|    Nov 21 Wed, 2018 3:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തനിക്കു താനും പുരയ്ക്കു തൂണുമായി വടക്കന്‍ പറവൂര്‍

Published : 3rd November 2018 | Posted By: kasim kzm

എറണാകുളം ജില്ലയില്‍ പ്രളയം ഏറ്റവുമധികം നാശം വിതച്ചത് വടക്കന്‍ പറവൂര്‍ താലൂക്കിലാണ്. മൂത്തകുന്നം, വടക്കേക്കര, പറവൂര്‍, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ, ഏലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കുന്നുകര, പുത്തന്‍വേലിക്കര, ചേന്ദമംഗലം എന്നിങ്ങനെ 13 വില്ലേജുകളാണുള്ളത്്. പെരിയാറിന്റെ തീരത്തെ വീടുകളില്‍ വെള്ളം കയറിയപ്പോഴും ദേശീയപാതയ്ക്കരികിലും പൊതുമരാമത്ത് റോഡുകള്‍ക്കരികിലും താമസിക്കുന്നവര്‍ തങ്ങളുടെ വീടുകളില്‍ വെള്ളം കയറില്ലെന്ന ശുഭാപ്തിവിശ്വാസക്കാരായിരുന്നു. ആ ധാരണയില്‍ പ്രളയബാധിതരുടെ വീട്ടുസാധനങ്ങള്‍ മാറ്റാനും മറ്റും സഹായിക്കാന്‍ പോയവര്‍ക്ക് സ്വന്തം വീടുകളില്‍ വെള്ളം ഇരച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. പറവൂ ര്‍ താലൂക്കില്‍ വെള്ളം എത്താത്ത വിവിധ ഭാഗങ്ങളിലായി 223 ക്യാംപുകളാണ് തുറന്നത്. 53,565 കുടുംബങ്ങളിലെ 2,11, 113 അംഗങ്ങളാണ് ഒരാഴ്ചയും അതില്‍ കൂടുതലും ഈ ക്യാംപുകളില്‍ കഴിഞ്ഞത്. ഇതിനു പുറമേ ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ മതിലകം വരെ പറവൂര്‍ നിവാസികള്‍ക്കായി ക്യാംപുക ള്‍ തുറക്കേണ്ടിവന്നു. 15000ല്‍ പരം ആളുകള്‍ ഇവിടങ്ങളിലുണ്ടായിരുന്നു. ആയിരക്കണക്കിനുപേര്‍ ബന്ധുവീടുകളിലും മറ്റും അഭയംതേടി.
പറവൂര്‍ വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ തുറന്നത്- 43 എണ്ണം. കോട്ടുവള്ളിയില്‍ 40ഉം ആലങ്ങാട് 36 ഉം ഏലൂരില്‍ അഞ്ചും ക്യാംപുകള്‍ തുറക്കേണ്ടിവന്നു. ആലങ്ങാട്, വരാപ്പുഴ, കുന്നുകര, പുത്തന്‍വേലിക്കര, പറവൂര്‍ ടൗ ണ്‍ഹാള്‍ എന്നിവിടങ്ങളിലായി 48 കുടുംബങ്ങളിലെ 150 ഓളം പേര്‍ ഇപ്പോഴും ക്യാംപുകളില്‍ കഴിയുന്നുണ്ട്. തിരിച്ചുചെന്നാല്‍ അന്തിയുറങ്ങാന്‍ ഇവര്‍ക്കു വീടുകളില്ല. തിരിച്ചുപോവാന്‍ നിര്‍ബന്ധിക്കുന്ന അധികൃതര്‍ക്ക്്് തലചായ്ക്കാനൊരിടം ചൂണ്ടിക്കാണിക്കാന്‍പോലും ആവുന്നില്ല. മിക്ക പഞ്ചായത്തുകള്‍ക്കും തങ്ങള്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് വ്യക്തമായ കണക്കും രൂപവും ഇപ്പോഴുമില്ല. കണക്കുകള്‍ വ്യക്തമായി ശേഖരിച്ച കുന്നുകര പഞ്ചായത്ത് ഭരണസമിതി സര്‍ക്കാരിന്റെ സഹായങ്ങള്‍ക്കു കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ ഉദാരമതികളായ വ്യക്തികളെയും ജീവകാരുണ്യപ്രസ്ഥാനങ്ങളെയും കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പിലൂടെ ജനങ്ങളെ കൈപിടിച്ചു കയറ്റാനുള്ള ശ്രമത്തിലാണ്. കാര്‍ഷികമേഖലയിലേക്ക് അമേരിക്കയിലെ കാലഫോര്‍ണിയയില്‍ നിന്നുവരെ തങ്ങള്‍ക്ക് സഹായം ലഭിച്ചതായി കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ പറഞ്ഞു. കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കെടുക്കാനുള്ള നിര്‍ദേശം മാത്രമേ തങ്ങള്‍ക്കു കിട്ടിയിട്ടുള്ളു എന്നാണ് ഇവര്‍ പറയുന്നത്.
പറവൂരിന്റെ കാര്‍ഷികമേഖലയില്‍ കനത്ത നഷ്ടമാണുണ്ടായത്. നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവ പാടെ നശിച്ചു. മല്‍സ്യബന്ധനമേഖലയില്‍ ചീനവലകള്‍, ഊന്നിവലകള്‍, കൂട് മല്‍സ്യകൃഷി എന്നിവയും കയര്‍-കൈത്തറി മേഖലകളിലും തകര്‍ച്ച രൂക്ഷമാണ്. പറവൂരിന്റെ അഭിമാനമായ ചേന്ദമംഗലം കൈത്തറിക്ക് നേരിട്ട തകര്‍ച്ച ദേശീയശ്രദ്ധ പിടിച്ചുപറ്റുകയും തുടര്‍ന്ന് നിരവധി സന്നദ്ധസംഘടനകളും ഫാഷന്‍ ഡിസൈനര്‍മാരും ബിസിനസ് ഗ്രൂപ്പുകളും രക്ഷയ്‌ക്കെത്തുകയും ചെയ്തത് പ്രതീക്ഷയും ആശ്വാസവുമായിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ചേന്ദമംഗലം കൈത്തറിയുടെ വീണ്ടെടുപ്പിന് അഞ്ചുകോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ചെറുകിട കച്ചവടക്കാരുടെയും സ്വയംതൊഴില്‍സംരംഭങ്ങള്‍ നടത്തിയിരുന്നവരുടെയും കാര്യം ഏറെ കഷ്ടത്തിലാണ്. അവരെ സഹായിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. നിരവധിപേര്‍ക്ക് ഇപ്പോഴും കടകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്ക് വായ്പകള്‍ക്ക് പുറമേ ബ്ലേഡ് കമ്പനികളില്‍നിന്നും അമിത പലിശയ്ക്ക് വായ്പയെടുത്തിട്ടുള്ള ഇവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കിയില്ലെങ്കില്‍ പ്രവചനാതീതമായ ദുരന്തവാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുമെന്ന് വടക്കേക്കര വ്യാപാരിസംഘടനാ നേതാവ് കെ ബി സുഭാഷ് ചൂണ്ടിക്കാട്ടി.
പറവൂര്‍ മേഖലയിലെ ആയുര്‍വേദ മരുന്നുനിര്‍മാണമേഖലയ്ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചു. ഏഴു കമ്പനികള്‍ക്കായി രണ്ടുകോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. തന്റെ സ്ഥാപനത്തിന് മെഷീനുകളും അസംസ്‌കൃത വസ്തുക്കളും നിര്‍മാണത്തിലിരുന്ന മരുന്നും ഉള്‍പ്പെടെ 27 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മഠത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡി അയ്യപ്പന്‍ മഠത്തില്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടുനില്‍ക്കുമ്പോഴും വി ഡി സതീശന്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളിലാണ് തങ്ങളുടെ പ്രതീക്ഷയെന്നു പലരും പറയുന്നു. പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാപകല്‍ ഭേദമെന്യേ നേതൃത്വം നല്‍കി ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് തങ്ങളോടൊപ്പം ഉണ്ടായിരുന്ന എംഎല്‍എ ദുരിതാശ്വാസവസ്തുക്കള്‍ ക്യാംപുകളിലും പിന്നീട് വീടുകളിലും എത്തിക്കുന്നതില്‍ വഹിച്ച പങ്ക് അവര്‍ നന്ദിയോടെ ഓര്‍ക്കുന്നു.
സര്‍ക്കാര്‍ പണം പിരിക്കുന്നതല്ലാതെ പുനരധിവാസത്തെക്കുറിച്ച് ഒന്നും വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ കാത്തുനില്‍ക്കാതെ താന്‍ പുനരധിവാസപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിവരുകയാണെന്ന് വി ഡി സതീശന്‍ എംഎല്‍എ തേജസിനോട് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ നാശനഷ്ടങ്ങളുടെയും ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങ ള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യപടിയായി വീട് നഷ്ടപ്പെട്ട ഒരാള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി.
സര്‍ക്കാ ര്‍ എത്ര പേര്‍ക്ക് വീട് നല്‍കുമെന്നു വ്യക്തമാക്കിയാല്‍ മണ്ഡലത്തിലെ ബാക്കിയുള്ളവര്‍ക്ക് വീട് വച്ചു നല്‍കാന്‍ തയ്യാറാണ്. നിരവധി സന്നദ്ധസംഘടനകളും ഏജന്‍സികളും ഇക്കാര്യത്തില്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. ഉപജീവനമാര്‍ഗം ഇല്ലാതായവരില്‍ തയ്യല്‍മെഷീന്‍ നഷ്ടപ്പെട്ടവര്‍ക്ക് മെഷീന്‍ വിതരണം തുടങ്ങി. പ്രളയത്തിന്റെ മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ടൊരു പറവൂര്‍ എന്ന ലക്ഷ്യം ജനങ്ങളുടെ സഹകരണത്തോടെ നേടുക തന്നെ ചെയ്യും- നിറഞ്ഞ ആത്മവിശ്വാസത്തോടെ വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.
(അവസാനിച്ചു)

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്: കെ കെ അബ്ദുള്ള

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss