|    Oct 15 Mon, 2018 4:10 pm
FLASH NEWS
Home   >  Editpage  >  Article  >  

തമിഴകത്തെ പുതിയ താരങ്ങള്‍

Published : 17th March 2018 | Posted By: kasim kzm

പി  കെ  ശ്രീനിവാസന്‍
അഭ്രപാളികളില്‍ നിന്നു പൊട്ടിവീണ രണ്ടു സൂപ്പര്‍ താരങ്ങള്‍ തമിഴക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ആടിത്തിമിര്‍ക്കുകയാണ്. പുരട്ചി തലൈവി ജയലളിതയുടെ ദുരൂഹ അന്ത്യവും സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ മറവിയുടെ മുങ്ങാംകുഴിയിലേക്കുള്ള ദയനീയ യാത്രയും സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യത നികത്താനാണ് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രംഗത്തെത്തിയിരിക്കുന്നത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരുട്ടുപാതകളിലൂടെ സഞ്ചരിക്കുന്ന ദ്രാവിഡകക്ഷികള്‍ സൃഷ്ടിച്ച അരാജകത്വത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ് സൂപ്പര്‍ താരങ്ങളുടെ പ്രഖ്യാപിത അജണ്ട. ഒരു ഉള്‍വിളികൊണ്ടെന്നപോലെയാണ് ഈ താരങ്ങള്‍ രാഷ്ട്രീയത്തില്‍ അവതരിച്ചത്.
തമിഴകം സിനിമയുടെയും നാടകത്തിന്റെയും തോളില്‍ കൈയിട്ടുനടക്കാന്‍ തുടങ്ങിയത് ദ്രാവിഡ കഴകം നേതാവ് അണ്ണാദുരൈയുടെ കാലം മുതലാണ്. അറുപതിലധികം വര്‍ഷം പിന്നിട്ടപ്പോള്‍ സിനിമയും രാഷ്ട്രീയവും സിയാമീസ് ഇരട്ടകളെപ്പോലെ വിച്ഛേദിക്കാനാവാത്തവിധം മാറിക്കഴിഞ്ഞു. സിനിമ വിട്ടൊരു രാഷ്ട്രീയമില്ലെന്ന ചിന്താഗതി തമിഴ്മക്കളുടെ മനസ്സില്‍ വേരുറച്ചതോടെ കാമറയുടെ മുന്നില്‍ നിന്ന് നിരവധി പേര്‍ അധികാരത്തിന്റെ ശീതളച്ഛായയിലേക്കു നീന്തിക്കയറി. കരുണാനിധിയും എംജിആറും ജയലളിതയും ശരത് കുമാറും വിജയകാന്തുമൊക്കെ അത്തരത്തില്‍ വന്നുപെട്ടവരാണ്. ജയലളിതയുടെയും കലൈഞ്ജറുടെയും അസ്തമയം രജനി-കമല്‍ നക്ഷത്രങ്ങളെ ആവേശഭരിതരാക്കി. സിനിമയും രാഷ്ട്രീയവും തമ്മിലുള്ള പൊക്കിള്‍ക്കൊടി  ബന്ധം വിച്ഛേദിച്ചെന്നു ജനം കരുതിയിരിക്കുമ്പോഴാണ് രജനീകാന്തിന്റെയും കമലിന്റെയും ‘രാഷ്ട്രീയപ്രവേശന വിളംബരങ്ങള്‍’ തമിഴകത്തില്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത്.
ദ്രാവിഡപ്പെരുമയുടെ അടിത്തറയില്‍ വേരുറച്ച ഒരു സംസ്ഥാനത്തിന് തിരശ്ശീലയില്‍ വിപ്ലവം സൃഷ്ടിച്ച താരങ്ങളെ സ്വീകരിക്കാന്‍, ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നതാണ് ഇപ്പോള്‍ നാനാദിക്കുകളില്‍ നിന്ന് ഉയരുന്ന ചോദ്യം. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് സ്റ്റാലിന്റെ ഭാഷയില്‍ പറഞ്ഞാല്‍, വര്‍ണപ്രഭ സൃഷ്ടിക്കുന്ന വെറും കടലാസുപൂക്കളാണ് ഈ താരങ്ങള്‍ (താന്‍ വിത്തു മാത്രമാണെന്ന് കമല്‍). എന്നാല്‍, ജനങ്ങളില്‍ പ്ലേഗ് പോലെ പടരുന്ന അസംതൃപ്തിയാണ് സൂപ്പര്‍താരങ്ങള്‍ക്ക് രാഷ്ട്രീയ ഗോദയിലിറങ്ങാന്‍ ആത്മവിശ്വാസം നല്‍കുന്നതെന്ന് വ്യക്തം. ജയലളിതയുടെ മരണശേഷം സംഭവിച്ച രാഷ്ട്രീയ ധ്രുവീകരണങ്ങളും ഭരണത്തിലിരിക്കുന്നവരുടെ കാഴ്ചപ്പാടില്ലായ്മയും കുതിരക്കച്ചവടങ്ങളുമൊക്കെ ജനത്തെ വെറുപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 31ന് രജനി പറഞ്ഞു: ”ഇവിടെ ഒരു രാഷ്ട്രീയമാറ്റത്തിനു സമയമായിരിക്കുന്നു. നമ്മുടെ സംവിധാനഘടന മാറാന്‍ സമയമായിരിക്കുന്നു. മത-ജാതി മതിലുകളില്ലാത്ത ആത്മീയസ്വഭാവമുള്ള സംവിധാനമാണ് നാം സൃഷ്ടിക്കേണ്ടത്. ആത്മീയ രാഷ്ട്രീയമെന്ന് ഞാന്‍ അര്‍ഥമാക്കിയത് അന്തസ്സുള്ളതും വിശ്വസനീയവുമായത് എന്നതാണ്.”
പക്ഷേ, രജനിയുടെ പ്രഖ്യാപനങ്ങള്‍ വന്നശേഷമാണ് കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശന വിളംബരവുമായി രംഗത്തെത്തുന്നത് (ജന നീതി കേന്ദ്രം എന്നര്‍ഥം വരുന്ന ‘മക്കള്‍ നീതി മയ്യം’ എന്നാണു പാര്‍ട്ടിയുടെ പേര്). കുറച്ചു കൂടി കരുതലോടെയാണ് കമല്‍ തന്റെ ചുവടുകള്‍ വയ്ക്കുന്നത്. തമിഴകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ മധുരയില്‍ വച്ചാണ് പാര്‍ട്ടിയുടെ അടിത്തറയിട്ടതുപോലും. അതിനു മുമ്പുതന്നെ ദ്രാവിഡപ്പെരുമാളായ കലൈഞ്ജര്‍ കരുണാനിധി, ചിരകാല സുഹൃത്തായ രജനീകാന്ത്, നടന്‍ വിജയകാന്ത്, മുന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എന്‍ ശേഷന്‍ എന്നിവരെയൊക്കെ കണ്ടശേഷമാണ് മധുരയ്ക്ക് വണ്ടി കയറുന്നത്. എന്നാല്‍, ഭരണകക്ഷിയിലെ ആരെയും കാണാന്‍ കമല്‍ കൂട്ടാക്കിയില്ല. തമിഴ്‌നാടിനെ അഴിമതിമുക്തമാക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും രാഷ്ട്രീയനേതാക്കളില്‍ നിന്ന് അകലം പാലിച്ച് ജനങ്ങള്‍ക്കൊപ്പം നടക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കമലിന്റെ ജന്മനാടായ രാമേശ്വരത്തു നിന്ന് ആരംഭിച്ച തമിഴ്‌നാട് പര്യടനത്തിനു ‘നാളൈ നമതേ’ (നാളെ നമുക്കു വേണ്ടി) എന്നാണ് പേരിട്ടിരിക്കുന്നത്. 1975ല്‍ റിലീസ് ചെയ്ത എംജിആറിന്റെ ചിത്രത്തിന്റെ പേരാണ് നാളൈ നമതേ. ആ ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷത്തിനകം എംജിആര്‍ തമിഴക മുഖ്യമന്ത്രിയായി. സംസ്ഥാന രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഗ്രാമങ്ങളുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയില്‍ നിന്നും ഓരോ ഗ്രാമം ദത്തെടുക്കാനും കമല്‍ ഉദ്ദേശിക്കുന്നു. വിദ്യാഭ്യാസം, കുടിവെള്ളം, ഗതാഗതം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഗ്രാമത്തെ സ്വയംപര്യാപ്തമാക്കി മാതൃക സൃഷ്ടിക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍, രജനിയുമായുള്ള ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലപാടുകള്‍ വ്യത്യസ്തമാണെന്ന് കമല്‍ പറയുന്നു: ”രജനിയുടെ നിലപാടല്ല എന്റേത്. ഞങ്ങളുടെ ചിന്താഗതിയും പ്രത്യയശാസ്ത്രവും വ്യത്യസ്തമായിരിക്കും. രജനിയുമായി എവിടെയെങ്കിലും യോജിപ്പുണ്ടെങ്കില്‍ സഖ്യത്തിനു മുതിരും.” രജനിയുടെ കാവിഭ്രമത്തെ കമല്‍ ആക്രമിക്കാനും മറക്കുന്നില്ല.
തമിഴക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം സങ്കുചിത രാഷ്ട്രീയ മനോഭാവമാണ്. അധികാരത്തിന്റെ സോപാനങ്ങളില്‍ കയറിപ്പറ്റാന്‍ സങ്കുചിതത്വം അനിവാര്യമാണെന്ന് നേതാക്കള്‍ വിശ്വസിക്കുന്നുണ്ടാവണം. അതുകൊണ്ടുതന്നെയാണ് രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ എതിര്‍ക്കാന്‍ പല ദിക്കുകൡ നിന്നും ഉന്നതര്‍ രംഗത്തുവന്നത്. തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് രജനീകാന്ത്. അദ്ദേഹത്തിനു രാഷ്ട്രീയം വേണോ വേണ്ടയോ എന്ന് സ്വയം നിശ്ചയിക്കാം. എന്നാല്‍, സങ്കുചിത രാഷ്ട്രീയ മനോഭാവങ്ങള്‍ രജനിക്കെതിരേ വിരല്‍ നീട്ടുമ്പോഴാണ് നാം അതിന്റെ ഭീകരത അറിയുന്നത്. 23 വര്‍ഷം കര്‍ണാടകയില്‍ ജീവിച്ചെങ്കില്‍ 43 വര്‍ഷമാണ് രജനി തമിഴകത്തിന്റെ ഭാഗമായത്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ അദ്ദേഹം തമിഴക വിരുദ്ധനായി; പരദേശിയായി. തമിഴകത്ത് ജാതിരാഷ്ട്രീയത്തിന്റെ സുനാമി അടിച്ചുകയറിയതും ഈ മനോഭാവത്തിന് ഉദാഹരണമാണ്.
ഇതിനു മുമ്പ് രജനി ചില രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതൊന്നും രാഷ്ട്രീയപ്രവേശനം ലക്ഷ്യംവച്ചുകൊണ്ടായിരുന്നില്ല. നാം വസിക്കുന്ന പരിസരങ്ങള്‍ മലിനപ്പെടുമ്പോള്‍ സാധാരണ പൗരനുണ്ടാവുന്ന ന്യായമായ നിലപാട് മാത്രമായിരുന്നു അത്. അഴിമതിയില്‍ കുളിച്ച 1991-96 കാലഘട്ടത്തെക്കുറിച്ചാണ് രജനി അന്ന് ആദ്യമായി പ്രതികരിച്ചത്. ‘ജയലളിത വീണ്ടും അധികാരത്തില്‍ വന്നാല്‍ തമിഴകത്തെ ദൈവത്തിനുപോലും രക്ഷിക്കാനാവില്ല’ എന്നായിരുന്നു രജനി അഭിപ്രായപ്പെട്ടത്. ആ അഭിപ്രായപ്രകടനത്തിന് ഈ നടന്‍ കനത്ത വില കൊടുക്കേണ്ടിയും വന്നു. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനിവാക്യം ഫലിച്ചു. ജയലളിതയുടെ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) മല്‍സരിച്ച 220 സീറ്റില്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. അഴിമതിയില്‍ കുളിച്ചുനിന്ന ജയലളിതയെ ജനം തൊഴിച്ചുപുറത്താക്കി. രജനി പിന്തുണച്ച ഡിഎംകെ-ടിഎംസി സഖ്യം വമ്പന്‍ വിജയം കൊയ്യുകയും ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.
ഡിസംബറില്‍ ആരാധകരുമായി അഞ്ചു ദിവസത്തെ കൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് രജനീകാന്ത് തന്റെ ഉള്ളിലിരിപ്പ് പുറത്തുവിട്ടത്: ”സംസ്ഥാനത്ത് നല്ല നേതാക്കളുണ്ട്. പക്ഷേ, നമ്മുടെ സംവിധാനങ്ങളെല്ലാം ചീഞ്ഞളിഞ്ഞിരിക്കുന്നു. നമുക്ക് മാറിയേ പറ്റൂ. യുദ്ധത്തിനു സമയമാവുമ്പോള്‍ ഞാന്‍ വിളിക്കും. അപ്പോള്‍ നിങ്ങള്‍ ഉണ്ടാവണം. രാഷ്ട്രീയത്തില്‍ എതിര്‍പ്പ് വളമാണ്. സാമൂഹിക മാധ്യമങ്ങളിലും മറ്റുമുള്ള വിമര്‍ശനങ്ങളെ ഞാന്‍ അങ്ങനെ മാത്രമേ കാണുന്നുള്ളൂ.”
എം ജി രാമചന്ദ്രനും ജയലളിതയും തമിഴ്‌നാട്ടുകാരല്ലെന്നും അവര്‍ വരുത്തരാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അന്നു ശത്രുക്കള്‍ അവരെ നേരിട്ടത്. അതൊക്കെ തങ്ങളുടെ വ്യക്തിപ്രഭാവത്തില്‍ അവര്‍ തകര്‍ത്തെറിഞ്ഞു. അത്തരത്തിലുള്ള ശത്രുപക്ഷ നീക്കമാണ് ഇപ്പോള്‍ രജനിക്കെതിരേയും നടക്കുന്നത്. എന്നാല്‍ അതിനെ തന്ത്രപൂര്‍വം നേരിടാനാണ് രജനി ആദ്യം ശ്രമിച്ചത്. കര്‍ണാടകയിലെ മറാത്തി കുടുംബത്തില്‍ ജനിച്ച ശിവാജിറാവു ഗെയ്ക്ക്‌വാദ് ആണ് സിനിമയിലെത്തിയപ്പോള്‍ രജനീകാന്തായി മാറിയത്. എന്തും തനിക്കു നല്‍കിയത് തമിഴ്മക്കളാണെന്ന് രജനി പറയുമ്പോള്‍, അധികാരത്തിന്റെ അപ്പക്കഷണത്തിനായി കാത്തിരിക്കുന്ന രാഷ്ട്രീയപ്പരിഷകള്‍ ആക്രമണത്തിനു പുതിയ തലങ്ങള്‍ തേടുകയാണ്. ‘ലേറ്റാ വന്നാലും ലെറ്റസ്റ്റാ വരുവേന്‍’ എന്ന പഞ്ച് ഡയലോഗ് തന്നെയാണ് രജനിയുടെ ആയുധം. എന്നാല്‍, കഴിവുള്ള യഥാര്‍ഥ നേതാക്കള്‍ തമിഴകത്ത് അന്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് രജനിയെ മുതലെടുക്കാനാണ് ബിജെപിയെപ്പോലുള്ള പാര്‍ട്ടികള്‍ തക്കംപാര്‍ക്കുന്നത്. തങ്ങളുടെ പാളയത്തിലേക്ക് രജനിയെ കൂട്ടാനുള്ള തത്രപ്പാടിലാണ് ബിജെപി. നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി രജനിയെ ആവാഹിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്.
സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിനു മറ്റൊരു ഉദാഹരണമാണ് നടന്‍ ക്യാപ്റ്റന്‍ വിജയകാന്തിന്റെ രാഷ്ട്രീയവഴികള്‍. തമിഴകത്തിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ രാഷ്ട്രീയചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ദേശീയ മുര്‍പ്പോക് ദ്രാവിഡ കഴകത്തിനും (ഡിഎംഡികെ) കഴിഞ്ഞു. ആരെയും കൂസാതെ രാഷ്ട്രീയത്തിലിറങ്ങിയ ഈ ‘കറുത്ത എംജിആര്‍’ ഇന്നു രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിരിക്കുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8.38 ശതമാനം വോട്ടും 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10.1 ശതമാനം വോട്ടും നേടാന്‍ ഡിഎംഡികെയ്ക്ക് കഴിഞ്ഞു. ഏഴു വര്‍ഷത്തിനുശേഷം വിജയകാന്തിന്റെ പാര്‍ട്ടി അപ്രധാനമായി. 80കളില്‍ സ്വന്തം പാര്‍ട്ടി സ്ഥാപിച്ചു രംഗത്തുവന്ന ശിവാജി ഗണേശനും രാഷ്ട്രീയത്തില്‍ വമ്പന്‍ പരാജയം വരിച്ചു പിന്‍മാറി.
രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനം തമിഴക രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും? അവരുടെ നീക്കങ്ങള്‍ വിജയിക്കുമോ? തമിഴകത്ത് ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
തമിഴക രാഷ്ട്രീയ ഭാഗധേയങ്ങളെ കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി നിയന്ത്രിക്കുന്നത് അണ്ണാദുരൈ അടിത്തറയിട്ട ദ്രാവിഡപ്പെരുമയായിരുന്നു. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനു പോലും ആ കോട്ട തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ദ്രാവിഡ കക്ഷികളുടെ നിഴലായി നില്‍ക്കാന്‍ മാത്രമേ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് രജനീകാന്തിന്റെയും കമലിന്റെയും രാഷ്ട്രീയപ്രവേശനത്തിന്റെ സാധ്യതകളെപ്പറ്റി വിലയിരുത്തേണ്ടത്. എംജിആറും ജയലളിതയും വന്ന രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് തമിഴകത്തുള്ളത്. ചലച്ചിത്രലോകത്ത് ഇവര്‍ അതുല്യരായിരിക്കാം. എന്നാല്‍, രാഷ്ട്രീയത്തില്‍ ജാതിയുടെ മായം ചേര്‍ത്ത് വിറ്റഴിക്കുന്ന ഇക്കാലത്ത് താരങ്ങളുടെ രംഗപ്രവേശം കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇവരുടെ വരവിനെ ആശങ്കയോടെ കാണുകയാണ് മറ്റു രാഷ്ട്രീയനേതാക്കള്‍. ഒരു സംഘം തമിഴ് ദേശീയവാദികള്‍ രജനിയുടെ വീട്ടുപടിക്കല്‍ പ്രകടനം നടത്തിയതു തന്നെ അതിന് ഉദാഹരണം.
എന്തായാലും കമലിന്റെയും രജനിയുടെയും ഉള്ളിലിരിപ്പ് ഇഷ്ടപ്പെടുന്നവരാണ് സാധാരണക്കാര്‍. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന തമിഴകത്തെ രക്ഷിക്കാന്‍ ശക്തനായ ഒരു നേതാവ് ഇപ്പോള്‍ ഉദിച്ചുയരേണ്ടിയിരിക്കുന്നു എന്ന ചിന്താഗതിയാണ് ഇവര്‍ക്ക് ഉത്തേജനം നല്‍കുന്നത്. ഒരു രൂപ ശമ്പളം വാങ്ങി അഞ്ചു കൊല്ലം കൊണ്ട് കോടികള്‍ വെട്ടിപ്പിടിച്ച അഴിമതിക്കാരായ ഭരണാധികാരികളും സില്‍ബന്തികളും ഭരിച്ച നാടാണ് തമിഴകം. ദ്രാവിഡകക്ഷികള്‍ രണ്ടും അഴിമതിക്കോട്ടകള്‍ക്കുള്ളിലാണ്. അവര്‍ക്കു നാടിനെ രക്ഷിക്കാനാവില്ലെന്ന് വ്യംഗ്യമായി രജനിയും കമലും പറയുമ്പോള്‍ സാധാരണക്കാരനായ തമിഴന്റെ മുഖം ആശാവഹമാകുന്നത് നാം കാണുന്നു. ഇവിടെയാണ് പുതിയ രാഷ്ട്രീയാധികാര കേന്ദ്രങ്ങളുടെ പ്രസക്തിയും.
ഡിഎംകെയുടെ സമുന്നത നേതാവ് മുത്തുവേല്‍ കരുണാനിധി രാഷ്ട്രീയപ്രവേശനത്തിന്റെ 60ാം വര്‍ഷം ആഘോഷിച്ചുകഴിഞ്ഞെങ്കിലും, തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കെല്‍പ്പില്ലാത്തവിധം വിസ്മൃതിയിലാണ്. അദ്ദേഹത്തിന്റെ മകന്‍ എം കെ സ്റ്റാലിനാവട്ടെ, പിതാവിനെപ്പോലെ എന്തും പിടിച്ചടക്കാന്‍ പോരുന്ന ശക്തിയൊന്നും സ്വരൂപിച്ചിട്ടില്ല. ഒരു തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനുള്ള കെല്‍പ്പൊന്നും നേടാന്‍ സ്റ്റാലിനു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ രജനിയും കമലും രംഗത്തുവന്നാല്‍ കനത്ത തിരിച്ചടി സ്റ്റാലിനായിരിക്കും. തമിഴകം എന്തായാലും ഒരു വഴിത്തിരിവിലാണ്.      ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss