|    Nov 18 Sun, 2018 3:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തന്ത്രിയെയും മേല്‍ശാന്തിമാരെയും കാണുന്നതിനു മാധ്യമങ്ങള്‍ക്കു വിലക്ക്

Published : 6th November 2018 | Posted By: kasim kzm

ശബരിമല: മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം സന്നിധാനത്തു നിയന്ത്രണം ഏര്‍പ്പെടുത്തി. തന്ത്രിയെയും മേല്‍ശാന്തിമാരെയും കാണുന്നതിനാണു മാധ്യമങ്ങളെ വിലക്കിയത്. ഇവരെ കാണാനെത്തിയ മാധ്യമങ്ങളെ സന്നിധാനത്ത് തടഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു തന്ത്രി കണ്ഠര് രാജീവരെയും വിലക്കിയിട്ടുണ്ട്.
മെറ്റല്‍ ഡിറ്റക്ടര്‍, മൊബൈല്‍ ജാമര്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും സന്നിധാനത്ത് സ്ഥാപിച്ചു. ഭക്തര്‍ സന്നിധാനത്ത് തങ്ങുന്നത് ഒഴിവാക്കാന്‍ ഗസ്റ്റ് ഹൗസുകളില്‍ താമസം അനുവദിച്ചിട്ടില്ല. ഗസ്റ്റ് ഹൗസുകള്‍ പൂട്ടി താക്കോല്‍ കൈമാറാന്‍ ഇന്നലെ രാവിലെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഇന്നലെ മല കയറിയവര്‍ സന്നിധാനത്ത് തങ്ങരുതെന്നു പോലിസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടും പലരും മലയിറങ്ങാന്‍ തയ്യാറായിട്ടില്ല. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ പലയിടത്തായി ഇക്കൂട്ടര്‍ നിലയുറപ്പിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരില്‍ വന്‍ വര്‍ധനവ് പ്രകടമായതോടെ പ്രതിഷേധത്തിന് സാധ്യയുണ്ടെന്ന വിലയിരുത്തലിലാണ് പോലിസ്.
ബിജെപി നേതാവ് എം ടി രമേശ്, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല, രാഹുല്‍ ഈശ്വര്‍, പ്രതീഷ് വിശ്വനാഥ് തുടങ്ങിയ സംഘപരിവാര നേതാക്കള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പമ്പയിലെത്തിയിരുന്നു. തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച പോലിസ് അവരുടെ സൈബര്‍ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. വ്യാപാരകേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരം, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളില്‍ അനാവശ്യമായി ആരെയും തങ്ങാന്‍ അനുവദിക്കില്ല. പമ്പയിലെ ഓഫിസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പോലിസ് ശേഖരിച്ചു. പ്രതിഷേധക്കാര്‍ വാഹനങ്ങളില്‍ എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.
ഫേയ്‌സ് ഡിറ്റക്ടര്‍ ഉള്‍പ്പെടെ പമ്പയിലും സന്നിധാനത്തും കൂടുതല്‍ നിരീക്ഷണകാമറകളും സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കി ല്‍ കസ്റ്റഡിയിലെടുക്കും. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. സംശയം തോന്നിയാല്‍ ഉദ്യോഗസ്ഥന് ആളെ വീണ്ടും പരിശോധിക്കാം. തീര്‍ത്ഥാടകരുെട കൈവശം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുണ്ടാവണം. ഭക്തരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss