|    Dec 15 Sat, 2018 5:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തന്ത്രിക്കെതിരേ നടപടി പരിഗണനയില്‍: മുഖ്യമന്ത്രി

Published : 29th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല ക്ഷേത്രം അടച്ചിടുമെന്നു ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ തന്ത്രിക്കെതിരേയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സുപ്രിംകോടതി വിധിക്കെതിരേ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണു രാഷ്ട്രീയ പ്പാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ പ്രതികള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് മനസ്സിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടയുകയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട്—58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി ഐ ബി സതീശനെ അറിയിച്ചു. ഈ കേസുകളില്‍ 320 പ്രതികളെ അറസ്റ്റ്—ചെയ്തിട്ടുണ്ട്. സന്നിധാനത്ത്—52 വയസ്സ് പ്രായമുള്ള ലളിതയെ യുവതി എന്ന് ആരോപിച്ച് ആക്രമിച്ച കേസില്‍ ആറു പ്രതികളെ അറസ്റ്റ്—ചെയ്തിട്ടുണ്ടെന്ന്— ബി സത്യനെ മുഖ്യമന്ത്രി അറിയിച്ചു.
ശബരിമലയില്‍ കലാപമുണ്ടാക്കുന്നതിനും ക്രമസമാധാനനില തകര്‍ത്തു സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കുന്നതിനും ചില വര്‍ഗീയകക്ഷികളും സ്ഥാപിത താല്‍പര്യക്കാരും ശ്രമിക്കുന്നുണ്ട്. സുപ്രിംകോടതിയില്‍ 12 വര്‍ഷം കേസ് നടന്നിട്ടും കക്ഷിചേരാത്ത സംഘടനകളിലുള്ളവരാണിവര്‍. വിശ്വാസികളെ തടയുന്ന രീതിയിലേക്കു കാര്യങ്ങള്‍ പോവാതിരിക്കാന്‍ ജില്ലാ ഭരണകൂടവും പോലിസും കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ചിത്തിര ആട്ട സമയത്ത് വല്‍സന്‍ തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. പ്രതിഷേധക്കാരെ ശാന്തരാക്കാനായിരുന്നു പോലിസിന്റെ നടപടി. ശബരിമലയില്‍ ക്രമസമാധാനച്ചുമതല എല്ലാ ഘട്ടത്തിലും പോലിസിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനായി 52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍, യുവതി എന്നാരോപിച്ച് പ്രതിഷേധം അക്രമാസക്തമായി. അവരെ ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി അവരിലൊരാള്‍ക്ക് മൈക്ക് നല്‍കി പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ആവശ്യപ്പെട്ടു.
അടിയന്തര ഘട്ടത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇതെന്നും സഭയില്‍ അനില്‍ അക്കരയുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി. തില്ലേങ്കരി പോലിസ് മൈക്കില്‍ സംസാരിച്ചത് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇതിനിടെ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാരാരും മറുപടി പറയാതിരുന്നതു ശ്രദ്ധേയമായി. വിഷയം അടിയന്തര പ്രമേയമായി ഇന്ന് പ്രതിപക്ഷം ഉന്നയിക്കും. സഭയില്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് കറുപ്പ് വസ്ത്രമണിഞ്ഞാണ് ഇന്നലെ സഭയിലെത്തിയത്. ബിജെപി എംഎല്‍എ ഒ രാജഗോപാലും കേരള കോണ്‍ഗ്രസ്സിന്റെ റോഷി അഗസ്റ്റിനും എന്‍ ജയരാജും കറുത്ത വേഷമണിഞ്ഞു നിയമസഭയിലെത്തി.
അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനത്തിനു ഹരജി നല്‍കിയതു ബിജെപിയല്ലെന്നും യങ് ലോയേഴ്‌സ് അസോസിയേഷനാണെന്നും ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss