|    Nov 16 Fri, 2018 11:24 pm
FLASH NEWS
Home   >  Editpage  >  Editorial  >  

തമിഴ്‌നാട് രാഷ്ട്രീയം ഏതു വഴിയില്‍?

Published : 27th October 2018 | Posted By: kasim kzm

ദിനകരപക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിലേക്കു നീങ്ങുകയാണ്. സ്വാഭാവികമായും ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണമല്ലോ. എംഎല്‍എമാരുടെ മരണം മൂലം രണ്ടു മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നിയമസഭയുടെ ചിത്രം മാറും. എടപ്പാടി പളനിസ്വാമി നയിക്കുന്ന മന്ത്രിസഭയുടെ ഭാവി, തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നതിനെ ആശ്രയിച്ചുനില്‍ക്കുന്നു. തമിഴ്‌നാട് രാഷ്ട്രീയം ഏതു ദിശയിലേക്കാണ് നീങ്ങുകയെന്ന് അപ്പോള്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.
തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന നേതാവായിരുന്നു ജയലളിത. അവരുടെ മരണത്തോടെ അണ്ണാ ഡിഎംകെ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. അധികാരമല്‍സരങ്ങള്‍ പാര്‍ട്ടിയുടെ ആന്തരികാടിത്തറയ്ക്കു വലിയ പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. ജയലളിതയുടെ പിന്തുണ ആര്‍ക്കാണെന്നതാണ് വിഷയം. അമ്മയുടെ യഥാര്‍ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന് തെളിയിക്കാന്‍ എടപ്പാടിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ക്ക് ദിനകരന്‍ വിഭാഗത്തിന്റെ നീക്കങ്ങള്‍ വലിയ വെല്ലുവിളിയാണ്. ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്‍ നേടിയ വന്‍ വിജയം ഔദ്യോഗികപക്ഷത്തിനു സൃഷ്ടിച്ച ആഘാതം ചില്ലറയല്ല. ഈ പിന്തുണ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ദിനകരന്‍പക്ഷത്തിന് തെളിയിച്ചെടുക്കാനായാല്‍ ഭരണപക്ഷത്തിന്റെ കെട്ടുറപ്പ് ഇല്ലാതാവുകയാണ് ചെയ്യുക. ചുരുക്കത്തില്‍, ഉപതിരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തെ അടിമുടി മാറ്റും.
ഈ മാറ്റം എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്ക്ക് അനുകൂലമാവുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തില്‍ മാത്രം ഊന്നിനില്‍ക്കുന്ന പാര്‍ട്ടിയല്ല ഡിഎംകെ. അത് വലിയൊരളവോളം സംഘടനാപരമായ അടിത്തറയുള്ള കക്ഷിയാണ്. ബ്രാഹ്മണിക്കല്‍ ആശയങ്ങളെ ചോദ്യംചെയ്യുന്ന പെരിയോറുടെയും അണ്ണാദുരൈയുടെയും കാഴ്ചപ്പാടുകള്‍ പാര്‍ട്ടി തീര്‍ത്തും കൈയൊഴിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ ജാതികേന്ദ്രീകൃത രാഷ്ട്രീയാന്തരീക്ഷത്തെ കുറച്ചെങ്കിലും ജനാധിപത്യപരമാക്കുന്നത് ഡിഎംകെയാണ്. ജയലളിതയുടെ വ്യക്തിപ്രഭാവത്തിന്റെ ആനുകൂല്യത്തില്‍ നിലനിന്നുപോന്ന എഐഎഡിഎംകെയ്ക്ക് അങ്ങനെയൊരു നേതാവില്ലാത്ത പുതിയ സാഹചര്യത്തില്‍ ഡിഎംകെ എത്രകണ്ട് നേട്ടങ്ങളുണ്ടാക്കുമെന്ന് കണ്ടറിയണം. ഹിന്ദുത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള യജ്ഞത്തില്‍ ഡിഎംകെയുടെ പങ്കെന്താണെന്നും വ്യക്തമാവണം. ദേശീയ രാഷ്ട്രീയത്തില്‍ തമിഴ്‌നാടിന്റെ പങ്ക് പുനര്‍നിര്‍വചിക്കുന്നതായിരിക്കും ഈ മാറ്റങ്ങള്‍ എന്നു തീര്‍ച്ച. ഈ അവസ്ഥയില്‍, രജനീകാന്തും കമല്‍ഹാസനും രൂപംകൊടുത്തിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്തു പ്രതിഫലനമാണ് ഉണ്ടാക്കുകയെന്നും കണ്ടറിയേണ്ടതുണ്ട്. ഒരു കാര്യം ഉറപ്പാണ്- വ്യക്തികേന്ദ്രീകൃതമാവുകയില്ല മേലില്‍ തമിഴകത്തിന്റെ രാഷ്ട്രീയമനസ്സ്. അത്രയും നല്ലത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss