|    Nov 19 Mon, 2018 11:32 pm
FLASH NEWS

തന്ത്രിയെന്ന് പറഞ്ഞ് നിയമനതട്ടിപ്പ്: യുവാവ് പിടിയില്‍

Published : 4th August 2018 | Posted By: kasim kzm

അടൂര്‍: നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയെന്ന് പറഞ്ഞ് തന്റെ കീഴില്‍ ഡ്രൈവര്‍ നിയമനത്തിന് പണം തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്‍. ഐവര്‍കാല പുത്തനമ്പലം കോയിക്കല്‍ മുറിയില്‍ അരുണ്‍ (24) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 8.30ന് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
കടമ്പനാടെ ഓട്ടോറിക്ഷ ഡ്രൈവറായ രാജന്റെ മകന്‍ ജോബിക്ക് ഡ്രൈവറായി ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. രാജന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച ശേഷം തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിലെ തന്ത്രിമുഖ്യനാണെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ കാലയളവിലാണ് പണം കൈപ്പറ്റിയത്. രാജന്റെ കാര്‍ വാടകക്കെടുത്ത് ഉപയോഗിച്ച വകയില്‍ മൂന്നു ലക്ഷം രൂപയും നല്‍കാനുണ്ട്. ഔദ്യോഗിക ആവശ്യത്തിനാണെന്നു പറഞ്ഞ് കാര്‍ ഉപയോഗിച്ചതിനു പുറമെ ഇയാളുടെ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാക്കിയതും ജോബി തന്റെ പണം ഉപയോഗിച്ചാണ്.
രാജനേയും കുടുംബത്തേയും വിശ്വസിപ്പിക്കുന്നതിനായി ജോബി ഉള്‍പ്പടെ പത്തുപേരെ നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവും നല്‍കി. പുനലൂര്‍ മേജര്‍ ശ്രീനാരായണപുരം നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പേരിലുള്ള ലെറ്റര്‍പാഡില്‍ അടിച്ച നിയമന ഉത്തരവാണ് നല്‍കിയത്. ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡും സീലും നിര്‍മിച്ച് വ്യാജരേഖ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗുജറാത്ത് ബട് ദ്വാരക ക്ഷേത്രം, ചൈന ടിബറ്റിലെ ക്ഷേത്രം, ചിദംബരം ഏകാംബരനാഥ ക്ഷേത്രം, ആന്ധ്രാപ്രദേശ് ചിറ്റൂര്‍ കാളഹട്ടി ശിവക്ഷേത്രം, തെന്മല മഹാഗണപതി ക്ഷേത്രം, മാമ്പഴതറ ഭഗവതി ക്ഷേത്രം, കുളത്തൂപ്പുഴ അമ്പതേക്കര്‍ ഭദ്രകാളി ക്ഷേത്രം, തിരുവല്ല പൊടിയാടി ദേവി ക്ഷേത്രം, കോന്നി കല്ലേലി ശിവ ക്ഷേത്രം, റാന്നി പെരുനാട് ശാസ്ത ക്ഷേത്രം, സീതത്തോട് രക്തചാമുണ്ടി ക്ഷേത്രം, കന്യാകുമാരി ഭഗവതികോവില്‍ ഉള്‍പ്പെടെ മുപ്പത് ക്ഷേത്രങ്ങളില്‍ താന്ത്രിക സ്ഥാനം വഹിക്കുന്നതായുള്ള രേഖ ഉണ്ടാക്കി ബ്രഹ്മശ്രീ.
പുത്തനമ്പലം അരുണ്‍ വാസുദേവന്‍ താന്ത്രിപാട് എന്നു സ്വയം വിശേഷിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സഹസ്രകലശാഭിഷേകം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതായുള്ള കത്തുകളും പോലിസ് കണ്ടെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss