|    Mar 19 Mon, 2018 1:10 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

തമിഴ്‌നാട്ടില്‍ ജാതിവെറിയുടെ തീക്കാറ്റ്

Published : 9th April 2016 | Posted By: SMR

വിളയോടി ശിവന്‍കുട്ടി

തമിഴ്‌നാട്ടില്‍ തന്തൈപെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ ഉഴുതുമറിച്ച മണ്ണില്‍ പൊട്ടിമുളച്ച കളയാണ് ജാതി. ”പാമ്പേ വിട്ടാലും പട്ടരെ വിടകൂടാത്” എന്ന് ആഹ്വാനം ചെയ്ത ഇവിആറിനെ തമിഴകത്ത് വേരോട്ടമുള്ള ദ്രാവിഡപ്രസ്ഥാനങ്ങള്‍ തമസ്‌കരിച്ചതിന്റെ ദുരന്തമാണ് തമിഴ്മണ്ണില്‍ പെരുകുന്ന ദുരഭിമാനക്കൊലകള്‍. കണ്ണകിയുടെയും കോവിലന്റെയും കഥയില്‍ അന്യായത്തിന്റെ ചെങ്കോല്‍ സ്വയം വലിച്ചെറിഞ്ഞ് ചെയ്തുപോയ തെറ്റില്‍ സ്വയം പശ്ചാത്തപിച്ച പാണ്ഡ്യരാജാവിന്റെ മരണവും മധുരാപുരിയെ ചുട്ടെരിച്ചതിന്റെ ചരിത്രവുമുള്ള പാണ്ഡ്യനാട്ടിലാണ് ശങ്കറും കൗശല്യയും പ്രണയിച്ച് വിവാഹിതരായത്. ഇതില്‍ കലിപൂണ്ട കൗശല്യയുടെ പിതാവ് ക്വട്ടേഷന്‍ ഗുണ്ടകളെ വിട്ട് ശങ്കറിനെ കൊലചെയ്തു. ദമ്പതികളില്‍ ഒരാള്‍ കൊല്ലപ്പെടുക, മകള്‍ അകാലത്തില്‍ വിധവയാവുക. എത്ര ക്രൂരമാണ് ഈ കൊലപാതകം. ചിന്തനയും ബോധനയും ഇല്ലാത്ത ജാതിവകയ്ക്ക് വടക്കെ ഇന്ത്യന്‍ ഗ്രാമങ്ങളെ വെല്ലുന്ന തമിഴ് ഗ്രാമങ്ങള്‍.
തേവരെന്നും കൗണ്ടറെന്നും ചക്ലിയനെന്നും ഇറവാളനെന്നും ശക്തമായ ജാതിമതിലുകളാല്‍ വിഭജിക്കപ്പെട്ടവര്‍. വിഭജനത്തിന്റെ തീ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. സമ്പത്തും അധികാരവും ഭൂമിയും അവരുടെ മാത്രം സ്വന്തം. ചക്ലിയന്റെ നായ കൗണ്ടറുടെ പെണ്‍നായയുമായി ഇണചേര്‍ന്നതിന്റെ പേരില്‍പ്പോലും ജാതികലവരം (ജാതിവഴക്ക്) നടന്നിട്ടുണ്ട്.
ഇന്നും തമിഴകത്ത് തേവര്‍വളവും കൗണ്ടര്‍വീഥിയും എത്തിയാല്‍ താഴ്ന്നസമുദായക്കാര്‍ തലക്കെട്ടഴിക്കണം. മോട്ടോര്‍ബൈക്കോ സൈക്കിളോ സ്വന്തമായിട്ടുള്ളവര്‍ അത് നിര്‍ത്തി താഴെയിറങ്ങി ഉരുട്ടണം. ചെരിപ്പ് ധരിച്ചു നടക്കുന്നവര്‍ അത് ഊരി കൈയില്‍ പിടിക്കണം. അവരുടെ കണ്‍വെട്ടം താണ്ടി മാത്രമേ ഇവയെല്ലാം പുനസ്ഥാപിക്കാന്‍ പാടുള്ളൂ. എത്ര വിദ്യാഭ്യാസമുള്ളവനും മേല്‍ജാതിക്കാര്‍ക്കു മുമ്പില്‍ അടിപണിഞ്ഞു നില്‍ക്കണം. ഇതാണു കീഴ്‌വഴക്കം. മരിച്ചാല്‍ ചക്ലിയനും ഇറവാളനും കൗണ്ടരും തേവരും നായ്ക്കരും വേറെവേറെ ശ്മശാനങ്ങളിലാണ് പ്രവേശനവും സംസ്‌കരിക്കലും. എത്ര അഭ്യസ്തവിദ്യനാണെങ്കിലും കീഴാളകുലത്തില്‍ പിറന്നവരാണെങ്കില്‍ മേല്‍ജാതിക്കാരിയായ പെണ്ണിനെ പ്രേമിക്കാനുള്ള അധികാരമോ അവകാശമോ ഇല്ല. ഇതൊരു അലിഖിത നിയമമാണ്. എന്നാല്‍, കീഴാള പെണ്ണ് കറുത്തവളാണെങ്കിലും ലക്ഷണമൊത്തവളാണെങ്കില്‍ അവളുടെ കന്യകാത്വം കവരുന്ന മേലാളര്‍ക്ക് അയിത്തവുമില്ല, ഒരാളുടെയും അനുവാദവും വേണ്ട.
എരുമകളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ചില കീഴ്ജാതിക്കാര്‍ പാലു കറന്ന് സൊസൈറ്റിയിലെത്തിയാല്‍ അകത്ത് പ്രവേശനം നിഷേധിക്കും. പകരം വേണ്ടരുടെ കൈയില്‍ പാത്രം എറിഞ്ഞുകൊടുക്കണം. ഒഴിച്ച പാത്രം അതുപോലെ തിരിച്ചും. കാരണം, കൗണ്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും സൊസൈറ്റികളുടെ നടത്തിപ്പ്. അതിര്‍ത്തിഗ്രാമങ്ങളിലെ കൗണ്ടര്‍മാര്‍ നടത്തുന്ന ചായപ്പീടികകളിലെ രണ്ടുതരം ഗ്ലാസുകള്‍ വാര്‍ത്തയായതാണ്. എന്നാലും ഇപ്പോഴും അതു നിലനില്‍ക്കുന്നു. പണപ്പെട്ടിയില്‍ വീഴുന്ന ചായക്കാശിന് മാത്രം അയിത്തമില്ല. ബാലറ്റ് പെട്ടിയിലെ വോട്ടിനും.
അന്ധമായ ജാതിവെറിയുടെ ചൂതുകളിയില്‍ മനുഷ്യത്വം മറന്ന് കരുക്കള്‍ നീക്കുമ്പോള്‍ ചതിയുടെ ആള്‍രൂപങ്ങള്‍ പകിടമറിക്കുന്നു. ശകുനിമാര്‍ ദ്രാവിഡനാട്ടില്‍ പുനര്‍ജനിക്കുന്നു. ജാതിക്കലിക്കിരയാവുന്ന കീഴാളരുടെ നീതിക്കെതിരേ സംഘപരിവാരം കൗണ്ടപ്രമാണിമാരുടെയും തേവര്‍കുലത്തിന്റെയും തേര്‍വാഴ്ചയ്ക്ക് മുമ്പില്‍ ധ്വജപ്രണാമം നടത്തുന്നു. ഇത്തരം ചിന്താഗതിയുടെ നാമ്പും കാമ്പും അറുത്തെറിയാന്‍ സന്നദ്ധരായ യുവതയുടെ ജ്വലിക്കുന്ന വര്‍ഗരോഷത്തിന്റെ അലയടികള്‍ മനുവാദികളാല്‍ കൊല്ലപ്പെട്ട ശങ്കറിന്റെ ജന്മദേശമായ മടത്തുകുളത്തുവച്ച് നടന്ന ആര്‍പ്പാട്ടത്തില്‍ (പ്രതിഷേധം) ദൃശ്യമായിരുന്നു. വിവിധ ദലിത് സംഘടനകളുടെയും പെരിയാര്‍കക്ഷികളുടെയും നേതൃത്വത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് (പിഎല്‍എഫ്) സംഘടിപ്പിച്ച ആധിക്യജാതി കൊടുമയ്‌ക്കെതിരേയുള്ള പ്രതിഷേധത്തില്‍ ഈ ലേഖകനും പങ്കെടുത്തതിന്റെ അനുഭവക്കുറിപ്പുകൂടിയാണിത്.
ശങ്കര്‍വധം മനിതാഭിമാനപ്രശ്‌നമായിട്ടാണ് അവര്‍ ഉന്നയിച്ചത്. ആയിരത്താണ്ടുകളായി ജാതി മനുഷ്യന്റെ സ്വത്വത്തെ ഇല്ലാതാക്കുമ്പോള്‍, അതിന്റെ അടിവേര് ആര്യബ്രാഹ്മണ്യത്തിലാണ് കലാശിക്കുന്നത്. ബ്രാഹ്മണിസത്തിനെതിരേയുള്ള പോരാട്ടം നടക്കേണ്ടത് നിയമനിര്‍മാണസഭയ്ക്കു പുറത്താണ്. കാരണം, നിയമനിര്‍മാണത്തിലൂടെ അതിനെ നിഷ്‌കാസനം ചെയ്യാന്‍ കഴിയില്ല. ബ്രാഹ്മണിസത്തിനെതിരേയുള്ള സമരം പ്രഥമമായി അരങ്ങേറേണ്ടത് നമ്മുടെ മനസ്സുകളിലാണ്.
ഒരു പിരമിഡുപോലെ സവര്‍ണബ്രാഹ്മണ്യം സൃഷ്ടിച്ച ജാതിഘടനയ്‌ക്കെതിരേ ഉത്തരേന്ത്യയില്‍ ജ്യോതിബാ ഫൂലെ, സാഹുമഹാരാജ്, ഡോ. ബാബാസാഹിബ് അംബേദ്കര്‍ തുടങ്ങി ദക്ഷിണേന്ത്യയില്‍ പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍, മഹാത്മാ അയ്യങ്കാളി, ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, പൊയ്കയില്‍ യോഹന്നാന്‍, ചെത്തുകാരന്‍ മുത്തുകുട്ടി, വി ടി ഭട്ടതിരിപ്പാട് വരെയുള്ളവര്‍ ഉഴുതുമറിച്ച മണ്ണില്‍ ജാതിമതിലുകള്‍ ഉയരുന്നു. ജാതിമേധാവിത്വം സമൂഹത്തില്‍ അള്ളിപ്പിടിക്കുന്നു. ദുരഭിമാനക്കൊലകള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ വടക്കെ ഇന്ത്യയില്‍ ഖാപ്പ് പഞ്ചായത്തുകളാണ് പ്രതിസ്ഥാനത്തെങ്കില്‍ തമിഴ്‌നാട്ടില്‍ കട്ടപഞ്ചായത്തുകളാണ്. കേരളത്തില്‍ ജാതി ഉള്‍വലിഞ്ഞുനില്‍ക്കുമ്പോള്‍ തമിഴകമടക്കം വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത് പ്രത്യക്ഷവല്‍ക്കരിക്കുന്നു. പ്രത്യക്ഷവും പരോക്ഷവുമായ ഈ ജാതിഘടനയും ശ്രേഷ്ഠമ്ലേച്ഛ ബോധവും തകര്‍ക്കപ്പെടാത്ത കാലത്തോളം ശങ്കര്‍വധം അവസാനത്തേതെന്നു പറയാനാവില്ല.

(എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss