|    Oct 16 Tue, 2018 7:42 pm
FLASH NEWS

തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുട്ട്‌സംഘം പിടിയില്‍

Published : 7th December 2017 | Posted By: kasim kzm

ശബരിമല: ശബരിമല തീര്‍ഥാടകരുടെ ബാഗും മറ്റും മോഷ്ടിക്കാനെത്തിയ വന്‍സംഘം പമ്പയില്‍ പോലീസിന്റെ പിടിയിലായി. തമിഴ്—നാട്ടില്‍ നിന്നുള്ള തിരുട്ട്—സംഘാംഗങ്ങളാണ് പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്.
തേനി കമ്പം ചെല്ലാണ്ടിയമ്മാള്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 22 സിയില്‍ ചിന്നയ്യാര്‍ മകന്‍ അയ്യനാര്‍(58), ഡിണ്ടിഗല്‍ ആത്തൂര്‍ നടുത്തെരുവില്‍ ഡോര്‍നമ്പര്‍ 52ല്‍ ശങ്കര്‍ മകന്‍ മുരുകന്‍ എന്ന മണിമുരുകന്‍(55), ഡോര്‍ നമ്പര്‍ 8ല്‍ രാജാ മകന്‍ പളനിച്ചാമി(48), ആണ്ടിപ്പെട്ടി വടക്ക് തെരുവ് ഡോര്‍നമ്പര്‍ 49ല്‍ പെരുമാള്‍ മകന്‍ രവി(48), ആന്ധ്രാപ്രദേശ് നെല്ലൂര്‍ ബോഗവാലു സ്വദേശി ബാബു മകന്‍ ബെനാല കൈഫ എന്നിവരെയാണ് പമ്പാ ത്രിവേണിയ്ക്ക് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് സംഘം പിടിയിലായത്. അയ്യനാര്‍ തലവനായുള്ള സംഘത്തില്‍ മുരുകന്‍, പളനിച്ചാമി എന്നിവര്‍ കഴിഞ്ഞ 20 വര്‍ഷമായി മണ്ഡല മകരവിളക്ക്, വിഷു, മാസപൂജ കാലയളവില്‍ മോഷണകേസുകളില്‍ പിടിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ്. ഇവര്‍ നൂറോളം കേസുകളില്‍ പ്രതികളുമാണ്. അയ്യപ്പന്‍മാര്‍ ദര്‍ശനത്തിന് തിരക്കുകൂട്ടുന്ന പമ്പാഗണപതി കോവില്‍, സന്നിധാനം ഫ്‌ളൈ ഓവര്‍, സോപാനം, കന്നിമൂല ഗണപതികോവില്‍, മാളികപ്പുറം എന്നിവിടങ്ങളിലും മലകയറി വിശ്രമിക്കുന്ന നീലിമല, അപ്പാച്ചിമേട്, ശബരീപീഠം തുടങ്ങിയ സ്ഥലങ്ങളിലും അയ്യപ്പന്‍മാരുടെ തോള്‍സഞ്ചി ബ്ലേഡ് ഉപയോഗിച്ച് അറുത്ത് പണവും മൊബൈലും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. അയ്യപ്പവേഷത്തില്‍ എത്തുന്ന മോഷ്ടാക്കളെ തിരിച്ചറിയുക വളരെ പ്രയാസമാണ്.
മോഷണം നടത്തിയ ശേഷം വനത്തില്‍ കയറി പണം വീതംവെച്ച് ഒഴിഞ്ഞ പേഴ്—സുകളും മറ്റും ഉപേക്ഷിക്കുകയും ശേഷം സംഘത്തിലെ ഒരാള്‍ പണവും മൊബൈലുമായി മടങ്ങുകയും മറ്റുള്ളവര്‍ വനത്തില്‍തന്നെ തങ്ങുകയുമാണ് ഇവരുടെ രീതി. ഇതേ രീതിയില്‍തന്നെ മോഷണം നടത്തിയ തമിഴ്—നാട് തേനി സ്വദേശി സുരുളിനാഥന്‍(45) കഴിഞ്ഞദിവസം പമ്പയിലും തേനി സ്വദേശികളായ ആറുപേര്‍ സന്നിധാനത്തും പിടിയിലായിരുന്നു.
പമ്പാ സര്‍ക്കിള്‍ ഇന്‍സ്—പെക്ടര്‍ കെ.എസ്. വിജയന്‍, എസ്.ഐമാരായ ഗോപകുമാര്‍, ഇബ്രാഹിംകുട്ടി, സന്നിധാനം എസ്.ഐ. പ്രജീഷ്, ഷാഡോ പോലീസ് അംഗങ്ങളായ അജി ശാമുവേല്‍, രാധാകൃഷ്ണന്‍, ഹരികുമാര്‍, സുജിത്ത്, പമ്പാ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ അനില്‍, മോഹന്‍ലാല്‍, ഉദയന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss