|    Apr 21 Sat, 2018 5:20 pm
FLASH NEWS
Home   >  Editpage  >  Editorial  >  

തമിഴകത്തും ബംഗാളിലും ഭരണത്തുടര്‍ച്ച

Published : 23rd May 2016 | Posted By: mi.ptk

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളില്‍ അസമും പോണ്ടിച്ചേരിയും കേരളത്തിനൊപ്പം ഭരണമാറ്റത്തിനുവേണ്ടി നിലകൊണ്ടപ്പോള്‍ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും തുടര്‍ഭരണത്തിനാണ് ജനവിധി ലഭിച്ചത്. ജയലളിതയുടെ എഐഎഡിഎംകെയും മമതയുടെ തൃണമൂലും തനിച്ച് മല്‍സരിച്ചാണ് ശക്തി തെളിയിച്ചത്. തമിഴ്‌നാട്ടില്‍ ഏറെ കാലത്തിനുശേഷമാണ് ഒരു രാഷ്ട്രീയകക്ഷിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 234 അംഗ നിയമസഭയില്‍ 134 സീറ്റും കൈയിലൊതുക്കി ജയലളിത വ്യക്തമായ ഭൂരിപക്ഷമാണു നേടിയത്. ഡിഎംകെ – കോണ്‍ഗ്രസ് സഖ്യത്തിന് 98 സീറ്റേ ലഭിച്ചുള്ളു. വിജയകാന്തും വൈകോയും ഇടതുകക്ഷികളും ചേര്‍ന്ന് രൂപം നല്‍കിയ സഖ്യം ഒരു സീറ്റും നേടാനാവാതെ തകര്‍ന്നു. കുടുംബാധിപത്യം എന്ന ആരോപണവും കഴിഞ്ഞ ഭരണകാലത്തെ അഴിമതികളും ആരോപണങ്ങളും കരുണാനിധിയുടെ ഡിഎംകെയ്ക്ക് തടസ്സമായി തുടരുന്നു.ആറാംതവണയാണ് ജയലളിത അധികാരത്തിലേറുന്നത്. ഏതാനും വര്‍ഷം മുമ്പ് അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറിനില്‍ക്കേണ്ടിവന്നിട്ടും സ്വന്തം പിന്തുണയില്‍ ജയിക്കാനായത് ജയലളിതയുടെ വന്‍ നേട്ടമാണ്. ദരിദ്രര്‍ക്കും സമൂഹത്തിലെ പിന്നാക്കക്കാര്‍ക്കും ഉപകരിക്കുന്നവിധത്തില്‍ അവര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളാണു തുണയായത്.ബംഗാളില്‍ തൃണമൂല്‍ വിജയം പ്രതീക്ഷിതമായിരുന്നുവെങ്കിലും കോണ്‍ഗ്രസ് – സിപിഎം സഖ്യത്തിനെതിരേ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇടത് – കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് ഫലം. മൂന്നര ദശകക്കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതിവരുത്തിയാണ് മമതാ ബാനര്‍ജി 2011ല്‍ അധികാരത്തിലേറിയത്. തൃണമൂല്‍ 211 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് – ഇടതുസഖ്യം 77 സീറ്റ് നേടി. കോണ്‍ഗ്രസ്സിന് എംഎല്‍എമാരുടെ എണ്ണം ഉയര്‍ത്താനായെങ്കിലും ഇടതുപക്ഷത്തിന് ഏറെ നഷ്ടംപറ്റി. മമതയുടെ ഭരണത്തിന്റെ തണലില്‍ അക്രമങ്ങളും മറ്റും വ്യാപകമായി നടന്നിട്ടും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ട് ജനം മാറിച്ചിന്തിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്.  സംസ്ഥാനത്തെ 124 സീറ്റുകളില്‍ നിര്‍ണായകമായ മുസ്‌ലിം വോട്ടുകള്‍ സ്വാധീനിക്കാന്‍ കഴിഞ്ഞതാണ് തൃണമൂല്‍ മുന്നേറ്റത്തിന്റെ മുഖ്യഘടകമെന്നാണു വിലയിരുത്തല്‍. 2011ലെ ആറു ശതമാനത്തില്‍നിന്നു ബിജെപിയുടെ വോട്ടിങ് ശതമാനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതാണ്ട്് 17 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 10 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. അസമില്‍ 15 വര്‍ഷമായി ഭരിക്കുന്ന കോണ്‍ഗ്രസ്സിനെ പുറന്തള്ളിയാണ് ബിജെപി – എജിപി സഖ്യം അധികാരം നേടുന്നത്. 126 അംഗ സഭയില്‍ മൊത്തം 86 സീറ്റ് സഖ്യം നേടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പദമൂന്നാനുള്ള ബിജെപിയുടെ ഏറെക്കാലമായുള്ള ശ്രമത്തിന്റെ വിജയമാണിത്. എയുഡിഎഫ് സഖ്യത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടും അതിന് വൈമുഖ്യം കാണിച്ച കോണ്‍ഗ്രസ്സിനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് – ഡിഎംകെ സഖ്യത്തിനാണു ജയം. 30 അംഗ സഭയില്‍ കോണ്‍ഗ്രസ്സിന് 15ഉം ഡിഎംകെയ്ക്ക് രണ്ടും സീറ്റ് ലഭിച്ചു. ഭരണകക്ഷിയായിരുന്ന എന്‍ആര്‍ കോണ്‍ഗ്രസ്സിന് എട്ട് സീറ്റ് മാത്രമാണു ലഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss