|    Nov 22 Wed, 2017 9:59 pm
FLASH NEWS

തമിഴ്‌നാട് ഷോളയാര്‍ പവര്‍ഹൗസ്-രണ്ട് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കണം

Published : 2nd October 2016 | Posted By: SMR

ചാലക്കുടി: സംസ്ഥാന സര്‍ക്കാരും ജലസേചന വകുപ്പും വൈദ്യുതി ബോര്‍ഡും ആളിയാര്‍-പറമ്പിക്കുളം കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാടുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും സപ്തംബര്‍ ഒന്നിന് ജലവിതരണം 2651.40 അടിയില്‍ എത്തിക്കാനേ തമിഴ്‌നാടിന് സാധിച്ചുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബി ഡി ദേവസ്സി എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പൂര്‍ണ ജലനിരപ്പായ 2663 അടിയില്‍ എത്തിക്കാത്ത സാഹ്യചര്യത്തില്‍ തമിഴ്‌നാട് ഷോളയാര്‍ പവര്‍ഹൗസ്-രണ്ട് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കണമെന്നും തമിഴ്‌നാട് ഷോളയാര്‍ പവര്‍ഹൗസ് ഒന്നിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ച് പരമാവധി ജലം കേരള ഷോളയാറില്‍ എത്തിച്ച് ജലനിരപ്പ് കരാര്‍ പ്രകാരമുള്ള അളവില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന കാലയളവിലും കരാര്‍ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
കരാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള ജലം ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ കേരളം സ്വീകരിക്കുമെന്നും മറുപടിയില്‍ അറിയിച്ചു. അന്തര്‍സംസ്ഥാന നദീജല കരാറുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതില്‍ ഊന്നല്‍ നല്‍കി കൊണ്ട് അയല്‍ സംസ്ഥാനങ്ങളുമായി തുടര്‍ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പിരഹാരത്തിനുള്ള സാധ്യതകളാണ് സംസ്ഥാനം ആരായുക.
ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ പറമ്പിക്കുളം ആലിയാര്‍ പദ്ധതി കരാറിന്റെ പുനരവലോകനമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അനൗപചാരിക ചര്‍ച്ച നടത്തിയിട്ടുണ്ട്.
കരാര്‍ പുനരവലോകനം ചെയ്യുന്ന നടപടികള്‍ കേരളം 1988ല്‍ തന്നെ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 1988-2011 വരെയുള്ള കാലഘട്ടത്തില്‍ ഉദ്യോഗസ്ഥതലത്തിലും മുഖ്യമന്ത്രി തലത്തിലും നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അധികജലലഭ്യത പങ്കുവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളവും തമിഴ്‌നാടും പരസ്പര ധാരണയില്‍ എത്തിയിട്ടില്ല. കരാര്‍ പ്രകാരം ചാലക്കുടി നദീതടത്തില്‍ നിന്നും ഓരോ ജലവര്‍ഷവും 12.3 ടിഎംസി ജലം കേരളത്തിന് അവകാശപ്പെട്ടതാണ്.
ഇത് കേരള ഷോളയാര്‍ പവര്‍ ഹൗസില്‍ അളന്ന് പുറത്ത് വിടേണ്ടതാണ്. ഒരുജലവര്‍ഷത്തില്‍ കേരള ഷോളയാറിലെ ജലവിതാനം നിശ്ചിത തിയ്യതികളില്‍ 2663 അടിയില്‍ നിര്‍ത്തേണ്ടതാണെന്നും സബ്മിഷനില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ആളിയാര്‍-പറമ്പിക്കുളം നദീജല കരാര്‍ പ്രകാരം 2016 ഫെബ്രുവരി ഒന്ന്, സപ്തംബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ തമിഴ്‌നാട് കേരള ഷോളയാര്‍ നിറക്കേണ്ടതിന് ആവശ്യമായ വെള്ളം വിട്ടുതരേണ്ടതാണ്. എന്നാല്‍ ഇത് പാലിക്കാതെ തമിഴ്‌നാട് കരാര്‍ ലംഘനമാണ് നടത്തിയിട്ടുള്ളത്. ഇതിന് മുമ്പും തമിഴ്‌നാട് കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്.
1971ല്‍ നടപ്പില്‍ വന്ന കരാര്‍ 25വര്‍ഷത്തേക്കാണ് നിശ്ചയിച്ചിരുന്നത്. കാലാവധി കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കരാര്‍ കാലാനുസൃതമായി പുതുക്കിയിട്ടില്ല. കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളം കൊണ്ടാണ് ഷോളയാര്‍, പെരിങ്ങല്‍ ജലവൈദ്യുത പദ്ധതികളില്‍ വൈദ്യുതി ഉല്‍പാദനം നടത്തുന്നത്. വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പുറത്ത് വിടുന്ന വെള്ളമാണ് ചാലക്കുടിപുഴയുടെ നീരൊഴുക്ക്.
വാഴച്ചാലിന്റെ മനോഹാരിതയും അതിരപ്പിള്ളി വെള്ളച്ചാട്ടവും എറണാകുളം-തൃശൂര്‍ ജില്ലകളിലെ അഞ്ച് മണ്ഡലങ്ങളിലെ കുടിവെള്ളത്തിനും ജലസേചനത്തിനും തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്‍ഷന്‍ സ്‌കീമിന്റെ പ്രവര്‍ത്തനവും ചാലക്കുടിപുഴയുടെ ഇരുകരകളിലുമുള്ള നിരവധി കുടിവെള്ള-ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനവും ഓരുവെള്ളം തടയുന്നതിനും സാധിക്കുന്നത് ഈ വെള്ളം ഉപയോഗിച്ചാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക