|    Aug 17 Fri, 2018 9:27 am
Home   >  Kerala   >  

തന്നെ ആക്രമിച്ചതിനു പിന്നില്‍ കോര്‍പ്പറേറ്റുകളും സര്‍ക്കാരും: സ്വാമി അഗ്‌നിവേശ്

Published : 5th August 2018 | Posted By: G.A.G

തിരുവനന്തപുരം: സസ്യാഹാരിയായ തന്നെ ആക്രമിച്ചതിനു പിന്നില്‍ കോര്‍പ്പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സ്വാമി അഗ്‌നിവേശ്. വിദ്വേഷത്തിനെതിരെ അണിചേരൂ; അക്രമവും അസഹിഷ്ണുതയും സമകാലിക ഇന്ത്യയില്‍ എന്നവിഷയത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരായി നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമമാണ്. താന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളോ പശുക്കടത്തുകാരനോ അല്ല, എന്നിട്ടും തന്നെ സംഘപരിവാറും യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരും ചേര്‍ന്ന് അക്രമിച്ചിട്ടും ഇതിനെ അപലപിക്കാന്‍ മോദിയോ എന്‍ഡിഎയിലെ മറ്റ് നേതാക്കളോ തയ്യാറായിട്ടില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ വിഷയത്തെ ശക്തമായി അപലപിച്ചിട്ടും പ്രധാനമന്ത്രിയടക്കമുള്ളവര്‍ വിഷയത്തില്‍ മനപൂര്‍വ്വം മൗനം പാലിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമത്തിനെതിരായി സുപ്രീം കോടതി നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷമാണ് താന്‍ സംഘപരിവാര്‍ അക്രമത്തിന് വിധേയമായത്. ഇത് സുപ്രീം കോടതിയോടും രാജ്യത്തെ നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. ജാര്‍ഖണ്ഡിലെ ഭരണകര്‍ത്താക്കള്‍ തന്റെ സന്ദര്‍ശനം അറിഞ്ഞില്ലെന്നാണ് പറയുന്നത്. എന്നാല്‍ അക്രമിസംഘത്തിന് തന്റെ സന്ദര്‍ശനത്തെപ്പറ്റി ആര് വിവരം നല്‍കിയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളായ അദാനിക്കും അംബാനിക്കുമടക്കം ആദിവാസികളുടെ ഭൂമിയില്‍ ഖനനം നടത്താന്‍ 210 എംഒയുകളാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച് ആദിവാസികളുമായി ചര്‍ച്ച നടത്താന്‍ താന്‍ എത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആദിവാസികളുമായി താന്‍ സംസാരിക്കാന്‍ പോകുന്ന വിഷയത്തെപ്പറ്റി മാധ്യമങ്ങളോട് പങ്കുവെച്ച ശേഷം പുറത്തിറങ്ങിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. തനിക്കെതിരായി ജാര്‍ഖണ്ഡിലെ പക്കുറില്‍ നടന്ന അക്രമത്തില്‍ ഇതേവരെ ആരെയും അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. തന്നെ അക്രമിച്ചവരുടെ ഫോട്ടോയും പേരുമടക്കം മാധ്യമങ്ങള്‍ നല്‍കിയിട്ടും വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടായിട്ടില്ല. ജനക്കൂട്ടം നിയമം കൈയ്യിലെടുത്ത് അഖ്‌ലാഖിനെ പോലെയുള്ളവരെ വധിച്ചിട്ടും മോദി ഭരണത്തിന്‍ കീഴില്‍ ആരും ശിക്ഷിക്കപ്പെടുന്നില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അത്രികമിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രതിപക്ഷകക്ഷികളും മോദിയുടെ ദുര്‍ഭരണത്തെ പുറത്താക്കാന്‍ ഒരുമിക്കണം. ഇപ്പോള്‍ ഇതിന് തുനിഞ്ഞില്ലെങ്കില്‍ ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നതില്‍ എല്ലാവരും പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss