|    Oct 18 Thu, 2018 8:10 am
FLASH NEWS

തരംഗം സൃഷ്ടിച്ച തിരക്കഥാകാരന്‍

Published : 5th December 2015 | Posted By: swapna en

പി എ എം ഹനീഫ്

മലയാളസിനിമയുടെ കമേഴ്‌സ്യല്‍ ചരിത്രത്തില്‍ അവളുടെരാവുകള്‍ എന്ന ഐവി ശശി സിനിമ സൃഷ്ടിച്ച തരംഗത്തിന് ഇന്നും മറുതരംഗം ഉണ്ടായിട്ടില്ല. രാവുകളുടെ വിജയം,  തിരക്കഥയുടെ ഭംഗിയും കെട്ടുറപ്പുമാണെന്ന് ജോണ്‍പോളും വിജയകൃഷ്ണനുമടക്കം തിരക്കഥാരചനയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്മാര്‍ സമ്മതിച്ചിട്ടുമുണ്ട്.
ആലപ്പുഴ സക്കറിയ ബസാറിലെ ഷരീഫാണ് അവളുടെരാവുകളുടെ തിരക്കഥാകാരന്‍. ബാല്യത്തിലേ ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ വിവിധ ദൃശ്യ-കലാ മേഖലകളില്‍ നിപുണതകള്‍ ഏറെ പ്രദര്‍ശിപ്പിച്ച ഷരീഫിലെ ദൃശ്യബോധത്തെ തേച്ചുമിനുക്കിയതില്‍ ആലപ്പി തിയേറ്റേഴ്‌സിനും ഉടമ സെയ്ത്താന്‍ ജോസഫിനും വിശേഷണങ്ങള്‍ക്കുപരി കൈ-മെയ് സ്വാധീനങ്ങളുണ്ട്. ആലപ്പി തിയേറ്റേഴ്‌സിലൂടെ വയലാര്‍ രാമവര്‍മയുടെ സൗഹൃദത്തണലിലായ ഷരീഫ് ചെന്നൈയിലേക്കു പറിച്ചുനടപ്പെട്ടു. കൗമുദി ബാലകൃഷ്ണന്റെ ശ്രദ്ധയില്‍ അന്നേ ഷരീഫ് പെട്ടു. എല്ലാ പ്രഗല്ഭരായ തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും പോലെ ഷരീഫും ‘ഗോസ്റ്റ് റൈറ്ററായി’ തന്നെയാണ് സിനിമാക്കാരുടെ സങ്കേതമായ സ്വാമീസ് ലോഡ്ജില്‍ തമ്പടിച്ചത്. പതിനായിരം രൂപയ്ക്ക് വൗച്ചര്‍ ഒപ്പിടാന്‍ എം ഒ ജോസഫ് നിര്‍ബന്ധിച്ചപ്പോള്‍ വൗച്ചര്‍ കീറിയ തന്റേടിയാണ് ഷരീഫ്. ഉദയനാണ് താരം എന്ന സമീപകാല സിനിമയിലെ തെങ്ങും മൂട് രാജപ്പന്‍ എന്ന ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം കിടക്കപ്പായയും പെട്ടിയും വയ്ക്കാന്‍ ഇടമില്ലാതെ സഹസംവിധായകന്‍ ഉദയഭാനു എന്ന മോഹന്‍ലാല്‍വേഷത്തെ അഭിമുഖീകരിച്ച സീന്‍ ഓര്‍ത്ത്, ഷരീഫ് ഒരു വര്‍ഷം മുമ്പ് ഹൃസ്വസന്ദര്‍ശനവേളയില്‍ സക്കരിയ ബസാറിലെ ‘വൃന്ദാവന’ത്തില്‍ ഇതെഴുതുന്നയാളോട്  രോഗാതുരതകള്‍ക്കിടയിലും പറഞ്ഞു: ‘ആ രാജപ്പന്‍ അനുഭവങ്ങളൊക്കെ ഞാനും സഹിച്ചിട്ടുണ്ട്.’

കാനേഷ് പൂനൂര് ചന്ദ്രിക ആഴ്ചപതിപ്പ് പത്രാധിപരായിരുന്ന കാലം. ഐവി ശശി, പൂവച്ചല്‍ ഖാദര്‍-കാനേഷ് സൗഹൃദം ഷരീഫിലെ നോവലിസ്റ്റിനെ കണ്ടെത്തുന്നിടത്തുനിന്നാണ് ആ തിരക്കഥാകാരന്റെ, നോവലിസ്റ്റിന്റെ, ജനം അറിയുന്ന വിജയഭേരികളുടെ തുടക്കം. ഐവി ശശിയെ നോവല്‍ ചിത്രീകരണത്തിനു ക്ഷണിച്ചതും ഷരീഫ് എന്ന ആലപ്പുഴക്കാരന്‍. മലയാള സിനിമയില്‍ അതൊരു വന്‍ തുടക്കത്തിന്റെ സൗഹൃദശൃംഖലയായി വികസിച്ചു. 1971ലെ പ്രതിധ്വനി ശ്രദ്ധിക്കപ്പെട്ടു. പതിനൊന്നിലധികം സിനിമകള്‍ ഐവി ശശി-ഷരീഫ് കൂട്ടുകെട്ടില്‍ വന്‍വിജയം നേടി. മലയാളത്തില്‍ സംവിധായകനെയും തിരക്കഥാകാരനെയും പോസ്റ്ററില്‍ മുഴുനീള ചിത്രങ്ങളാക്കുക എന്ന കമേഴ്‌സ്യല്‍ രീതി ഈ ഹിറ്റ്‌മേക്കര്‍മാരുടെ വിജയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. തിരക്കഥാകാരന്റെ പേരുനോക്കി സിനിമയ്ക്ക് ക്യൂ നില്‍ക്കുക എന്ന ‘ദുശ്ശീലം’ മലയാളി ആരംഭിച്ചതും ഷരീഫ് എന്ന തിരക്കഥാകാരനിലൂടെയാണ്. 1960കളില്‍ ആരംഭിച്ച ആ ജൈത്രയാത്ര അവസാനിക്കുമ്പോള്‍ സിനിമാലോകത്തിന്റെ ഒട്ടേറെ നന്ദികേടുകള്‍ ഷരീഫ് ഓര്‍ത്തെടുക്കുമായിരുന്നു.
നോവലിസ്റ്റ് എന്ന നിലയ്ക്ക് ചന്ദ്രികയില്‍ പരമ്പരയായി വന്ന ‘നിറങ്ങ’ളും ‘നിറങ്ങളുടെ സംഗീതവും’ ചന്ദ്രിക വീക്കിലിയുടെ പ്രചാരം വര്‍ധിപ്പിച്ചത് നടത്തിപ്പുകാരുടെ പോലും കണക്കുതെറ്റിച്ചു. വിജയനിര്‍മല എന്ന നടിയെ കവിത എന്ന മനോഹര സിനിമയിലൂടെ സംവിധായിക പട്ടം അണിയിച്ച ഷരീഫ്, ശശി എന്ന കലാസംവിധായകനെയും മലയാളത്തിനു പരിചയപ്പെടുത്തി. പാത്രസൃഷ്ടിയും സംഭാഷണരചനയിലെ ‘മുള്ളുള്ള’ പരാമര്‍ശങ്ങളും നാടകീയതയും  ഷരീഫിനെ തിരക്കുള്ള തിരക്കഥാകൃത്തും വിതരണക്കാരുടെ ലിസ്റ്റിലെ ഒന്നാം ഗ്രേഡുകാരനുമാക്കി. പക്ഷേ, ദുര്‍വിധി ആ എഴുത്തുകാരനെ നിരന്തരം വേട്ടയാടി. ഏഴും എട്ടും സിനിമകള്‍ക്ക് ഒരേസമയം തിരക്കഥ തയ്യാറാക്കല്‍ ലൊക്കേഷനുകളില്‍നിന്ന് ലൊക്കേഷനുകളിലേക്ക് നിര്‍ത്താതെ പ്രയാണം. സോമന്‍, രവികുമാര്‍, വിന്‍സന്റ്, റാണിചന്ദ്ര തുടങ്ങി ആ കാലത്തെ മുന്‍നിരക്കാര്‍ക്ക് ഷരീഫിന്റെ തൂലിക നല്‍കിയ പരിവേഷവും കാവ്യഭംഗിയുള്ള സിനിമാ ടൈറ്റിലും ഓലകൊട്ടക മുതല്‍ എ ക്ലാസ് ടാക്കീസുകള്‍ വരെ സിനിമാപ്രേമികളുടെ വമ്പന്‍ ക്യൂ സൃഷ്ടിക്കുന്നതായിരുന്നു.
”അയാളുടെ സംഭാഷണരചനയിലെ മിടുക്ക് ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്തതായിരുന്നു”വെന്ന്  തിരക്കഥാകൃത്ത്  ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരിച്ചത് ഓര്‍ക്കുന്നു. അകാരാദി സിനിമകളുടെ തുടക്കക്കാരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അമ്മയില്‍ നിന്ന് അവസാനം ലഭിച്ച കൈനീട്ടമല്ലാതെ മറ്റൊന്നും, തിളങ്ങിനിന്ന കാലത്തിന്റെ ബാക്കിപത്രമായി വൃന്ദാവനം വീട്ടിലെ ഓര്‍മച്ചെപ്പുകളിലില്ല. സ്‌ഫോടനത്തിലൂടെ മമ്മൂട്ടിക്കും അനുരാഗിയിലൂടെ മോഹന്‍ലാലിനും ബ്രേക്ക് നല്‍കിയ ആലപ്പി ഷരീഫ് ഒരിയ്ക്കല്‍ ഓര്‍ത്തു: ”എന്നിലെ മനുഷ്യന് കാപട്യങ്ങളെ തിരിച്ചറിയാനായില്ല. സിനിമയില്‍ മാടമ്പിത്തരത്തോട് ഞാന്‍ കലഹിച്ചു. ആശ്രയിച്ചെത്തിയവരെ ഹൃദയത്തോട് ചേര്‍ത്തു. തള്ളപ്പക്ഷിയെപ്പോലെ ചിറകിനടിയില്‍ സൂക്ഷിച്ച് ഞാന്‍ വളര്‍ത്തിയവര്‍ കൊത്തി മുറിവേല്‍പ്പിച്ചു. ആത്യന്തികമായി ഞാന്‍ ആലപ്പുഴക്കാരന്‍ ഷരീഫ് മാത്രമാണ്.”ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss