|    Oct 17 Wed, 2018 4:27 am
FLASH NEWS

തരിശ് പാടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 18th January 2017 | Posted By: fsq

 

പത്തനംതിട്ട: തരിശുകിടന്ന പാടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്. വേനല്‍ കടുത്തതോടെ കെഎസ്ഇബി വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ആവശ്യത്തിന് പാടങ്ങളില്‍ വെള്ളമെത്താത്തതാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണം. ഇതിനിടയിടയില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണത്തിനും നെല്‍ച്ചെടുകള്‍ ഇരയായതോടെ  ഇനിയൊന്നും കാത്തിരിക്കാനില്ലാത്ത അവസ്ഥയിലായി കര്‍ഷകര്‍. കാല്‍നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം ഏറെ പ്രതീക്ഷയോടെ നെല്‍കൃഷിക്കിറങ്ങിയ കര്‍ഷകരാണ്  കോഴഞ്ചേരി എട്ടാം വാര്‍ഡില്‍ ഇടയോടി-മുളയാര്‍മണ്ണ് പാടശേഖരങ്ങളില്‍. തരിശുകിടന്ന 50 ഏക്കര്‍ പാടത്താണ് ഇവിടെ കൃഷിയിറക്കിയത്. ത്രിതല പഞ്ചായത്തും കൃഷിവകുപ്പും സഹായം വാഗ്ദാനം ചെയ്തതോടെ കൂടുതല്‍ കര്‍ഷകരും സംഘടനകളും ആവേശത്തോടെ പാടത്തിറങ്ങി. ഉടമകള്‍ നേരിട്ടും പാട്ടത്തിന് നല്‍കിയും കൃഷിയിറക്കാന്‍ പദ്ധതിയിട്ടു. യുവജന കൂട്ടായ്മയിലൂടെ ലൈബ്രറിയും മൂന്നരയേക്കറില്‍ കൃഷിയിറക്കാന്‍ ഒരുങ്ങി. കാട്ടു ചേമ്പും പടലും നിറഞ്ഞിരുന്ന പാടശേഖരം ട്രാക്ടര്‍ ഇറക്കി ഉഴുത് വൃത്തിയാക്കി. വാഴക്കുന്നത്തു നിന്നുള്ള പിഐപി ഇടതുകര കനാലിനെ ആശ്രയിച്ചായിരുന്നു നിലം ഉഴുതത്. സബ് കനാല്‍ വഴി ഇവിടേക്ക് വെള്ളമെത്തിക്കാന്‍ കഴിയുമെങ്കിലും ജലനിരപ്പ് ഉയരാത്തതു മൂലം അതിന് കഴിഞ്ഞില്ലെങ്കിലും ചോര്‍ച്ച പ്രയോജനപ്പെടുത്തിയാണ് നിലം ഉഴുതത്. നാരങ്ങാനത്തു നിന്നു വരുന്ന വലിയ തോട്ടിലേക്കും കനാല്‍ ചോര്‍ന്ന് വെള്ളമെത്തിയിരുന്നു.               ഇതും കൃഷിക്കായി പ്രയോജനപ്പെടുത്തി. സര്‍ക്കാരില്‍ നിന്നും കൃഷിഭവന്‍ വഴി 1000 കിലോ ജയ നെല്‍വിത്ത് നെടുമുടി ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് വിതയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് മണിയാറില്‍ പിഐപി കനാല്‍ തകര്‍ന്നത്. ഇതോടെ പാടത്തേക്കുള്ള നീരൊഴുക്ക് നിലച്ചു. പ്രതിസന്ധിയിലായ കര്‍ഷകര്‍ വലിയ തോട്ടില്‍ നിന്നും വെള്ളം പാടത്തേക്ക് പമ്പ് ചെയ്തു. തോട്ടിലെ വെള്ളം താണതോടെ ഇതിനും കഴിയാതെ വന്നു. ജലത്തിന്റെ അംശം പാടത്തും കൃഷിയിടങ്ങളിലും ഇല്ലാതായതോടെ ഒറ്റ ദിവസം കൊണ്ട് പട്ടാളപ്പുഴുവും ആക്രമണം നടത്തി. വെള്ളമില്ലാതായതോടെ പാടം പൂര്‍ണമായും വെടിച്ചു കീറുകയും ചെയ്തു. പുഴുവിനെ നീക്കാന്‍ കക്കയും കീടനാശിനിയും അടിച്ചെങ്കിലും ഫലം കണ്ടില്ല. പാടം മുഴുവന്‍ വീണ്ടും കാടുകയറുന്ന സ്ഥിതിയിലേക്കെത്തുകയും ചെയ്തു. സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായാണ് കൃഷി സഹായം ലഭിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വിത്തു ലഭിച്ചു. ഇപ്പോള്‍ കൃഷി നശിച്ചതോടെ തുടര്‍ സഹായങ്ങളെക്കുറിച്ച് ആശങ്കയിലുമാണ്. നിലമൊരുക്കല്‍, കക്ക വിതറല്‍, വിതയ്ക്കല്‍, വെള്ളം പമ്പു ചെയ്തത്, കീടനാശിനി, പാട്ടം തുടങ്ങി ലക്ഷക്കണക്കിന് രൂപയാണ് ചെലവു വന്നിട്ടുള്ളത്. കൃഷിഭവന്‍ വഴി സര്‍ക്കാരിനെ വിവരം അറിയിച്ചതായി കര്‍ഷക പ്രതിനിധി രാജേഷ് കോളത്തറ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss