|    Jul 20 Fri, 2018 4:54 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തന്ത്രിവിദ്യകള്‍ പഠിച്ച ദലിത് യുവാവിന് നേരെ വീണ്ടും വധശ്രമം

Published : 28th September 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: ദലിത് വിഭാഗത്തില്‍നിന്ന് തന്ത്രിവിദ്യകള്‍ പഠിച്ച് പൂജാരിയായ കുന്നക്കാവ് പടുവാന്‍തൊടി വീട്ടില്‍ ബിജുവിന് (32) നേരെ വീണ്ടും ആക്രമണം. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ മംഗലാംകുന്നിലെ വാടക വീടിന്റെ അടുക്കള വാതില്‍തകര്‍ത്ത് കയറിയ മുഖംമൂടി ധരിച്ച അക്രമിയാണ് ബിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണസമയത്തു ഭാര്യ അമൃതയും രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെത്തിയാണ് ബിജുവിനെ മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജുവിന്റെ കൈയിലും കാലിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. ദലിതരെ ഉള്‍പ്പെടുത്തി ചണ്ഡികഹോമം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ബിജു. ഇതിനെതിരേ ഫേസ് ബുക്ക് പോസ്റ്റില്‍ ബിജുവിന് വധഭീഷണി ഉണ്ടായിരുന്നു. തനിക്കു നേരെ നടക്കുന്ന വധശ്രമങ്ങള്‍ ആസുത്രിതമാണെന്ന് ബിജു പറഞ്ഞു. കഴിഞ്ഞ ജൂണില്‍ കൊപ്പം വിളയൂരില്‍ വച്ചും ഇയാള്‍ക്കെതിരേ വധശ്രമം ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ പൂജയ്ക്കു പോവുന്നതിനിടെ അജ്ഞാതനായ ആള്‍ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനു ശേഷം പൂജാ കര്‍മങ്ങളൊന്നും ചെയ്തിരുന്നില്ല. അടുത്തിടെയാണ് മംഗലാംകുന്നില്‍ ഭാര്യാവീടിനടുത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. താല്‍പര്യമുള്ള കുട്ടികളെ വേദം പഠിപ്പി—ച്ചിരുന്നു. ബിജുവിന്റെ പരാതിയില്‍ ശീകൃഷ്ണപുരം പോലിസ് കേസെടുത്തു. വേദപഠനം പൂര്‍ത്തിയാക്കിയ ബിജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരമുള്ള തന്ത്രിയാണ്. പട്ടികജാതി വിഭാഗത്തില്‍പെട്ട ബിജു ഉപനയനത്തിന് ശേഷം ബിജു നാരായണ ശര്‍മ എന്ന പേരും സ്വീകരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss