭൂമി ഒരുക്കാനായി രണ്ട് ലക്ഷത്തിലധികം രൂപയാണ് ചിലവിട്ടത്. ബ്ലോക്ക് പഞ്ചായത്തിന്റേയും കൃഷിവകുപ്പിന്റേയും സഹകരണം കൂടിയായതോടെ കളകയറി നശിച്ച് കിടന്നിരുന്ന ഈ പാടശേഖരം കൃഷിക്കായി ഒരുങ്ങി. ഒരു പൂവ് കൃഷിയാണ് ആരംഭിച്ചത്. നവംബറില്‍ വിത്തിടല്‍ നടത്തി. മാര്‍ച്ച മാസത്തോടെ കൊയ്‌തെടുത്തു. നഷ്ടം വരുമെന്ന ബോധ്യത്തോടെ കൃഷിയിറക്കിയ ഇവിടെ നൂറ് മേനിയാണ് വിളഞ്ഞത്. ആറ് ലക്ഷം രൂപയുടെ ലാഭമാണ് സംഘത്തിനുണ്ടായത്. നാല്‍പത് ടണ്‍ നെല്ല് ഇവിടെ നിന്നും വില്‍പന നടത്തി. മൂന്ന് ലക്ഷം രൂപയുടെ വൈക്കോലാണ് ഈ പാടശേഖരത്ത് നിന്നും വിറ്റഴിച്ചത്. ഇതില്‍ നിന്നും ലഭിച്ച ആത്മ വിശ്വാസത്തില്‍ ഇത്തവണ രണ്ട് പൂവ്വ് കൃഷിയാണ് ഇറക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തികള്‍ ഈ പാടശേഖരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു കഴിഞ്ഞു. മേലൂരിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള പാടശേഖര സമിതിയുടെ പ്രവര്‍ത്തികള്‍ക്ക് പ്രോല്‍സാഹനമായി ഒരു ഗ്രാമം തന്നെയാണ് കൂടെയുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day