|    Jul 25 Tue, 2017 2:27 am
FLASH NEWS

തരിശായി കിടക്കുന്ന കണിമംഗലം പാടശേഖരത്ത് കൃഷിയിറക്കാന്‍ തീരുമാനം

Published : 1st August 2016 | Posted By: SMR

തൃശൂര്‍: വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കണിമംഗലം പാടശേഖരത്ത് സെപ്തംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യവാരത്തോ കൃഷിയിറിക്കാന്‍ തീരുമാനം. കെ രാജന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൃഷിക്കാരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി ഒമ്പതംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു.
കെടുകാര്യസ്ഥതയെ തുടര്‍ന്ന് വര്‍ഷങ്ങളായി സമയത്ത് കൃഷിയിറക്കാതെ കിടന്നിരുന്ന കണിമംഗലം പാടശേഖരത്തില്‍ കര്‍ഷകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഇടപെട്ട് ഈ വര്‍ഷത്തില്‍ തന്നെ കൃഷിയിറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.
നിലവിലുണ്ടായിരുന്ന പാടശേഖര ഭരണ സമിതിക്കെതിരെ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ഭരണ സമിതി പിരിച്ചുവിടാന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ഷകരുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ കണിമംഗംലം പാടശേഖരം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ കളമൊരുങ്ങുന്നത്. ഇതിനായി ഒമ്പതംഗ നിര്‍വാഹക സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
കൂര്‍ക്കഞ്ചേരി കൃഷി ഭവന്‍ ഓഫിസര്‍ എന്‍ ശാന്തി, പുഞ്ച സ്‌പെഷല്‍ ഓഫിസര്‍ മുഹമ്മദ് ഷഫീക്, കെഡിഎ രവീന്ദ്രന്‍, നെടുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഹദേവന്‍, പാടശേഖരത്തിലെ കര്‍ഷകരായ ടി ആര്‍ കുട്ടപ്പന്‍, പ്രസന്നന്‍, ശങ്കരന്‍ തിരുമേനി, സി ബാലകൃഷ്ണന്‍, എംകെ സുഗതന്‍ എന്നിവരുമടങ്ങുന്നതാണ് സമിതി. കൃഷിയിറക്കാന്‍ വേണ്ട സാമ്പത്തിക കാര്യത്തില്‍ നെടുപുഴ സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
കൂര്‍ക്കഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ എ പ്രസാദ്, പുഞ്ച സ്‌പെഷല്‍ ഓഫിസര്‍ മുഹമ്മദ് ഷഫീക്ക്, കെ ഡി എ രവീന്ദ്രന്‍, കൂര്‍ക്കഞ്ചേരി കൃഷി ഓഫിസര്‍ എന്‍ ശാന്തി, നെടുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഹദേവന്‍, കൗണ്‍സിലര്‍മാരായ അജിത വിജയന്‍, ഷീബ പോള്‍സണ്‍, ഷീന ചന്ദ്രന്‍ , കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക