|    Oct 20 Fri, 2017 12:58 pm
FLASH NEWS

തരിയോട് ഗ്രാമപ്പഞ്ചായത്തില്‍ കുരുമുളകിന് വീണ്ടും രോഗബാധ

Published : 14th October 2016 | Posted By: Abbasali tf

തരിയോട്: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരുമുളക് ചെടികള്‍ വീണ്ടും മന്ദവാട്ടത്തിന്റെ പിടിയില്‍. ഇടവിളയായും തനിവിളയായും കൃഷിയുള്ള തോട്ടങ്ങളില്‍ നിരവധി ചെടികളെയാണ് രോഗം  ഗ്രസിച്ചത്. വളര്‍ച്ചയെത്തിയ ചെടികള്‍ ഇലകളില്‍ മഞ്ഞളിപ്പു ബാധിച്ച് നശിക്കുന്നത് കൃഷിക്കാരെ നിരാശരാക്കുകയാണ്. പഞ്ചായത്തില്‍ പത്താംമൈല്‍, പതിമൂന്നാംമൈല്‍, മഞ്ഞൂറ, ചെന്നലോട് പ്രദേശങ്ങളിലാണ് കാര്യമായ കുരുമുളക് കൃഷി.രണ്ടു പതിറ്റാണ്ടു മുമ്പ് കുരുമുളക് ഉല്‍പാദനത്തിന് പ്രസിദ്ധമായിരുന്നു തരിയോട്. കുടിയേറ്റ പ്രദേശമായ ഇവിടെ ഒരേക്കറില്‍ കുറഞ്ഞത് അഞ്ചു ക്വിന്റല്‍ കുരുമുളക് വിളഞ്ഞിരുന്നു. കാലപ്രയാണത്തില്‍ ദ്രുതവാട്ടം,  ഇല ചെറുതാവല്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കുരുമുളക്് ചെടികളുടെ അന്തകരായി. മേഖലയില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുരുമുളക് കൃഷിക്ക് വീണ്ടും ജീവന്‍വച്ചത്. കൃഷി വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു കൃഷി. കര്‍ഷകരില്‍ ചിലര്‍ ജൈവരീതിയും പരീക്ഷിച്ചു. കര്‍ണാടകയില്‍ നിന്നടക്കം കൊണ്ടുവന്ന് നട്ടുനനച്ച് വളര്‍ത്തിയ ചെടികള്‍ ഫലം പുറപ്പെടുവിച്ചു തുടങ്ങിയതിനു പിന്നാലെയാണ് രോഗത്തിന്റെ പ്രത്യാഗമനം. പത്താംമൈലിലെ പാറയില്‍ മേരിയുടെ തോട്ടത്തിലെ കുരുമുളക് ചെടികളെല്ലാം തന്നെ മന്ദവാട്ടത്തിന്റെ പിടിയിലാണ്. ഇലകളില്‍ മഞ്ഞളിപ്പ് ബാധിച്ച ചെടികളില്‍ ഇനി പ്രതീക്ഷവച്ചിട്ട് കാര്യമില്ലെന്നു മേരി പറയുന്നു. രോഗവിവരം കര്‍ഷകര്‍ കൃഷി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക