|    Jan 19 Thu, 2017 2:06 pm
FLASH NEWS

‘തമ്പ്രാട്ടി’

Published : 31st May 2016 | Posted By: mi.ptk

കഴിഞ്ഞദിവസം അന്തരിച്ചആര്യ അന്തര്‍ജനത്തെക്കുറിച്ച് വ്യത്യസ്തമായ ഒരോര്‍മക്കുറിപ്പ്
arya

സരിത  മാഹിന്‍
തൃശൂര്‍ പൂങ്കുന്നത്തെ മനയ്ക്കലെ വീടിന്റെ കോലായിയില്‍ എന്നുമുണ്ടായിരുന്നു ആ സാന്നിധ്യം. പറന്നുപോവുന്ന കിളിയോടുവരെ കുശലം പറയുന്ന ആര്യ അന്തര്‍ജനം എന്നും ഒരു ആശ്ചര്യകാഴ്ചയായിരുന്നു. അവര്‍ തിരുവനന്തപുരത്തേക്കു പോവുന്നതുവരെ അതു തന്നെയായിരുന്നു പതിവ്. മനയ്ക്കലെ വീടും ഞങ്ങള്‍ക്കൊരു വിസ്മയ കാഴ്ചയായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താവ്, ദേശീയ പുരസ്‌കാര ജേതാവ് ഭരത് പ്രേംജിയുടെ വീടാണത് എന്ന അറിവില്‍ നിന്നുണ്ടാവാറുള്ള ഒരുതരം അഹന്ത നിറഞ്ഞ അദ്ഭുതമായിരുന്നു അത്. ഞങ്ങള്‍ അയല്‍വാസികള്‍ക്കൊക്കെയുണ്ടായിരുന്നു ഈ സ്വകാര്യ അഹങ്കാരം.

പൂങ്കുന്നം റെയില്‍വേ സ്റ്റേഷനടുത്തുള്ള കൊച്ചു സ്ലാബിട്ട വഴിയിലൂടെ പോവുമ്പോഴൊക്കെ പ്രേംജിയുടെ പ്രിയ പത്‌നി ആര്യ അന്തര്‍ജനം മനക്കലെ വീടിന്റെ വലിയ മുറ്റത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ കുശലം ചോദിക്കാതെ വിടാറില്ലായിരുന്നു. അമ്മൂമ്മയെപ്പറ്റി, അച്ഛനെക്കുറിച്ച്, അമ്മയെക്കുറിച്ച്, ഞങ്ങളുടെ പഠനത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് എല്ലാം അവര്‍ ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഞങ്ങളുടെ അമ്മൂമ്മ കാളി, മനക്കലെ പുറംപണി ചെയ്തിരുന്നു. അന്ന് ചിലപ്പോഴൊക്കെ ഞാനും അവിടെ പോയിട്ടുണ്ട്. ഒരു കാര്‍ക്കശ്യക്കാരിയായ യജമാനത്തിയെയാണ് അന്നൊക്കെ ആര്യ അന്തര്‍ജനത്തില്‍ കാണാനായിട്ടുള്ളത്. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതം. എന്നാല്‍, ആ മുന്‍കോപത്തെക്കുറിച്ച് അമ്മൂമ്മയ്ക്ക് പറയാനുള്ളത് മറിച്ചായിരുന്നു. ദേഷ്യം പുറത്തേയുള്ളൂ, തമ്പ്രാട്ടിക്ക് ഉള്ളില്‍ വല്യ സ്‌നേഹാ… അമ്മൂമ്മ അവരെ എപ്പോഴും തമ്പ്രാട്ടി എന്നാണ് വിളിച്ചിരുന്നത്.

ഒരിക്കല്‍ സഹികെട്ട് ചോദിച്ചു, എന്തിനാ അവരെ തമ്പ്രാട്ടിയെന്നു വിളിക്കണെന്ന്. മറുപടി മുറുക്കാന്‍ കറയുള്ള ഒരു ചിരിയായിരുന്നു. അതൊക്കെ ഒരു ശീലത്തിന്റെ ഭാഗമായിപ്പോയിരുന്നു അവര്‍ക്ക്. ആ പേര് മാറ്റിവിളിക്കണമെന്ന് അമ്മൂമ്മ ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. സന്ധ്യക്ക് എക്‌സ്പ്രസ് പത്രത്തിലെ പ്രൂഫ് വായനയും കഴിഞ്ഞ് തിരിച്ചുവരുന്ന പ്രേംജിയെ കാത്തിരിക്കുകയാവും ആര്യ. അദ്ദേഹം റോഡിലുള്ളവരോട് കുശലം പറഞ്ഞ്, നീണ്ട കാലന്‍കുടയുടെ സഹായത്തോടെ മറുകൈയില്‍ ഒരുകറുത്ത ബാഗുമായി വരുന്ന കാഴ്ചയാണ് ഇന്നും മായാതെ മനസ്സിലുള്ളത്. പ്രേംജിയുടെ താരമൂല്യം തിരിച്ചറിയാനായ പ്രായത്തില്‍ ഞാന്‍ ആ വീട്ടില്‍ പിന്നെയും പോയിട്ടുണ്ട്. അന്ന് ആര്യ അന്തര്‍ജനം ചോദിച്ചു: ‘നീ ആ കല്യാണീടെ മോളല്ലെ, എന്താ അമ്മയ്ക്കും അമ്മൂമ്മയ്ക്കും  സുഖമല്ലെ.’ ങാ, സുഖം എന്നുമാത്രം മറുപടി പറഞ്ഞു മടങ്ങിയ ആരോടും മിണ്ടാത്ത കുട്ടിയായിരുന്നു ഞാന്‍.

പിന്നീട് അവിടെ പോയത്, പ്രേംജിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ നീലനെ കാണാനാണ്. അതും അമ്മയുടെ നിര്‍ബന്ധപ്രകാരം. ഒരു ജോലി ശരിയാക്കിത്തരാന്‍ പറയാന്‍. അന്ന് അദ്ദേഹം പറഞ്ഞുതന്നത് ഞാന്‍ ഇന്നും മറന്നിട്ടില്ല. പത്രപ്രവര്‍ത്തനം നീ വിചാരിക്കുന്നത്ര ഈസി ജോലിയല്ല. നീ നന്നായി വായിക്കണം. ചിലപ്പോഴൊക്കെ ഉറക്കമിളച്ചുതന്നെ വായിക്കേണ്ടിവരും. ഞാനൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഈ കാണുന്ന പൊസിഷനില്‍ എത്താന്‍. നല്ല ഭാഷ ആര്‍ജിച്ചെടുക്കണം. അന്ന് അവിടെ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹത്തോട് ഒട്ടും പരിഭവം തോന്നിയില്ല. കാരണം കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഉപദേശം കിട്ടിയിരിക്കുന്നു. പിന്നീട് ആരുടെയും ശുപാര്‍ശക്കായി ഞാന്‍ കാത്തിരുന്നിട്ടില്ല. ആര്യ അന്തര്‍ജനത്തിന്റെയും പ്രേംജിയുടെയും കുടുംബം ഞങ്ങളോട് നന്നായി തന്നെ പെരുമാറി. പിന്നീട് അവിടുത്തെ കുട്ടികളോടൊപ്പം ജോണ്‍മത്തായി സെന്ററിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലും പഠിച്ചതോടെ ഞങ്ങള്‍ കൂട്ടുകാരുമായി. ആര്യ അന്തര്‍ജനം തിരുവനന്തപുരത്തേക്ക് പോയതോടെ പൂങ്കുന്നത്തെ ഇല്ലം അവര്‍ വാടകയ്ക്ക് കൊടുത്തു. വല്ലപ്പോഴും നാട്ടില്‍ പോവുമ്പോള്‍ കുശലം പറഞ്ഞു നടക്കുന്ന അന്തിക്കാട്ടുകാരി ആര്യ അന്തര്‍ജനത്തിന്റെ കാഴ്ച അതോടെ ഇല്ലാതായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക