|    Nov 21 Wed, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തന്നെ ആക്രമിച്ചതിനു പിന്നില്‍ സര്‍ക്കാര്‍: സ്വാമി അഗ്നിവേശ്

Published : 6th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സസ്യാഹാരിയായ തന്നെ ആക്രമിച്ചതിനു പിന്നില്‍ കോര്‍പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സ്വാമി അഗ്നിവേശ്. വിദ്വേഷത്തിനെതിരേ അണിചേരൂ; അക്രമവും അസഹിഷ്ണുതയും സമകാലിക ഇന്ത്യയില്‍ എന്ന വിഷയത്തില്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ഫാഷിസത്തിനെതിരായി നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജാര്‍ഖണ്ഡില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമമാണ്. താന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നയാളോ പശുക്കടത്തുകാരനോ അല്ല. എന്നിട്ടും തന്നെ സംഘപരിവാരവും യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചിട്ടും ഇതിനെ അപലപിക്കാന്‍ മോദിയോ എന്‍ഡിഎയിലെ മറ്റു നേതാക്കളോ തയ്യാറായിട്ടില്ല.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷകക്ഷി നേതാക്കള്‍ വിഷയത്തെ ശക്തമായി അപലപിച്ചിട്ടും പ്രധാനമന്ത്രിയടക്കമുള്ളവര്‍ വിഷയത്തില്‍ മനപ്പൂര്‍വം മൗനംപാലിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമത്തിനെതിരായി സുപ്രിംകോടതി നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട ശേഷമാണ് താന്‍ സംഘപരിവാര അക്രമത്തിനു വിധേയമായത്. ഇതു സുപ്രിംകോടതിയോടും രാജ്യത്തെ നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. ജാര്‍ഖണ്ഡിലെ ഭരണകര്‍ത്താക്കള്‍ തന്റെ സന്ദര്‍ശനം അറിഞ്ഞില്ലെന്നാണു പറയുന്നത്. എന്നാല്‍, അക്രമിസംഘത്തിന് തന്റെ സന്ദര്‍ശനത്തെപ്പറ്റി ആരു വിവരം നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.
ആദിവാസികളുടെ ഭൂമിയില്‍ ഖനനം നടത്താന്‍ രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകളായ അദാനിയും അംബാനിയുമായി 210 എംഒയുകളാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒപ്പുവച്ചത്.
ഇതുസംബന്ധിച്ച് ആദിവാസികളുമായി ചര്‍ച്ച നടത്താന്‍ താന്‍ എത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ആദിവാസികളുമായി താന്‍ സംസാരിക്കാന്‍ പോവുന്ന വിഷയത്തെപ്പറ്റി മാധ്യമങ്ങളോട് പങ്കുവച്ച ശേഷം പുറത്തിറങ്ങിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നു.
തനിക്കെതിരായി ജാര്‍ഖണ്ഡിലെ പക്കുറില്‍ നടന്ന അക്രമത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കും. തന്നെ അക്രമിച്ചവരുടെ ഫോട്ടോയും പേരുമടക്കം മാധ്യമങ്ങള്‍ നല്‍കിയിട്ടും വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ല.
ജനക്കൂട്ടം നിയമം കൈയിലെടുത്ത് അഖ്ലാഖിനെ പോലുള്ളവരെ വധിച്ചിട്ടും മോദി ഭരണത്തിന്‍ കീഴില്‍ ആരും ശിക്ഷിക്കപ്പെടുന്നില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരേ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയം അത്രികമിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രതിപക്ഷകക്ഷികളും മോദിയുടെ ദുര്‍ഭരണത്തെ പുറത്താക്കാന്‍ ഒരുമിക്കണം. ഇപ്പോള്‍ ഇതിനു തുനിഞ്ഞില്ലെങ്കില്‍ ചരിത്രദൗത്യം നിര്‍വഹിക്കുന്നതില്‍ എല്ലാവരും പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss