|    Mar 23 Thu, 2017 11:52 pm
FLASH NEWS

തരംതാഴ്ത്തല്‍ നടപടി; ഇ എസ് ബിജിമോള്‍ എന്നും വിവാദങ്ങള്‍ക്കൊപ്പം

Published : 20th October 2016 | Posted By: SMR

തൊടുപുഴ: ഇ എസ് ബിജിമോള്‍ എന്നും വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമൊപ്പമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തതും വിവാദ പ്രസ്താവനയുടെ പേരിലാണ്. ബിജിമോളുടെ രാഷ്ട്രീയ ജീവിതത്തില്‍ ശാസനകളും മാപ്പു പറയലുകളും തുടര്‍ക്കഥകളാണ്. വിവാദമായ ‘ഗോഡ്ഫാദര്‍’ പരാമര്‍ശത്തിന്റെ പേരിലാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നു ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന നിര്‍വാഹക സമിതിയോഗം തീരുമാനിച്ചത്. ഇത് ബിജിമോളുടെ രാഷ്ട്രീയ ജീവിതത്തിനു വന്‍ തിരിച്ചടിയാണ്.ബിജിമോളുടെ നിലപാടുകളുടെ പേരില്‍ പാര്‍ട്ടി പലപ്പോഴും വിവാദത്തില്‍ ചാടിയിട്ടുണ്ടെങ്കിലും കടുത്ത നിലപാട് എടുത്തിരുന്നില്ല. വിവാദങ്ങളുടെ പേരില്‍  ഇടുക്കി ജില്ലയിലെ പാര്‍ട്ടി യോഗങ്ങളില്‍ ബിജിമോള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുണ്ടായിട്ടും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നടപടിയെടുക്കാന്‍ മടിച്ചതും വിവാദമായിരുന്നു. ബിജിമോളെ നിയന്ത്രിക്കാന്‍ ജില്ലാ സെക്രട്ടറിക്കു കഴിയുന്നില്ലെന്നും ആരോപണമുയര്‍ന്നു. വിവാദങ്ങളെ തുടര്‍ന്നു സഹികെട്ടപ്പോള്‍ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജിമോളെ പാര്‍ട്ടി യോഗത്തില്‍ ശാസിച്ചതും വാര്‍ത്തയായി. സമര മുഖത്തായാലും ഉദ്ഘാടന ചടങ്ങുകളിലായാലും വാര്‍ത്തയില്‍ ഇടം നേടാന്‍ ബിജിമോള്‍ ‘ഷോ’ കാട്ടുകയാണെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു പുറമേ, സിപിഎം നേതൃത്വത്തിലെ ചിലരും ബിജിമോള്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നു.ഇതും ഇടതു മുന്നണിയില്‍ പല വട്ടം ചര്‍ച്ചയായി.ഇത്തവണ ഇടതു മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാരുടെ സാധ്യതാ പട്ടികയിലേക്ക് ബിജിമോളെ ആദ്യം പരിഗണിച്ചെങ്കിലും പിന്നീടു തഴഞ്ഞു.  ഇതിനിടെയാണു ഒരു വാരികയ്ക്ക് ബിജിമോള്‍  നല്‍കിയ അഭിമുഖം വിവാദമായത്.  മന്ത്രിപദത്തിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്താന്‍ തനിക്ക് ‘ഗോഡ്ഫാദര്‍’മാരില്ലെന്നുള്ള പരാമര്‍ശമാണ് അച്ചടക്ക നടപടിയിലെത്തിച്ചത്.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക