|    Nov 25 Sat, 2017 1:23 pm
FLASH NEWS

തരിയോട് കമ്പനിക്കുന്ന് ശുദ്ധജല വിതരണ പദ്ധതി ഇഴയുന്നു

Published : 11th August 2017 | Posted By: fsq

 

മാനന്തവാടി: കല്‍പ്പറ്റ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ തരിയോട് കമ്പനിക്കുന്ന് പദ്ധതിക്ക് മെല്ലെപ്പോക്കെന്ന് ആക്ഷേപം. 2013ല്‍ ആരംഭിച്ച പദ്ധതിക്ക് പഞ്ചായത്ത് തലത്തിലുള്ള ടാങ്ക് നിര്‍മാണമോ പൈപ്പിങ് ജോലികളോ ഇനിയും കരാര്‍ നല്‍കിയിട്ടില്ല. ഈ വര്‍ഷം ജില്ലയില്‍ അനുഭവപ്പെടുന്ന മഴക്കുറവിന്റെ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ വേനലിനു മുമ്പായി പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം. കല്‍പ്പറ്റ ബ്ലോക്കില്‍പെട്ട പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന പദ്ധതിയെന്ന നിലയിലാണ് 2013ല്‍ കേരള വാട്ടര്‍ അതോറിറ്റി പുതിയ പദ്ധതി വിഭാവനം ചെയ്തത്. കടുത്ത വേനലിലും വെള്ളം ലഭിക്കുന്ന വിധത്തില്‍ ബാണാസുരഡാം റിസര്‍വോയറിനുള്ളില്‍ 28 മീറ്റര്‍ ആഴത്തില്‍ കിണര്‍ കുഴിച്ച് ഇവിടെ നിന്നും വെള്ളം തരിയോട് കമ്പനിക്കുന്നില്‍ നിര്‍മിക്കുന്ന ജലസംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം വിതരണത്തിനായി പഞ്ചായത്തുകളിലെ സംഭരണിയിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. അഞ്ചു പഞ്ചായത്തുകളിലും നിര്‍മിക്കുന്ന സംഭരണികളില്‍ നിന്നു ഗുണഭോക്താക്കള്‍ക്ക് പൈപ്പ് മുഖേന വീടുകളിലും പൊതു ഇടങ്ങളിലും കുടി വെള്ളമെത്തിക്കാനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 78 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പ്രവൃത്തികള്‍ 2014ല്‍ ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ തരിയോട് കമ്പനിക്കുന്നിലെ എട്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെയും ശുദ്ധീകരണ യൂനിറ്റിന്റെയും പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയായി. ബാണാസുര ഡാം റിസര്‍വോയറില്‍ നിര്‍മിക്കുന്ന കിണറിന്റെയും പമ്പിങ്‌സ്‌റ്റേഷന്റെയും പ്രവൃത്തികള്‍ പാതിവഴിയിലുമാണ്. 20 മീറ്റര്‍ ആഴത്തില്‍ കിണര്‍ പണിപൂര്‍ത്തിയായതോടെ മഴ ആരംഭിക്കുകയും റിസര്‍വോയറില്‍ വെള്ളമുയരുകയും ചെയ്തതോടെയാണ് കിണറിന്റെ പണി നിര്‍ത്തിയത്. എന്നാല്‍, കിണറിനു മുകളില്‍ നിര്‍മിക്കുന്ന പമ്പ് ഹൗസിലേക്കുള്ള 60 മീറ്റര്‍ പാലത്തിന്റെയും ഇതിനോടനുബന്ധിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെയും പണികള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കിണറും ഇതോടനുബന്ധിച്ച ജോലികളും അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കോട്ടത്തറ കുറുമ്പാലക്കോട്ടയിലും വെങ്ങപ്പള്ളി കോടഞ്ചേരിക്കുന്നിലും പുതുതായി നിര്‍മിക്കേണ്ട ജലസംഭരണ ടാങ്കുകളുടെ പ്രവൃത്തി ഇനിയും കരാര്‍ നല്‍കിയിട്ടില്ല. പൊഴുതന ഇടിയംവയലിലെയും പടിഞ്ഞാറത്തറ കാപ്പുകുന്നിലെയും തരിയോട് ചെന്നലോട്ടെയും നിലവിലുള്ള ടാങ്കുകള്‍ നവീകരിക്കാനായിരുന്നു തീരുമാനമെങ്കിലും ഇതിനുള്ള ടെന്‍ഡര്‍ നടപടികളും ആരംഭിച്ചിട്ടില്ല. ഇതിനു പുറമെ തരിയോട് പതിമൂന്നാം മൈലില്‍ ബാണാസുര ഡാം റിസര്‍വോയറില്‍ നിര്‍മിക്കുന്ന കിണറില്‍ നിന്നു തരിയോട് കമ്പനിക്കുന്നിലേക്കും പിന്നീട് അതാത് പഞ്ചായത്തുകളിലേക്കും പിന്നീട് ഗുണഭോക്താക്കള്‍ക്കും വെള്ളമെത്തിക്കാന്‍ പൈപ്പിങ് ജോലികള്‍ കരാര്‍ നല്‍കാനും നടപടികളുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക