|    Nov 21 Wed, 2018 7:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ല: മുഖ്യമന്ത്രി

Published : 6th November 2018 | Posted By: kasim kzm

കണ്ണൂര്‍: യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല നട അടയ്ക്കുന്നതു സംബന്ധിച്ച് തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ എല്‍ഡിഎഫ് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയോടെ ശബരിമലയില്‍ സംഘപരിവാരം ലക്ഷ്യംവയ്ക്കുന്നത് എന്താണെന്നു വ്യക്തമായി.
കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. തന്ത്രി നിയമോപദേശം തേടേണ്ടത് ദേവസ്വം അഭിഭാഷകരില്‍ നിന്നോ അറ്റോര്‍ണി ജനറലില്‍ നിന്നോ ആണ്. ശബരിമലയില്‍ അക്രമം നടത്തിയത് ബിജെപിയാണെന്ന് ശ്രീധരന്‍പിള്ള പച്ചയായി പറഞ്ഞിരിക്കുകയാണ്. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയെയും രാജകുടുംബത്തെയും ക്ഷണിച്ചിരുന്നു. വരാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് ബോധ്യമായത്.
ശബരിമലയുടെ ഒരു കാശും സര്‍ക്കാര്‍ എടുക്കുന്നില്ല. വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. സുപ്രിംകോടതി വിധി വരുന്നതിനു മുമ്പേ കേരളത്തില്‍ ഹൈക്കോടതി വിധി വന്നിരുന്നു. സ്ത്രീപ്രവേശനത്തിന് എതിരായ ഹരജിയിലായിരുന്നു ആ വിധി. അതിനു മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പോവാറുണ്ടായിരുന്നു. ഹൈക്കോടതി സ്ത്രീപ്രവേശനം വിലക്കിയപ്പോള്‍ ഇടതു സര്‍ക്കാര്‍ ഉള്‍പ്പെടെ അതു നടപ്പാക്കി. പിന്നീട് സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയത് ആര്‍എസ്എസിന്റെ ഭാഗമായ ആളുകളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയും സംഘപരിവാരവും നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിക്കൊപ്പം ഇറങ്ങിയ എത്ര അണികളെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിനാവുമെന്നും കണ്ണൂരില്‍ എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി ചോദിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss