|    Jan 25 Wed, 2017 3:05 am
FLASH NEWS

തരിശായിക്കിടക്കുന്നത് ഹെക്ടര്‍കണക്കിന് വയലുകള്‍

Published : 19th October 2016 | Posted By: Abbasali tf

മാനന്തവാടി: ജില്ലയില്‍ നെല്‍കൃഷി തിരിച്ചെത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തുകളും നിരവധി ആനുകൂല്യങ്ങളും കൃഷിഭവന്‍ വഴി സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടും കര്‍ഷകര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നു. ഏതാനും ചില പഞ്ചായത്തുകളിലൊഴികെ പുതിയ ആനുകൂല്യ പ്രഖാപനത്തിലൂടെ നെല്‍കൃഷിയിലേക്കിറങ്ങാന്‍ കര്‍ഷകര്‍ തയ്യാറായില്ല. വെള്ളമുണ്ട പഞ്ചായത്തില്‍ ഈ വര്‍ഷം നെല്‍കൃഷിക്കായി പദ്ധതിയിലുള്‍പ്പെടുത്തി എട്ടുലക്ഷം രൂപയും കൂലിച്ചെലവ് സഡ്‌സിഡിയായി 10 ലക്ഷം രൂപയും എസ്ടി വിഭാഗത്തിനായി 6,30,000 രൂപയും വകയിരുത്തിയിരുന്നു. ഇതിനു പുറമെ വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന പാടങ്ങളില്‍ കൃഷിയിറക്കുന്നതിനായി പത്തുപേരില്‍ കുറയാത്ത കര്‍ഷകരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ രൂപീകരിച്ച് കൃഷിയിറക്കിയാല്‍ ഏക്കറിന് 40 തൊഴിലുറപ്പ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, മുന്‍വര്‍ഷങ്ങളെ പോലെ തന്നെ പഞ്ചായത്തില്‍ ഹെക്റ്റര്‍കണക്കിന് നെല്‍വയലുകള്‍ ഇപ്പോഴും തരിശായിക്കിടക്കുകയാണ്. കൊമ്മയാട്, കരിങ്ങാരി, പാലയാണ പാടശേഖരങ്ങളിലെല്ലാം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്നതു വര്‍ധിച്ചതായി പാലയാണ പൗരസമിതി അഭിപ്രായപ്പെട്ടു. ഏക്കറിന് 25,000 രൂപയെങ്കിലും സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമേ നെല്‍കൃഷി ലാഭകരമാവുകയുള്ളൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജില്ലയിലെ വയലുകളില്‍ കൃഷിചെയ്ത നേന്ത്രവാഴയ്ക്ക് മികച്ച വില കര്‍ഷകര്‍ക്കു ലഭിച്ചിരുന്നു. നെല്‍കൃഷിയിലൂടെ ഇത്രയും ലാഭം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും രോഗങ്ങളോ കാലാവസ്ഥാ വ്യതിയാനമോ ഇല്ലാതെ കൃഷിചെയ്യേണ്ടിവരുമെന്നാണ് കര്‍ഷകരുടെ നിലപാട്. പടിഞ്ഞാറത്തറ, പനമരം തുടങ്ങി ഏതാനും പഞ്ചായത്തുകളില്‍ വിവിധ സംഘങ്ങള്‍ വഴി കൂട്ടുകൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ പാരമ്പര്യ കര്‍ഷകരൊഴികെ പുതുതായി ആരെയും കൃഷിയിടങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടില്ല. തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളെ പാടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ ഇപ്പോഴും നിയമങ്ങള്‍ അനുവദിക്കുന്നില്ല. മുന്‍കാലങ്ങളില്‍ നെല്‍വയലുകളില്‍ വ്യാപകമായി വച്ചുപിടിപ്പിച്ച കവുങ്ങുകള്‍ രോഗം പിടിപെട്ട് നാശത്തിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിലെ നെല്‍വയലുകളും കൃഷിയും നിലനിര്‍ത്തേണ്ടത് കുടിവെള്ള പ്രശ്‌നത്തിനുള്‍പ്പെടെ അനിവാര്യമാണെന്നിരിക്കെ സര്‍ക്കാര്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക