|    Jul 22 Sun, 2018 12:36 pm
FLASH NEWS

തരിശുരഹിതമാവുന്ന പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം പാരിതോഷികം നല്‍കും: മന്ത്രി

Published : 20th September 2017 | Posted By: fsq

 

കോട്ടയം: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം തരിശുരഹിതമാവുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപയും നിയമസഭാ മണ്ഡലങ്ങള്‍ക്ക് 20 ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി എസ് സുനില്‍കുമാര്‍. കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തിലെ മധുരവേലി പാടശേഖരത്ത് വിത ഉല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സമ്പൂര്‍ണ തരിശുരഹിതമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് ആദ്യം ഗ്രാമപ്പഞ്ചായത്തുകളും തുടര്‍ന്ന് ഓരോ നിയോജക മണ്ഡലങ്ങളും ഓരോ ജില്ലകളും തരിശുരഹിതമാവണം. ഒന്നാം കുട്ടനാട് പാക്കേജിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കാര്‍ഷിക പുരോഗതി ലക്ഷ്യം വച്ച് രണ്ടാം കുട്ടനാട് പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ചാവും രണ്ടാം കുട്ടനാട് പാക്കേജിന്റെ അന്തിമ രൂപം തയ്യാറാക്കുക. അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള പമ്പിങ് സബ്‌സിഡി സമയബന്ധിതമായി കൊടുത്തു തീര്‍ക്കും. കര്‍ഷകരുടെ ആനുകൂല്യം നിഷേധിക്കുന്ന ഉദ്യോസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനില്‍ കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss