|    Oct 19 Fri, 2018 1:31 am
FLASH NEWS

തമിഴ്‌നാട് പോലിസുകാരന് മര്‍ദനം; തളിപ്പറമ്പ് എഎസ്‌ഐക്കെതിരേ നടപടിക്കു സാധ്യത

Published : 13th September 2017 | Posted By: fsq

 

തളിപ്പറമ്പ്: മധുരയില്‍ നിന്ന് ഔദ്യോഗികാവശ്യത്തിനെത്തിയ തമിഴ്‌നാട് പോലിസുകാരനെ മര്‍ദിച്ച സംഭവത്തില്‍ തളിപ്പറമ്പ് സ്റ്റേഷനിലെ എഎസ്‌ഐക്കെതിരേ നടപടിക്കു സാധ്യത. മധുര സിറ്റി പോലിസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം സദാശിവത്തിനാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തളിപ്പറമ്പ് പോലിസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റത്. തളിപ്പറമ്പ് സ്വദേശിയും പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ കത്തി ഹംസ മധുര ജയിലില്‍ കഴിയുന്നുണ്ട്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി ഹംസയുടെ പേരില്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ എത്തിയതായിരുന്നു സദാശിവം. പുലര്‍ച്ചെ തളിപ്പറമ്പിലെത്തി സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്ത സദാശിവം കിടന്നുറങ്ങാനുള്ള സൗകര്യം അന്വേഷിച്ചപ്പോള്‍ ജിഡി ചാര്‍ജ് മുകളിലെ നിലയില്‍ പോലിസുകാരുടെ വിശ്രമമുറി അനുവദിച്ചു. ഷീറ്റ് വിരിച്ച് കിടന്നുറങ്ങിയ സദാശിവത്തെ എഎസ്‌ഐ വിജയമണി മര്‍ദിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന വിജയമണിയുടെ തോര്‍ത്തെടുത്ത് ഷീറ്റിന് മുകളില്‍ വിരച്ചതിനാണു മര്‍ദനം. ബഹളം കേട്ടെത്തിയ പോലിസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരോടും തട്ടിക്കയറി. സദാശിവം ഇക്കാര്യം മധുര പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് അഡ്മിനിസ്‌ട്രേഷന്‍ ഐജി കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിനോടു വിവരം ആരാഞ്ഞു. സദാശിവത്തെ വിളിച്ചുവരുത്തി നേരിട്ടു പരാതി വാങ്ങിയ പോലിസ് മേധാവി, തളിപ്പറമ്പ് ഡിവൈഎസ്പിയോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. റിപോര്‍ട്ടില്‍ വിജയമണി കുറ്റക്കാരനാണെന്നു കണ്ടെത്തിയതായാണു വിവരം. ഇതേത്തുടര്‍ന്നാണ് നടപടിക്കു സാധ്യതയേറിയത്. നേരത്തേ പരിയാരത്ത് വാഹനപരിശോധനയുമായി ബന്ധപ്പെട്ട് എസ്‌ഐക്കെതിരേ കൃത്രിമമായി പരാതിയുണ്ടാക്കി വിവാദം സൃഷ്ടിച്ചെന്ന സംഭവത്തിലും വിജയമണി ആരോപണവിധേയനാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss