|    Jan 21 Sat, 2017 9:02 pm
FLASH NEWS

തപാല്‍ ജീവനക്കാര്‍ക്ക് പീഡനം; തൊടുപുഴ സിഐക്കെതിരേ പരാതി

Published : 19th October 2016 | Posted By: Abbasali tf

തൊടുപുഴ: വിദേശത്തു നിന്നു പോസ്റ്റോഫിസ് വഴി അയച്ച പാഴ്‌സല്‍ ഉരുപ്പടികളില്‍ കുറവുവന്നെന്ന പരാതിയില്‍ തപാല്‍ ജീവനക്കാരെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം നിര്‍ത്തുകയും ഭീഷണി മുഴക്കുകയും 8000രൂപ നഷ്ടപരിഹാരം  ബലമായി വാങ്ങി കൊടുക്കുകയും ചെയ്തതായി പരാതി.ഇതേ തുടര്‍ന്ന് ഒരു ദിവസം തൊടുപുഴ ഈസ്റ്റ്‌പോസ്റ്റ് ഓഫിസിന്റെ പ്രവര്‍ത്തനം നിലച്ചതായും പരാതിയുണ്ട്.ഇത് സംബന്ധിച്ച് തൊടുപുഴ സിഐ എന്‍ ജി ശ്രീമോനെതിരെ ജില്ലാ പോലിസ് മേധാവിക്കും പോസ്റ്റ് മാസ്റ്റര്‍ ജനറലിനും പോസ്റ്റ്മാസ്റ്റര്‍ പരാതി നല്‍കി. കഴിഞ്ഞ എട്ടിനാണ് തൊടുപുഴ ഈസ്റ്റ് പോസ്റ്റ് ഓഫിസില്‍ പാഴ്‌സല്‍ വന്നത്.പിറ്റേന്നു മുതല്‍ തുടര്‍ച്ചയായി അവധി വന്നതിനാല്‍ അടുത്ത പ്രവൃത്തി ദിവസമായ 14ന് പാഴ്‌സല്‍ വിലാസക്കരന് കൈമാറി.ആ സമയത്ത് ഇത് സംബന്ധിച്ച് പരാതിയൊന്നും ഉണ്ടായില്ല.പിറ്റേന്ന് തനിക്കു വന്ന പാഴ്‌സലില്‍ നിന്നും എന്തോ സാധനം നഷ്ടപ്പെട്ടെന്നാരോപിച്ച് വിലാസക്കാരി തൊടുപുഴ സിഐയ്ക്ക് പരാതി നല്‍കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.ഇതേ തുടര്‍ന്ന് രാവിലെ പത്തിനു പോസ്റ്റോഫിസിലെത്തിയ രണ്ട് പോലിസുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെ പോസ്റ്റുമാനും ക്ലാര്‍ക്കും സിഐ ഓഫിസില്‍ എത്തി.ഇവരെ ചോദ്യം ചെയ്ത സിഐ വൈകിട്ട് ആറ് വരെ സ്‌റ്റേഷനില്‍ നിര്‍ത്തി.ഇതിനിടെ പോസ്റ്റ്മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്‌റ്റേഷനിലെത്തിയെങ്കിലും ഇവരെ വിട്ടയച്ചില്ല.പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കുമെന്നും ജോലി നഷ്ടപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. ഒടുവില്‍ നഷ്ടപരിഹാരമായി 8000രൂപ വാങ്ങി പരാതിക്കാരന് നല്‍കിയെന്നാണ് ആരോപണം.അതേ സമയം വിദേശത്തു നിന്നു അയക്കുന്ന പാഴ്‌സലുകള്‍ കസ്റ്റംസ് ഓഫിസുകളില്‍ പരിശോധനക്ക് ശേഷമാണ് ഇവിടേക്ക് കടത്തി വിടുന്നതെന്ന് പോസ്റ്റോഫിസ് അധികൃതര്‍ പറയുന്നു. ഇവര്‍ നടത്തുന്ന പരിശോധനയില്‍ പെട്ടെന്ന് മോശമാകുന്നതോ നശിക്കുന്നതോ ആയ വസ്തുക്കളുണ്ടെങ്കില്‍ ഇത് നീക്കം ചെയ്ത ശേഷം മാത്രമാകും പാഴ്‌സല്‍ അയക്കുക.ഇവിടെ വന്ന പാഴ്‌സല്‍ അതേപടി വിലാസക്കാരന് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ജീവനക്കാര്‍ പറയുന്നു.സാധാരണ പാഴ്‌സല്‍ നഷ്ടപ്പെട്ടാല്‍ പരാതി പോസ്റ്റല്‍ ഡിപ്പാര്‍ട്ടെമന്റിനാണ് നല്‍കേണ്ടതെന്നും ഇവര്‍ അന്വേഷിച്ച് യഥാര്‍ഥ കാരണം കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ പേരില്‍ സംഭവത്തില്‍ നിരപരാധികളായ പോസ്റ്റല്‍ ജീവനക്കാരെ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിക്കുകയും ബലമായി നഷ്ടപരിഹാരം വാങ്ങി കൊടുക്കുകയും ചെയ്ത നടപടിയില്‍ പോസ്റ്റല്‍ വകുപ്പിലെ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക