|    Jan 20 Fri, 2017 7:23 am
FLASH NEWS

തമിഴ്‌നാടിന് പ്രതിദിനം 2000 ഘനയടി ജലം നല്‍കണം

Published : 19th October 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തമിഴ്‌നാടിന് പ്രതിദിനം 2000 ഘനയടി ജലം നല്‍കാന്‍ കര്‍ണാടകയോട് സുപ്രിംകോടതി. തമിഴ്‌നാടിനും കര്‍ണാടകയ്ക്കും ഒരുപോലെ വെള്ളം ആവശ്യമുണ്ടെന്നു നിരീക്ഷിച്ച കോടതി, കാവേരി നദീജല തര്‍ക്കത്തിന്റെ പേരില്‍ അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ പൊതുജനം സാമാന്യബോധത്തോടെയാണ് പെരുമാറേണ്ടത്.
ഒരു തര്‍ക്കമുണ്ടാവുമ്പോള്‍ അതു പരിഹരിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ നിയമം കൈയിലെടുക്കാന്‍ ശ്രമിക്കരുത്. രണ്ടു സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും ജസ്റ്റിസുമാരായ ദിപക് മിശ്ര, അമിതവ് റോയ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജലദൗര്‍ലഭ്യം മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ ഒരുപോലെ പ്രയാസപ്പെടുകയാണെന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുസംസ്ഥാനങ്ങളും ചേര്‍ന്നുള്ള നടപടികള്‍ വേണമെന്നും കാവേരി സന്ദര്‍ശിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ഉന്നതതല സാങ്കേതിക സംഘം കഴിഞ്ഞ ദിവസം റിപോര്‍ട്ട് നല്‍കിയിരുന്നു.
തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടകയോട് നിര്‍ദേശിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝാ അധ്യക്ഷനായ സംഘം ശുപാര്‍ശ ചെയ്തിരുന്നില്ല. സുപ്രിംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളം വിട്ടുകൊടുക്കുന്നതിന് കര്‍ണാടക നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും കാവേരി നദീതടപ്രദേശങ്ങള്‍ വരള്‍ച്ചയിലാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സമിതി റിപോര്‍ട്ട് ഇന്നലെ സുപ്രിംകോടതി പരിഗണിച്ചു. താല്‍ക്കാലിക നടപടിയെന്ന നിലയ്ക്കാണ് 2000 ക്യൂസെക്‌സ് വെള്ളം വിട്ടുകൊടുക്കാനുള്ള ഉത്തരവ് തുടരുന്നതെന്ന് കോടതി വ്യക്തമാക്കി. കാവേരി ട്രൈബ്യൂണലിനെതിരായി സുപ്രിംകോടതിയുടെ മുന്നിലുള്ള അപ്പീല്‍ നിലനില്‍ക്കുമോ എന്ന കാര്യമായിരിക്കും ആദ്യം പരിഗണിക്കുക.
ഇക്കാര്യത്തില്‍ വിധിപറഞ്ഞ ശേഷമായിരിക്കും ജലതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കുകയെന്നും കോടതി വ്യക്തമാക്കി. 1956ലെ അന്തര്‍സംസ്ഥാന നദീജല തര്‍ക്കപരിഹാര നിയമപ്രകാരം ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും അതിനാല്‍ ഈ അപ്പീല്‍ നിലനില്‍ക്കാത്തതാണെന്നുമുള്ള നിലപാട് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ മുകുള്‍ രോഹത് ഗി ആവര്‍ത്തിച്ചു.
ഇത്തരം കേസുകളില്‍ ട്രൈബ്യൂണല്‍ വിധിപറഞ്ഞാല്‍ അത് അന്തിമമാണെന്നും പാര്‍ലമെന്ററി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യുണല്‍ വന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇതിനെ കര്‍ണാടക എതിര്‍ത്തു.
അതേസമയം,  കാവേരി പ്രശ്‌നത്തെ ചൊല്ലി തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരും റെയില്‍ തടയല്‍ സമരം തുടരുന്നു. സമരവുമായി ബന്ധപ്പെട്ട് തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജി കെ വാസനെയും 300ഓളം കര്‍ഷകരെയും പോലിസ് അറസ്റ്റു ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക