|    Jun 25 Mon, 2018 7:02 pm
FLASH NEWS
Home   >  Opinion   >  

തമിഴകത്ത് വലിച്ചു കീറപ്പെട്ടത് ജനാധിപത്യം

Published : 28th February 2017 | Posted By: shins

imthihan-SMALLനാടകീയരംഗങ്ങള്‍ക്കൊടുവില്‍ പാണ്ഡിനാട്ടില്‍ പളനിസ്വാമി  മുഖ്യമന്ത്രിയായി അധികാരമുറപ്പിച്ചിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെക്കാലം തമിഴ്-ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ നിര്യാണത്തോടെയാണ് തമിഴകത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. നീണ്ട ആശുപത്രിവാസത്തിനൊടുവില്‍ ആരോഗ്യം വീണ്ടെടുത്ത് സജീവരാഷ്ടീയത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങിക്കൊണ്ടിരിക്കെ  അപ്രതീക്ഷിതവും നിഗൂഢവുമായി ജയലളിതയുടെ ദേഹവിയോഗം സംഭവിക്കുകയായിരുന്നുവല്ലോ. ജയയുടെ മൃതശരീരം  ആശുപത്രിയില്‍നിന്നും പുറത്തെടുക്കുന്നതിനു മുമ്പേ  ജയയുടെ എക്കാലത്തേയും വിശ്വസ്ത-വിനീതദാസനും താല്‍ക്കാലിക മുഖ്യമന്ത്രിയായിരുന്ന ഒ പനിനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി എ ഐ ഡി എം കെ രാഷ്ട്രീയനിരീക്ഷകരെയും ശത്രുക്കളെയും അതിശയിപ്പിച്ചിരുന്നു. എന്നാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ സംരക്ഷണം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തികേന്ദ്രീകൃത പ്രസ്ഥാനങ്ങളുടെ സ്വഭാവിക പരിണിതി ജയയുടെ പാര്‍ട്ടിയെയും വെറുതെവിട്ടില്ല. ജനാധിപത്യയുഗത്തിലും അധികാരദുര്‍വിനിയോഗം നടത്തി പൊതുഖജനാവിലെ നികുതിപ്പണം ധൂര്‍ത്തടിച്ച് രാജഭരണത്തെ അനുസ്മരിപ്പിക്കുമാറ് തോഴിമാരും ചെല്ലംചുമപ്പുകാരുമായി കൊട്ടാരസമാനമായ വീടുകളില്‍ അത്യാടംഭരപൂര്‍ണമായ ജീവിതമാണല്ലോ തമിഴകം വാഴും അമ്മ നയിച്ചിരുന്നത്. അമ്മ വിടവാങ്ങിയപ്പോള്‍ ഒഴിവുവന്ന സിംഹാസനത്തിന് ജോയിന്റ് ഓണര്‍ഷിപ്പ് അനുവദിക്കാനാവില്ലെന്നും ആയതിന്റെ സമസ്ത കുടികിടപ്പാവകാശവും പരിപൂര്‍ണമായി തനിക്കും കുടുംബത്തിനും പതിച്ചുകിട്ടണമെന്ന് ഇദയക്കനിയുടെ തോഴിക്ക് വാശി കയറി. എന്നാല്‍ അങ്ങനെ പൂര്‍ണമായും വിട്ടുതരാനാവില്ലെന്നും  പതിറ്റാണ്ടുകള്‍ അമ്മക്ക് പാദസേവ ചെയ്തതിന്റെ തഴമ്പ് കൈകാലുകളില്‍ ഇപ്പോഴും അവശേഷിക്കുന്ന തങ്ങള്‍ക്കും മതിയായ വിഹിതം ലഭിച്ചേ തീരൂ എന്നു അമ്മയുടെ ബാല്യക്കാരന്‍ തട്ടുത്തരം പറഞ്ഞതിന്റെ പരിണിതഫലമായിരുന്നു കുറച്ചുദിവസമായി തമിഴകം കണ്ട പൊറാട്ടുനാടകങ്ങളത്രയും.
സ്വാതന്ത്യത്തിന്റെ ആദ്യ ദശകങ്ങളില്‍ ദേശസ്‌നേഹത്തിന്റെയും ദേശീയബോധത്തിന്റെയും പേരില്‍ വെറുമൊരു ഉത്തരേന്ത്യന്‍ ഭാഷയായിരുന്ന ഹിന്ദിഭാഷയും സവര്‍ണ ഹൈന്ദവസംസ്‌കാരങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അധിനിവേശം നടത്താന്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെ ഒത്താശയോടെയുളള ആസൂത്രിത പരിശ്രമങ്ങള്‍ കൊണ്ട്പിടിച്ച് നടന്നിരുന്നു. ആ കടന്നുകയറ്റത്തെ നൂറ്റാണ്ടുകള്‍ പഴക്കമുളള സമ്പന്ന സംസ്‌കാരത്തിന്റെ പാരമ്പര്യമുളള തമിഴ്മണ്ണില്‍ ഫലപ്രദമായി ചെറുത്ത മഹത്തായ ചരിത്രമുണ്ട് ദ്രാവിഡപ്രസ്ഥാനങ്ങള്‍ക്ക്. പെരിയോര്‍ ഇ വി രാമസ്വാമിയെപ്പോലുളള മഹാരഥന്‍മാരാണ്  ആ പ്രസ്ഥാനത്തെ നയിച്ചിരുന്നത്. എന്നാല്‍ അഭ്രപാളിയിലെ നടനവിസ്മയങ്ങളുടെ മാരസ്മികതയുടെ മറവില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈക്കലാക്കിയ എംജിആര്‍ പാര്‍ട്ടിയെ സ്ഥാപിതലക്ഷ്യങ്ങള്‍ വിസ്മരിച്ച, ആശയാദര്‍ശങ്ങളും പോരാട്ടവീര്യവും ചോര്‍ന്നു പോയ വ്യക്തികേന്ദ്രീകൃത പ്രൈവറ്റ്‌ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. എം ജി ആറിന്റെ മരണത്തെ തുടര്‍ന്ന് പത്‌നി ജാനകീരാമചന്ദ്രനുമായി കിടമല്‍സരം നടത്തി പാര്‍ട്ടിയെ വരുതിയിലാക്കിയ എം ജി ആറിന്റെ കാമുകി ജയലളിതയാവട്ടെ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കും നിലനില്‍പിനുമുളള ഏക അടിസ്ഥാനം തന്റെ പാദപൂജ മാത്രമാക്കി. (പരസ്യമായി തന്റെ കാല്‍ക്കല്‍ തൊഴുത് വീഴാന്‍ തയ്യാറില്ലാത്തവര്‍ക്ക് പാര്‍ട്ടി ടിക്കറ്റില്‍ നിയമസഭ കാണാനോ പാര്‍ട്ടി പദവികള്‍ വഹിക്കാനോ ജയാകാലഘട്ടത്തില്‍ സാധിച്ചിരുന്നില്ല.) പാര്‍ട്ടിയിലെ അപ്രമാഥിത്യം പൊതുമുതല്‍ ഹിതാഅഹിതങ്ങളുടെ ചിന്തയേതുമില്ലാതെ ഉപയോഗിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കി. അഴിമതിയുടെ കാര്യത്തില്‍ തങ്ങളുടേതില്‍ നിന്ന് ഒട്ടും പിമ്പിലല്ലാത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ അവര്‍ക്ക് ഭരണതുടര്‍ച്ചയും ഉറപ്പ് നല്‍കി.
ദ്രാവിഡ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ തമിഴകത്ത് സവര്‍ണ ഫാഷിസ്റ്റ് ശക്തികള്‍ക്ക് ഒരിക്കലും കാര്യമായ വേരോട്ടം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ആര്യ സംസ്‌കൃതി  സവര്‍ണനു മാത്രം വിധിച്ച തപസ്സനുഷ്ഠിച്ചതിന്റെ പേരില്‍ ശ്രീരാമനാല്‍ തലകീഴായ് തൂക്കപ്പെട്ട് വധിക്കപ്പെട്ട ശൂദ്രനായ ശംബൂകന്റെ പിന്‍മുറക്കാര്‍ക്ക് ശ്രീരാമനെ മുമ്പില്‍ നടത്തി സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ ആകര്‍ഷകമാക്കിയില്ലെങ്കിലല്ലെ അദ്ഭുതമുളളൂ. എന്നാല്‍ സിനിമയിലെ എം ജി ആറിന്റെ നായിക എന്ന തമിഴന്റെ വൈകാരികാംശത്തെ ചൂഷണം ചെയ്ത് ബ്രാഹമണ വനിതയായ ജയലളിത പിന്‍വാതിലിലൂടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തിച്ചേര്‍ന്നു. അവരുടെ കാലത്ത്- വാജ്‌പേയിയുടെ നേതൃതത്തില്‍ ബി ജെ പി അധികാരത്തിലേറിയതുമുതല്‍ വിശേഷിച്ചും- സംഘ്ശക്തികളുമായി സഖ്യമുണ്ടായിരിക്കട്ടെ ഇല്ലാതിരിക്കട്ടെ ഒരവിശുദ്ധ കൂട്ടുകെട്ട് നിലനിന്നിരുന്നു. പരമതസ്പര്‍ദ്ധ സൃഷ്ടിച്ച് മതേതര ഇന്ത്യയുടെ അധികാരസോപാനങ്ങളിലേക്ക് കടന്നു കയറാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് അരങ്ങൊരുക്കിയ രാമജന്മഭൂമി പ്രശ്‌നത്തിന്റെ ഉദ്ഭവം മുതല്‍ തുടര്‍ന്നുണ്ടായ ബാബരിമസ്ജിധ്വംസന വേളയിലും ജയലളിതയുടെ ഈ സംഘ്പരിവാര്‍ ചായ്‌വ്  പ്രകടമായിരുന്നു. അബ്ദുന്നാസര്‍ മഅ്ദനിയടക്കമുളള  ന്യൂനപക്ഷ നേതാക്കളും അറിയപ്പെടാത്ത അനേകം ചെറുപ്പക്കാരും ജയയുടെ ഹിന്ദുത്വപ്രേമത്തിന്റെ കയ്പ് രുചി ആസ്വദിച്ചവരാണ്. പാര്‍ലമെന്റിലെ  അംഗബലം ഉയര്‍ത്തിക്കാട്ടി അതാത് കാലങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറുകളെ വരുതിയില്‍ നിര്‍ത്തി അര്‍ഹിക്കുന്നതില്‍ കവിഞ്ഞ ആനുകൂല്യങ്ങള്‍ തന്റെ സംസ്ഥാനത്തിനായി കൈക്കലാക്കാന്‍ അവര്‍ തികഞ്ഞ തന്ത്രജ്ഞത പ്രദര്‍ശിപ്പിച്ചു. ഉല്‍പാദന രംഗത്ത് ക്രിയാത്മകമായി വിനിയോഗിക്കപ്പെടേണ്ട  നികുതിപ്പണമുപയോഗിച്ച് അവര്‍ നടത്തിയ സൗജന്യപ്പെരുമഴയും കൂടിയായപ്പോള്‍  നിലപാടുകളിലെ ശരിതെറ്റുകള്‍ വ്യവഛേദിക്കുന്നതില്‍ നിന്നും ദ്രാവിഡബോധം സിരകളില്‍ ഒഴുകുന്ന തമിഴനെ തടഞ്ഞു.
നരേന്ദ്ര മോഡി നയിക്കുന്ന രണ്ടാം എന്‍ ഡി എ സര്‍ക്കാറില്‍ ജയലളിത നേതൃത്വം നല്‍കിയിരുന്ന എഐഡിഎംകെ പ്രത്യക്ഷ പങ്കാളിയായിരുന്നില്ല എന്നത് വാസ്തവമാണ്. പക്ഷേ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലേ ജയലളിതയും മോഡിയും തമ്മില്‍ സവിശേഷമായ അടുപ്പം നിലനിര്‍ത്തിപ്പോന്നിരുന്നു. കുപ്രസിദ്ധ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ മോഡി അസ്പര്‍ശ്യനായി മറ്റിനിര്‍ത്തപ്പെട്ടിരുന്ന കാലത്തും മോഡിയുടെ സത്യപ്രതിജ്ഞാവേളകളിലും മറ്റും ജയയോ പ്രതിനിധികളോ സംബന്ധിച്ചിരുന്നു. മോഡി പ്രധാനമന്ത്രിയായപ്പോഴാകട്ടെ രാജ്യസഭയിലെ സര്‍ക്കാരിന്റെ ഭൂരിപക്ഷമില്ലായ്മയെക്കുറിച്ച ചര്‍ച്ചകളില്‍  ബി ജെ പി കേന്ദ്രങ്ങള്‍  എപ്പോഴും പ്രതീക്ഷ അര്‍പ്പിച്ചിരുന്നത് ജയയിലും പാര്‍ട്ടിയിലുമായിരുന്നു. ജയയുടെ നിര്യാണം സ്ഥിരീകരിച്ച ഉടനെത്തന്നെ പുറം ലോകത്തിനു കേള്‍ക്കാവുന്ന വിമതസ്വരങ്ങളൊന്നുമില്ലാതെ പനിനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ സാധിച്ചതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും സമര്‍ത്ഥമായ കരുനീക്കങ്ങളായിരുന്നു. ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയെപ്പോലുളള പാര്‍ലമെന്ററി രംഗത്ത് അറിയപ്പെടുന്ന നേതാക്കള്‍ പോലും പൂര്‍ണമായും പ്രസ്തുത തീരുമാനത്തെ അംഗീകരിച്ചതിന്റെ ഗുട്ടന്‍സും മറ്റൊന്നായിരുന്നില്ല. താമസിയാതെ അരങ്ങേറിയ തമിഴ്‌വികാരം ജ്വലിപ്പിച്ച ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ പൊടുന്നനെ നിലപാട് മാറ്റി പനിനീര്‍ശെല്‍വത്തിന് കയ്യടി നേടാന്‍ പാകത്തില്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. തീര്‍ച്ചയായും അത്തരമൊരു കരണം മറിച്ചിലിന് കാരണം അമ്മയുടെ വിധേയന് അമ്മയുടെ മരണശേഷവും സംഘശക്തികളോട് മറിച്ചൊരു നയമുണ്ടാവില്ലെന്ന ഉറപ്പില്‍ തന്നെയായിരിക്കണം. അതാകട്ടെ,രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന ഈ ഘട്ടത്തില്‍ മോഡി സര്‍ക്കാരിന് ഏറെ  നിര്‍ണ്ണായകമാണു താനും.
എന്നാല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ ജനപ്രീതി ഉയരുന്നത് ജയയുടെ സ്വയം പ്രഖ്യാപിത അനന്തരാവകാശിയായി പോയസ് ഗാര്‍ഡന്‍ വാഴും ശശികലാമ്മക്ക് ദഹിച്ചില്ല. ‘പനിനീരിന്റെ’ സുഗന്ധം കൂടുന്നതിനനുസരിച്ച് തന്റെ കുടുബമായ മന്നാര്‍ഗുഡി മാഫിയയുടെ അധോഗതിയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ആയമ്മ തനിക്കെതിരേ വരാനുളള സുപ്രീംകോടതിവിധിക്കു ശേഷം കൂടുതല്‍ ശക്തനാവാന്‍ സാധ്യതയുളള പനീര്‍ശെല്‍വത്തെ  ദാക്ഷിണ്യമേതും കൂടാതെ തട്ടി. ആരംഭത്തില്‍ വിനീതവിധേയനെപ്പോലെ വര്‍ത്തിച്ച് ഗവര്‍ണ്ണര്‍ക്ക് രാജിക്കത്ത് പോലും നല്‍കിയിരുന്നു പനീര്‍ശെല്‍വം. അതേ തുടര്‍ന്ന് ലേഡീസ് സീറ്റിലെ യാത്രക്കാരനെന്ന് സാമൂഹികമാധ്യമങ്ങളില്‍ പരിഹാസവുമേറ്റു വാങ്ങിയിരുന്നു കക്ഷി.  ഏതോ അജഞാത കേന്ദ്രങ്ങളില്‍ നിന്നും സഹായ വാഗദാനം ലഭിച്ചിട്ടെന്ന വണ്ണം ഒപി എസ് വിമതസ്വരമുയര്‍ത്തിയപ്പോള്‍ ഞെട്ടിയത് ചിന്നമ്മ മാത്രമായിരുന്നില്ല തമിഴകം മുഴുവനുമായിരുന്നു. പനീര്‍ശെല്‍വത്തിന് അനുകൂലമായി കാര്യങ്ങള്‍ രൂപപ്പെടാവുന്ന വിധം പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങ് ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോയത് കേന്ദ്രത്തിന്റെ മനസ്സിലിരിപ്പ് കൃത്യമായി മനസ്സിലാക്കി കൊണ്ടാണെന്ന് ഉറപ്പ്. അല്ലെങ്കിലും തമിഴകത്ത് താമര തഴച്ചു വളരാന്‍ വേണ്ടത് എന്ത് എന്നത്  തികഞ്ഞ ആര്‍ എസ് എസുകാരനായ വിദ്യാസാഗര്‍ റാവുവിന് മോഡി സ്റ്റഡിക്ലാസ്സെടുത്തു കൊടുക്കേണ്ട കാര്യവുമില്ലല്ലോ.
പക്ഷെ ആളും അര്‍ത്ഥവും ചാണക്യതന്ത്രങ്ങളും ഒരുക്കി മന്നാര്‍ ഗുഡി മാഫിയ ഒരുക്കിയ പദ്മവ്യൂഹത്തെ ഭേദിക്കാന്‍ ഒപിഎസ് കേമ്പിനായില്ല. അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല അവരുടെ ജീവിതത്തില്‍ ഏറ്റവും നാണം കെട്ടതും നിന്ദ്യവുമായ അവസ്ഥയിലെത്തിയിട്ടും എം എല്‍ എമാരുടെ കൂട്ട കൂടുമാറ്റമുണ്ടായില്ല എന്നത് പനിനീര്‍ശെല്‍വത്തിന്റെയും പശ്ചാത്തല ശക്തികളുടേയും പരാജയം തന്നെയാണ്.
നിയമസഭയില്‍ ശശികല വിഭാഗത്തിന്റെ പ്രതിനിധിയായ പളനി സാമി വിശ്വാസവോട്ട് നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. പനീര്‍ ശെല്‍വം കലാപക്കൊടി ഉയര്‍ത്തിയത് മുതല്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെക്കപ്പെട്ടിരുന്ന എം എല്‍ എമാരെ വിശ്വാസവോട്ടിനു വേണ്ടി ഹാജരാക്കിയെങ്കിലും എം എല്‍ എമാരെ സ്വതന്ത്രരാക്കി ഒരാഴ്ചക്കു ശേഷം രഹസ്യ ബാലറ്റിലൂടെ വിശ്വാസവോട്ടെടുപ്പ് എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അതിനെ തുടര്‍ന്നു നിയമസഭയില്‍ അരങ്ങേറിയ കയ്യാങ്കളിയില്‍ ഡി എം കെ നേതാവ് സ്റ്റാലിന്റെയും സ്പീക്കറുടേയും വസ്ത്രം കീറപ്പെടുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതായി ഇരു പക്ഷവും ആരോപിക്കുന്നു.
തമിഴ്‌നാട്ടില്‍ യഥാര്‍ത്ഥത്തില്‍ വലിച്ചു കീറപ്പെട്ടത് ഏതെങ്കിലും നിയമസഭാസാമാജികന്റെ വസ്ത്രം മാത്രമല്ല, മറിച്ച് ജനാധിപത്യം തന്നെയാണ്. അതാകട്ടെ ജയയുടെ മരണത്തോടെ മാത്രം നടന്ന ഒരത്യാഹിതവുമല്ല. അഥവാ ജനാധിപത്യം ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ അതിനു മുമ്പേ തമിഴ്‌നാടിന് കൈമോശം വന്നിരിക്കുന്നു. കാരണം തമിഴ്‌നാട്ടില്‍ ജനാധിപത്യത്തെക്കാളേറെ ജയാധിപത്യമാണ് നിലവിലുണ്ടായിരുന്നത് എന്നാണല്ലോ അവരുടെ മരണ ശേഷമുളള സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. എഐഡിഎംകെയിലെ ഇരുപക്ഷവും അവകാശപ്പെടുന്നത് തങ്ങളാണ് ജയയുടെ യഥാര്‍ത്ഥ പിന്‍ഗാമികളാണെന്നാല്ലോ. ആരായിരുന്നു ജയലളിത. ജീവിച്ചിരുന്നുവെങ്കില്‍ അധികാരദുര്‍വിനിയോഗം നടത്തി കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ കാരാഗൃഹത്തിലടക്കപ്പെടേണ്ടിയിരുന്ന ഒരു നേതാവ്. അവരുടെ ചെയ്തികളെ തളളിപ്പറയുന്നതിനു പകരം അവരുടെ പേരിന്റെ പിന്തുടര്‍ച്ചവകാശത്തിന് വേണ്ടിയാണ് വീറും വാശിയും നിറഞ്ഞ ഈ പോരാട്ടം. അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയതായി രാജ്യത്തെ പരമോന്നത നീതിപീഠം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരു വ്യക്തിയുടെ അന്ത്യവിശ്രമസ്ഥലം ഗാന്ധിസമാധിയായ രാജ്ഘട്ടിനോളമോ അതിനേക്കാളേറെയോ പവിത്രതയും സ്വീകാര്യതയും കല്‍പിക്കപ്പെടുമ്പോള്‍ നാണം കെടുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ്. അഥവാ ആ ശവകൂടീരം ഇന്ത്യന്‍ രാഷ്ട്രീയത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അഴിമതിയുടെ തിരുശേഷിപ്പാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss