|    Jun 21 Thu, 2018 9:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തമിഴകം വാഴാന്‍ ഇനി ആമ്പിളക്കൂട്ടങ്ങള്‍

Published : 15th February 2017 | Posted By: fsq

Panneersalvam-,-Palani-Swam

പി എ എം ഹനീഫ്

ചെന്നൈ: ചിന്നമ്മ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലിലേക്ക്. പന്നീര്‍സെല്‍വം ഇന്ദ്രപ്രസ്ഥത്തില്‍ കാവിക്കൈകളുടെ ഒത്താശയില്‍ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലേക്കും. എടപ്പാടി പളനിസ്വാമി അദ്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന സാധ്യതകളും തള്ളിക്കളയാനാവില്ല. തമിഴര്‍ക്ക് മാര്‍ച്ച് നാല് കുംഭ കാര്‍ത്തിക ശുഭദിനങ്ങളിലൊന്നാണ്. അന്നേയ്ക്ക് ഒ പന്നീര്‍സെ ല്‍വം വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാവും. കാവലല്ല; സാക്ഷാല്‍ ഏഴൈ തോഴനും പുരട്ച്ചി തലൈവിയും ഇരുന്ന കസേരയില്‍. മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍…സുപ്രിംകോടതിവിധി അനുസരിച്ച് ശശികല അമ്മാവുക്ക് ഇനി ഒരു ദശകത്തേക്ക് മല്‍സരിക്കാനാവില്ല. ജയിലില്‍ കഴിഞ്ഞ ആറുമാസം കിഴിച്ച് മൂന്നുവര്‍ഷം ആറു മാസമാണ് സുപ്രിംകോടതിയുടെ തടങ്കല്‍ പ്രഖ്യാപന ദിനങ്ങള്‍. അപ്പീലിനു വകുപ്പുണ്ടെങ്കിലും ആമ്പിളകളോട് ഏറ്റുമുട്ടി തമിഴകത്ത് പൊമ്പിള അഴിയ്ക്കകത്താവും. ഓടി രക്ഷപ്പെട്ട രണ്ട് നിയമസഭാ സാമാജികരുടെ സ്ഥിതികേട്ടാല്‍ തമിഴകം ബിഹാറിനെയും മറ്റും വെല്ലും. ശരവണന്‍ എന്ന ഈറോഡ് വെസ്റ്റിനെ പ്രതിനിധീകരിക്കുന്ന നിയമസഭാ സാമാജികന്‍ എന്‍ജിനീയറിങ് ബിരുദധാരികൂടിയാണ്. കനത്ത സുരക്ഷയുള്ള റിസോര്‍ട്ടില്‍ നിന്ന് രക്ഷപ്പെട്ടത് വേഷപ്രച്ഛന്നനായിട്ട്. വേഷം ഒരു അരനിക്കറും ടീഷര്‍ട്ടും ധരിച്ച്. പന്നീര്‍സെല്‍വം വക ക്യാംപിലേക്കാണ് ശരവണനെത്തിപ്പെട്ടത്. സ്റ്റാലിനെ പത്രക്കാര്‍ വളയുമ്പോഴൊക്കെയും ഒപിഎസിനെ തുണയ്ക്കുമെന്നാണ് പരോക്ഷ പ്രഖ്യാപനം. ചമയല്‍ക്കാരി എതുക്ക് സി എം കസേരക്ക് കേള്‍ക്കിറേന്‍…. ഇതാണ് സ്റ്റാലിന്റെ സ്ഥിരം ശൈലി. ചമയല്‍ക്കാരി എന്നാല്‍ പാചകക്കാരി എന്ന് സത്യമായ ഭാഷ. അടുക്കളക്കാരിയെന്നാണ് സ്റ്റാലിന്റെ മറുമൊഴി. തമിഴക രാഷ്ട്രീയത്തിന്റെ ഈ ദിവസങ്ങളിലെ രാഷ്ട്രീയ നാടകങ്ങള്‍ നിയന്ത്രിക്കുന്നത് മന്നാര്‍ഗുഡി കര്‍ഷകകുടുംബത്തിലെ ഗ്രാമപാലികന്‍ ദിവാകരനും സുധാകരന്‍ എന്ന ബ്ലാക് ബെല്‍റ്റ് ബിരുദധാരിയുംകൂടിയാണ്. മന്നാര്‍ഗുഡി മാഫിയ എന്ന് തമിഴകമാകെ കുപ്രസിദ്ധമായ ഈ ടീം ചിന്നമ്മയെ കാപ്പാത്താന്‍ അവസാന അടവുകളും പയറ്റുന്നുണ്ട്. എംഎല്‍എമാരെ തടവിലാക്കിയതിനു പിന്നിലെ നേതൃത്വാവകാശം ദിവാകര അണ്ണാവിയ്ക്കാണ്. ജയലളിതയുടെ വാഴ്ചക്കാലത്തും മന്നാര്‍ഗുഡി സജീവമായിരുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ശതകോടികളുടെ ആസ്തികള്‍ പ്രത്യക്ഷത്തിലും റിസോര്‍ട്ടുകളും സിനിമാക്കമ്പനികളും അടക്കം കോടാനുകോടിയുടെ പിന്‍ബലം വേറെയും. തമിഴ് സിനിമയിലെ ന്യൂജന്‍ സംരംഭങ്ങളുടെ മുഴുവന്‍ സാമ്പത്തിക ബാധ്യതകള്‍ മന്നാര്‍ഗുഡി സംഘത്തിനാണ്. അനധികൃത സ്വത്തുസമ്പാദന ക്കേസില്‍ ബംഗളൂരു വിചാരണക്കോടതി ജയലളിത, ശശികല, ഇളവരശി, വി എന്‍ സുധാകരനടക്കമുള്ളവരെ ശിക്ഷിച്ച കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലെ കുമാരസ്വാമിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് വാങ്ങി പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശശികലയെ തുണച്ചതും മന്നാര്‍ഗുഡി സംഘം. ജയലളിത മരണപ്പെട്ടതിനു ശേഷവും വെന്റിലേറ്ററില്‍ കിടത്തി കൈയ്യൊപ്പ് അടക്കം ശേഖരിച്ച് ശശികല- ഇളവരശി അടക്കം പൊമ്പിളകള്‍ ഭരണയന്ത്രം കൈയാളാന്‍ ആമ്പൊളകളെ ‘പറ്റിച്ചത്’ മന്നാര്‍ഗുഡിയുടെ തന്ത്രങ്ങള്‍. ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാന്‍ തുനിഞ്ഞിറങ്ങിയ നടി ഗൗതമിയുടെ നീക്കങ്ങള്‍ ഡിലീറ്റ് ചെയ്തതും മന്നാര്‍ഗുഡി മാഫിയ. കൂവത്തൂര്‍ റിസോര്‍ട്ടെന്ന 500  ഏക്കറോളം വരുന്ന പ്രകൃതിമനോഹരമായ ഭൂപ്രദേശത്ത് നിലകൊള്ളുന്ന രഹസ്യ സങ്കേതം ജയലളിത ഗുരുതരാവസ്ഥയിലായ നാള്‍ മുതല്‍ ഊഹാപോഹങ്ങളുടെ വിളയാട്ട കേന്ദ്രങ്ങളായിരുന്നു. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടെന്നും ജയലളിതയുടെ ആത്മാവ് തനിക്കൊപ്പമാണെന്നും പച്ച ദോത്തിയും ശുഭ്രകുപ്പായങ്ങളും മാറിമാറി ധരിച്ച് പ്രധാനമന്ത്രിയെ അനുകരിക്കുന്ന പന്നീര്‍സെല്‍വം 117 എംഎല്‍എമാര്‍ക്കുവേണ്ടി 250 കോടി ചെലവാക്കാനും തയ്യാറെന്നു പറയുമ്പോള്‍ മന്നാര്‍കുടി സംഘം ഒരു സാമാജികന് 50 കോടിയും മുകളിലോട്ടും വാഗ്ദാനം ചെയ്യുന്നു. ഒരു ഉന്തും തള്ളും എന്നതിലൊതുങ്ങാതെ ഒരു പടുകൂറ്റന്‍ കശപിശയ്ക്കു ശേഷമേ ഒപിഎസ് ഒരു പക്ഷേ, സെന്റ്‌ജോര്‍ജ് കോട്ടയില്‍ കസേര സുസ്ഥിരമാക്കൂ… കേന്ദ്രം അര്‍ധസൈനിക വിഭാഗത്തെ ഇറക്കാനും തയ്യാര്‍; ഒന്നുമാത്രം വ്യവസ്ഥ ഒപിഎസ് തമിഴക മുഖ്യമന്ത്രിയാവണം. ശശികലയുടെ ശിക്ഷാവിധി വന്നപ്പോള്‍ ആര്‍ത്തലച്ച് കരയാന്‍ ഒരു എഐഡിഎംകെ പ്രവര്‍ത്തകന്‍ പോലും ഇല്ല; മറിച്ച് ജയലളിതയ്‌ക്കൊപ്പം ശശികല ശിക്ഷിക്കപ്പെട്ടപ്പോള്‍ കരച്ചിലും പിഴിച്ചിലും നെഞ്ചത്തടിയും കോടതി മേല്‍ക്കൂരകളുടെ ചില്ലുകള്‍ എറിഞ്ഞുടച്ചതും തമിഴകം മറന്നിട്ടില്ല. ഒടുവിലവശേഷിക്കുന്ന ചോദ്യമിത്രയും ‘ആര്‍ ജയിച്ചിടും.. പൊമ്പിളയാ ആമ്പിളയാ…?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss