|    Sep 24 Mon, 2018 3:55 am
FLASH NEWS
Home   >  Editpage  >  Second edit  >  

തമോദ്രവ്യം

Published : 24th January 2017 | Posted By: fsq

 

ആന്‍ഡ്രോമീഡ എന്ന പേരുള്ള ഗാലക്‌സി അസാധാരണ വേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്നത് ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ക്ക് കുറേക്കാലം ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. കറക്കത്തിന്റെ വേഗം പരിഗണിക്കുമ്പോള്‍ ഗാലക്‌സിയിലെ നക്ഷത്രങ്ങള്‍ തെറിച്ചുപോവേണ്ടിയിരുന്നു. എന്നാലതൊട്ടും സംഭവിക്കുന്നില്ലതാനും. മനുഷ്യര്‍ക്കു കാണാന്‍ കഴിയാത്ത ഒരു ദ്രവ്യത്തിന്റെ ആകര്‍ഷണംകൊണ്ടായിരുന്നു അങ്ങനെ സംഭവിക്കാതിരുന്നത്. തമോദ്രവ്യം എന്ന കണ്ടുപിടിത്തം പ്രപഞ്ചശാസ്ത്രത്തില്‍ നിലവിലിരുന്ന പല സങ്കല്‍പങ്ങളെയും കീഴ്‌മേല്‍ മറിച്ചു. യഥാര്‍ഥത്തില്‍ അല്‍പം കിറുക്കനായ ഫ്രിറ്റ്‌സ് സ്വിക്കി എന്ന സ്വിസ് ശാസ്ത്രജ്ഞന്‍ 30കളില്‍ തന്നെ അങ്ങനെയൊരു ദ്രവ്യമുണ്ടാവാമെന്നു സൂചിപ്പിച്ചിരുന്നു. അയാളെ മുഖ്യധാരയില്‍ വിലസുന്ന ജ്യോതിശാസ്ത്രജ്ഞര്‍ പരിഗണിച്ചില്ലെന്നു മാത്രം. ഡിസംബര്‍ അവസാനം, 88ാം വയസ്സില്‍ അന്തരിച്ച വേറാ റുബിന്‍ എന്ന അമേരിക്കക്കാരിയാണ് തമോദ്രവ്യമുണ്ടെന്നു സംശയരഹിതമായി തെളിയിച്ചത്. പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഒരു ശാസ്ത്രമേഖലയിലേക്ക് വേറ കടന്നുവന്നത് ഗോളശാസ്ത്രത്തില്‍ ചെറുപ്പംതൊട്ടു കാണിച്ച കൗതുകംകൊണ്ടാണ്. പിന്നെ നല്ല നിശ്ചയദാര്‍ഢ്യവും. മൗണ്ട് പാലോമര്‍ നിരീക്ഷണാലയത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍ വരെ ഇല്ലാതിരുന്ന കാലത്താണ് വേറ അവിടെ കടന്നുചെല്ലുന്നത്. വേറയുടെ കണ്ടുപിടിത്തം അംഗീകരിക്കാനും ശാസ്ത്രലോകം കുറേ സമയമെടുത്തു. 1992ല്‍ ഒരുകൂട്ടം നക്ഷത്രങ്ങള്‍ ഒരു ദിശയിലും മറ്റൊരു കൂട്ടം മറ്റൊരു ദിശയിലും കറങ്ങുന്ന ഒരു ഗാലക്‌സി കണ്ടുപിടിച്ചതും അവരാണ്. പിന്നീട് ശാസ്ത്രലോകം മെഡലുകള്‍കൊണ്ട് അവരെ മൂടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss