|    Oct 17 Wed, 2018 6:52 am
FLASH NEWS
Home   >  Editpage  >  Editorial  >  

തമ്മില്‍ത്തല്ലി തീരാനാണോ കോണ്‍ഗ്രസ്സിന്റെ വിധി

Published : 15th September 2017 | Posted By: fsq

 

സംസ്ഥാന നേതൃമാറ്റത്തെച്ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വീണ്ടും വിവാദം തലപൊക്കുകയാണ്. പതിവുപോലെ എതിര്‍ത്തും പിന്തുണച്ചും പിന്നീട് പിന്‍വലിച്ചും നേതാക്കളുടെ പ്രസ്താവനാധോരണികള്‍ അന്തരീക്ഷത്തില്‍ അലതല്ലുന്നുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് രാഷ്ട്രീയം പുത്തരിയല്ലെന്നു മാത്രമല്ല, അതാണ് ആ പാര്‍ട്ടിയെ ഒരു പരിധിവരെ ജനമധ്യത്തില്‍ സജീവമാക്കി നിര്‍ത്തുന്നത് എന്നും വേണമെങ്കില്‍ പറയാം. ആദ്യകാലത്ത് എ കെ ആന്റണിയെയും അന്തരിച്ച കെ കരുണാകരനെയും കേന്ദ്രീകരിച്ചായിരുന്നു രണ്ട് പ്രബല ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നത്. ആന്റണി കേരളത്തില്‍ നിന്നു കേന്ദ്രത്തിലേക്കു ചേക്കേറുകയും ചില രാഷ്ട്രീയ മലക്കംമറിച്ചിലുകളെ തുടര്‍ന്ന് കരുണാകരന് പാര്‍ട്ടിയിലെ പ്രതാപകാലം നഷ്ടമാവുകയും ചെയ്തതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും ക്രമേണ മാറ്റം സംഭവിച്ചു. പിന്നീട് എ, ഐ വിഭാഗങ്ങള്‍ വിവിധ ഗ്രൂപ്പുകളായെങ്കിലും പാര്‍ട്ടിയിലും ഭരണത്തിലും ഇവരെല്ലാം തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിപ്പോന്നിരുന്നു. ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചേരിപ്പോരുകള്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല, സംസ്ഥാനത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമാവുമെന്നതാണു പ്രശ്‌നം. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിലുള്ള മുന്നണിരാഷ്ട്രീയം മുഖ്യ ഘടകമായിരുന്നു. എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ പ്രകടമായ ബിജെപി മുന്നേറ്റം കേരള രാഷ്ട്രീയത്തില്‍ ഹിന്ദുത്വ പാര്‍ട്ടിക്കും ഇടംനേടാനാവുമെന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണ്. കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യം ബിജെപിയുടെ ഹിന്ദു വോട്ട് ബാങ്ക് കേന്ദ്രീകരണത്തിനായിരിക്കും ഏറെ ഗുണം ചെയ്യുകയെന്നു മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയ അവഗാഹമൊന്നും വേണ്ടതില്ല. തന്നെയുമല്ല, ഫാഷിസ്റ്റ് വിരുദ്ധത പ്രസംഗിച്ചും ചില ഗിമ്മിക്കുകള്‍ കാട്ടിയും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനും അതേസമയം തന്നെ ഭൂരിപക്ഷ സമുദായ അടിത്തറ നിലനിര്‍ത്താനും സിപിഎമ്മിനു കഴിയും. അപ്പോഴും നഷ്ടം കോണ്‍ഗ്രസ്സിനാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് അതിന്റെ ദൗര്‍ബല്യം കൂടുതല്‍ വെളിവാക്കിക്കൊണ്ടിരിക്കെ ഉള്ള അടിത്തറയും കൈവിട്ടുകളയുകയാവും കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷയിക്കുന്നതിലൂടെ സംഭവിക്കുക. മാണി ഗ്രൂപ്പ് മുന്നണി വിടുകയും വീരേന്ദ്രകുമാര്‍ ഇടത്തോട്ടു ചായുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിലുണ്ടാവുന്ന ചെറിയ വിള്ളല്‍പോലും സ്ഥിതി ഗുരുതരമാക്കും. എന്തെല്ലാം ജീര്‍ണതകളുണ്ടെങ്കിലും ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇന്നും പ്രസക്തമാണ്. കഴിവുറ്റ നേതൃനിര കോണ്‍ഗ്രസ്സിന് ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ശക്തമായ സംഘടനാസംവിധാനവും ഏകോപിച്ച പ്രവര്‍ത്തനവും ഇല്ലാത്തതാണ് ആ പാര്‍ട്ടിയുടെ പ്രധാന പോരായ്മ. പ്രതിപക്ഷം ദുര്‍ബലമാണെന്ന ആക്ഷേപം പോലും ഉയര്‍ന്നുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഗ്രൂപ്പ് പോരും തമ്മില്‍ത്തല്ലും തുടര്‍ന്നാല്‍ കേരളത്തിലെ തങ്ങളുടെ ഭാവി എന്താവുമെന്ന് വേവലാതിപ്പെടേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss