|    May 23 Tue, 2017 6:20 pm
FLASH NEWS

തപാല്‍ വകുപ്പിന്റെ ഫിലാറ്റലിക് എക്‌സിബിഷന്‍ പെക്‌സ് 2016ന് തുടക്കമായി

Published : 5th October 2016 | Posted By: Abbasali tf

കോട്ടയം: കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തപാല്‍ വകുപ്പ് നടത്തുന്ന ഫിലാറ്റലിക് എക്‌സിബിഷന്‍ പെക്‌സ് 2016ന് തുടക്കമായി. ലോകത്തിലെ ആദ്യ സ്റ്റാമ്പായ 22 കാരറ്റ് സ്വര്‍ണം പതിപ്പിച്ച പെന്നി ബ്ലാക്കാണു എക്‌സിബിഷനിലേക്കു സന്ദര്‍ശകരെ സ്വീകരിക്കുന്നത്.തിരുവതാംകൂര്‍, കൊച്ചി എന്നിവയുടെ പോസ്റ്റല്‍ ചരിത്രമാണു എക്‌സിബിഷന്റെ പ്രധാന ആകര്‍ഷണം. സ്റ്റാമ്പുകളും അവയുടെ വിശദീകരണങ്ങളുമടങ്ങുന്നതാണു എക്‌സിബിഷന്റെ രീതി. കൊച്ചി, തിരുവതാംകൂര്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാര്‍, അവര്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍, വിളംബരങ്ങള്‍, അഞ്ചലോട്ട ചരിത്രം രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവയെല്ലാം വിശദീകരിക്കുന്നു. പല നിറങ്ങളിലുള്ള ആകര്‍ഷകമായ സ്റ്റാമ്പുകളും പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാമ്പുകളും കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. സുനില്‍ ഗവാസ്‌കര്‍, കപില്‍ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍, എം എസ് ധോണി, വിരാട് കോഹ്‌ലി എന്നിവരുടെ സ്റ്റാമ്പുകളാണു പ്രദര്‍ശനത്തിനെത്തിക്കുന്നത്. 1948ലെ ലണ്ടന്‍ ഒളിമ്പിക്‌സ് മുതല്‍ 2004 ഏഥന്‍സ് ഒളിമ്പിക്‌സ് വരെയുള്ളവയുടെ ചരിത്രം പറയുന്ന സ്റ്റാമ്പുകളുമുണ്ട്. ചിത്രശലഭങ്ങള്‍, ഓര്‍ക്കിഡുകള്‍, മല്‍സ്യങ്ങള്‍, മഹാത്മാഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ പേരിലുള്ള സ്റ്റാമ്പുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.വ്യത്യസ്ത പ്രമേയങ്ങളെ ആസ്പദമാക്കിയ 130 ഫ്രെയ്മുകളാണ് പ്രദര്‍ശനത്തിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തപാല്‍ സ്റ്റാമ്പുകളും കവറുകളും ലഭിക്കുന്ന ഒമ്പതു ഫിലാറ്റലിക് ഡീലേഴ്‌സ് ബൂത്തുകളും ഹാളിലുണ്ട്. പ്രദര്‍ശനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്തമായ താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ ഫോട്ടോ പതിപ്പിച്ച പ്രത്യേക പോസ്റ്റല്‍ കവര്‍ ചീഫ് ഇമാം ഹാഫിസ് സിറാജുദ്ദീന്‍ ഹസനിക്ക് നല്‍കി വകുപ്പ് മേധാവി പുറത്തിറക്കി.പ്രവേശനം സൗജന്യമായിരിക്കും. ഇന്നു വൈകിട്ട് അഞ്ചിനു പ്രദര്‍ശനത്തിനു സമാപനമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day