|    Nov 18 Sun, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തമിഴ് തടവുകാരെ മോചിപ്പിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വാഗ്ദാനം

Published : 5th November 2018 | Posted By: kasim kzm

കൊളംബോ: രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തമിഴ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്ന സൂചന നല്‍കി ശ്രീലങ്കന്‍ സര്‍ക്കാര്‍. അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റ മഹീന്ദ രാജപക്‌സെയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നമാല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസപ്രമേയത്തില്‍ രാജപക്‌സെക്കെതിരേ വോട്ട് ചെയ്യുമെന്ന് തമിഴ്‌സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ് സംഘടനകളുടെ പിന്തുണ നേടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് തടവുകാരെ മോചിപ്പിക്കുമെന്ന് രാജപക്‌സെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2009ല്‍ ശ്രീലങ്കന്‍ സേനയും തമിഴ് വിമോചന സംഘടനയായ എല്‍ടിടിഇയും തമ്മിലുള്ള ആഭ്യന്തരയുദ്ധം അവസാനിച്ചതിനു പിന്നാലെ ജയിലില്‍ അടച്ചവരെയാവും മോചിപ്പിക്കുക. നാടകീയ നീക്കത്തിലൂടെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി രാജപക്‌സെ തമിഴ് അനുകൂല പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. തടവുകാരുടെ മോചനം സംബന്ധിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേനയും രാജപക്‌സെയും ചേര്‍ന്ന് ഉടന്‍ തീരുമാനമെടുക്കുമെന്ന് നമാലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.ആഭ്യന്തരയുദ്ധം അവസാനിച്ചതിനു പിറകേ ജയിലില്‍ അടച്ചവരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണമെന്ന തമിഴ് സംഘടനകളുടെ ദീര്‍ഘകാല ആവശ്യം ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തീവ്രവാദ വിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിലാണ് പലരെയും തടവിലാക്കിയിട്ടുള്ളത്.
തമിഴ് നാഷനല്‍ അലയന്‍സ് (ടിഎന്‍എ) പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കാന്‍ പുതിയ നീക്കത്തിലൂടെ രാജപക്‌സെ ശ്രമിക്കുന്നതായി തടവുകാരുടെ മോചനം സംബന്ധിച്ച റിപോര്‍ട്ടില്‍ പറയുന്നു. ടിഎന്‍എയുടെ പിന്തുണയില്ലാതെ രാജപക്‌സെയ്ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല. 100 എംപിമാരുടെ പിന്തുണയാണ് നിലവില്‍ രാജപക്‌സെയ്ക്കുള്ളത്. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗയ്ക്ക് 103 എംപിമാരുടെ പിന്തുണയുണ്ട്. ടിഎന്‍എ എംപിമാര്‍ അടക്കമുള്ളവര്‍ രാജപക്‌സെയെ എതിര്‍ക്കുമെന്നാണു പ്രാഥമിക സൂചന. 225 അംഗ പാര്‍ലമെന്റില്‍ തമിഴ് സംഘടനകളുടെ പ്രതിനിധികളായി 15 പേരാണ് ഉള്ളത്. മഹീന്ദ രാജപക്‌സെക്കെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ടിഎന്‍എ പ്രഖ്യാപിച്ചിരുന്നു.രാജപക്‌സെയുടെ നിയമനം ഭരണഘടനാവിരുദ്ധവും അനധികൃതവുമാണെന്ന് ശ്രീലങ്കയിലെ തമിഴ് സംഘടനകള്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. രാജപക്‌സെ അധികാരത്തിലെത്തുന്നത് തടയാന്‍ റനില്‍ വിക്രമസിംഗയെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.
വിക്രമസിംഗയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യമായ അംഗങ്ങളുടെ പിന്തുണ രാജപക്‌സെയ്ക്കുള്ളതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്.വിക്രമസിംഗയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി)യാണു രാജപക്‌സെക്കെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. തനിക്കു ഭൂരിപക്ഷമുണ്ടെന്നും വിക്രമസിംഗെയോടൊപ്പമുണ്ടായിരുന്ന ആറുപേര്‍ ഇപ്പോള്‍ തന്നോടൊപ്പമാണെന്നും രാജപക്‌സെ അവകാശപ്പെടുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു മുന്നോടിയായി കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് രാജപക്‌സെ. വന്‍ തുക നല്‍കാമെന്നും മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചതായും പാര്‍ലമെന്റ് അംഗങ്ങളില്‍ ചിലര്‍ പറഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss