|    Sep 26 Wed, 2018 4:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തനിക്ക് സങ്കടവും കരച്ചിലും കാണാന്‍ സമയമില്ലെന്ന് മുഖ്യമന്ത്രി

Published : 31st May 2018 | Posted By: kasim kzm

കോഴിക്കോട്: തനിക്ക് ആരുടെയും സങ്കടവും കരച്ചിലും കാണാന്‍ സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിനായകന്റെ അമ്മ ഓമനയോട് പറഞ്ഞതായി അച്ഛന്‍ കൃഷ്ണന്‍. തൃശൂരില്‍ പോലിസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിനായകന്റെ കുടുംബം നീതി തേടിയാണ് മുഖ്യമന്ത്രിയെ കാണാനായി പോയത്. രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയെ കാണാന്‍ പോയിട്ടും നിരാശയോടെ മടങ്ങുകയായിരുന്നു.
മൂന്നാം തവണ പോയപ്പോഴാണ് വിനായകന്റെ അമ്മ ഓമന കരഞ്ഞുകൊണ്ട്, തങ്ങള്‍ക്ക് നീതി വേണമെന്ന് അഭ്യര്‍ഥിച്ചത്. അപ്പോഴായിരുന്നു പിണറായി, തനിക്ക് ആരുടെയും സങ്കടവും കരച്ചിലും കാണാന്‍ സമയമില്ലെന്നു പറഞ്ഞ് സംസാരിക്കാന്‍ തയ്യാറാവാതെ നടന്നകന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍, ഇനി ഇന്ന് മുഖ്യമന്ത്രി വരില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പത്തു മാസമായി തന്റെ മകന്‍ പോലിസ് മര്‍ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചിട്ട്. അതിനു കാരണക്കാരായ രണ്ടു പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ആറു മാസം തികയുന്നതിനു മുമ്പേ സസ്പെന്‍ഷനിലായ സാജന്‍, ശ്രീജിത്ത് എന്നിവരെ സര്‍വീസിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്. പോലിസില്‍ ക്രിമിനലുകളും ഗുണ്ടകളുമാണുള്ളത്. ഒരു തെറ്റും ചെയ്യാത്ത മകനെയാണ് അവര്‍ പിടിച്ചുകൊണ്ടുപോയി കൊന്നത്.
18 വയസ്സുണ്ടായിരുന്ന മകന്റെ മരണത്തോടെ കുടുംബം തകര്‍ന്ന അവസ്ഥയിലാണ്. ജീവിക്കുന്നതു തന്നെ അവനു നീതി ലഭ്യമാക്കുന്നതിനു വേണ്ടി മാത്രമാണ്. വിനായകന്റെ മരണത്തോടെ, അവന്റെ സഹോദരന്‍ ഗള്‍ഫിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇപ്പോള്‍ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നു യാതൊരു നീതിയും ലഭ്യമായിട്ടില്ല. കോഴിക്കോട് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനൊപ്പമാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss