|    Jul 25 Tue, 2017 10:13 pm
FLASH NEWS
Home   >  Editpage  >  Editorial  >  

തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി

Published : 7th October 2016 | Posted By: SMR

ജനാധിപത്യ സംവിധാനത്തിനു തീര്‍ത്തും അപരിചിതമായ സാഹചര്യമാണ് തമിഴ്‌നാട്ടില്‍ ദിവസങ്ങളായി നിലനില്‍ക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ‘അമ്മ’ രണ്ടാഴ്ചയായി ആശുപത്രിയിലാണ്. ജയലളിതയെ മാത്രം കേന്ദ്രീകരിച്ചുനില്‍ക്കുന്ന എഐഎഡിഎംകെ എന്ന ഭരണകക്ഷി കപ്പിത്താനില്ലാത്ത നൗക പോലെയാണിപ്പോള്‍. പനിയും നിര്‍ജലീകരണവും കാരണം സപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഇടയ്ക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടുന്നുണ്ട്. വിദഗ്ധ ചികില്‍സയ്ക്കായി അവരെ വിദേശത്തേക്കു കൊണ്ടുപോകുന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍, പിന്നീട് ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ബ്രിട്ടനില്‍ നിന്നു വിദഗ്ധനെത്തി.
ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ക്കായി പൊതുസമൂഹം കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച ഊഹാപോഹങ്ങള്‍ക്കു വിരാമമിടണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധി ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ചു നല്‍കിയ പൊതുതാല്‍പര്യ ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമായി തുടരുകയാണ്. വരുമാന അനുപാതത്തിന് അതീതമായ സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് 2014 ഒക്ടോബര്‍ മുതല്‍ 2015 മെയ് വരെ ജയലളിത തടവിലായിരുന്ന ഘട്ടത്തിലും ഇതേ അവസ്ഥയാണ് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയായി ഒ പന്നീര്‍ശെല്‍വം അന്നു ചുമതലയേറ്റുവെങ്കിലും സ്വന്തമായി തീരുമാനം എടുക്കുന്നതിനുള്ള ശേഷി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
ഭരണപ്രതിസന്ധി ഒഴിവാക്കുന്നതില്‍ ജയയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും എഐഎഡിഎംകെയുടെയും തന്ത്രപരമായ ശ്രമങ്ങള്‍ വിജയിക്കുന്നതായി വാര്‍ത്തയുണ്ട്. ആശുപത്രിക്കിടക്കയിലുള്ള മുഖ്യമന്ത്രിയുടെ പേരില്‍ പദ്ധതികളും പ്രഖ്യാപനങ്ങളും പുറത്തുവരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പത്രപ്രസ്താവനകളും നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ പദവിയിലുള്ള മലയാളിയായ ഷീല സുബ്രഹ്മണ്യവും ചീഫ് സെക്രട്ടറിയും രണ്ടു മന്ത്രിമാരും അടങ്ങുന്ന നാലംഗസംഘമാണ് സംസ്ഥാനഭരണം നടത്തുന്നതത്രേ! എട്ടു കോടിയോളം വരുന്ന ജനതയുടെ ക്ഷേമകാര്യങ്ങള്‍ നിര്‍വഹിക്കുകയെന്ന ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതിനു സാധ്യമായ അവസ്ഥയിലല്ല ജയലളിതയെന്നു കരുതേണ്ടിവരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നേതൃനിരയിലെ പ്രാപ്തനായ മറ്റൊരാള്‍ ആ ചുമതല നിര്‍വഹിക്കേണ്ടതുണ്ട്. അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതുവരെ പകരം സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ജയലളിതയില്‍ തുടങ്ങുകയും ജയലളിതയില്‍ അവസാനിക്കുകയും ചെയ്യുന്ന സംഘടനാ വ്യവസ്ഥയാണ് എഐഎഡിഎംകെ എന്ന രാഷ്ട്രീയകക്ഷിക്കുള്ളത്. ഇത്തരം അവസ്ഥ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ രാഷ്ട്രീയകക്ഷിയെ സംബന്ധിച്ചിടത്തോളം ഗുണകരമല്ല. ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും അത് ഉപകരിക്കുകയുമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക