|    Nov 15 Thu, 2018 8:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

തമിഴ്‌നാട് : രാജി നീക്കവുമായി പ്രതിപക്ഷ എംഎല്‍എമാര്‍

Published : 20th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ക്കിടയിലെ അധികാര തര്‍ക്കം തുടരുന്നതിനിടെ പുതിയ നീക്കവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തെ കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാര്‍ കൂട്ട രാജിക്കൊരുങ്ങുന്നതായാണ് റിപോര്‍ട്ട്. അണ്ണാ ഡിഎംകെയുടെ പതിനെട്ട് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തെ 100 എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിലവിലെ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനായി ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്തുകയാണ് കൂട്ട രാജിക്കൊരുങ്ങുന്ന പ്രതിപക്ഷ എംഎല്‍മാരുടെ ലക്ഷ്യം. അതേസമയം, ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരേ എംഎല്‍എമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവയ്ക്കില്ലെന്നും തങ്ങള്‍ രാജിവച്ചാല്‍ അത് ഭരണകക്ഷിക്ക് സഹായകമായിത്തീരുമെന്നും ഡിഎംകെ വക്താവ് എ ശരവണന്‍ പറഞ്ഞു. എന്നാല്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും ശരവണന്‍ വ്യക്തമാക്കി. കൂറുമാറ്റ ചട്ടങ്ങള്‍ പ്രകാരം തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss