|    Nov 25 Sat, 2017 7:25 am
FLASH NEWS

തനത് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്ന്; ചെയര്‍മാനെതിരേ സെക്രട്ടറിയും പ്രതിപക്ഷവും

Published : 5th August 2017 | Posted By: fsq

 

നീലേശ്വരം: നഗരസഭയുടെ തനത് ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതിനെതിരേ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിയും പ്രതിപക്ഷവും ചെയര്‍മാന്‍ പ്രഫ. പി ജയരാജനെതിരെ ആരോപണവുമായി രംഗത്ത്. കഴിഞ്ഞ ഏഴ് വര്‍ഷമായി നഗരസഭയുടെ തനത് ഫണ്ട് കുറഞ്ഞുവരുമ്പോഴും അനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കുന്നതിനെതിരെയാണ് കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതേ ചൊല്ലി ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെ ചെയര്‍മാന്‍ സെക്രട്ടറിയോട് ക്ഷുഭിതനായി. തനതു ഫണ്ടിലെ കുറവു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നഗരസഭ നേരിടുന്നതെന്ന് കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി വെളിപ്പെടുത്തിയതാണ് ചെയര്‍മാനെ പ്രകോപിപ്പിച്ചത്. സെക്രട്ടറി ചെയര്‍മാന്റെയും കൗണ്‍സിലിന്റെയും അധികാരം കവരുകയാണെന്നും പദ്ധതി നടത്തിപ്പിനെ കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നുമാണ് ചെയര്‍മാന്‍ പ്രതികരിച്ചത്. തിരുവനന്തപുരത്തെ ഭാരത് ഭവന്‍ നഗരസഭയുമായി സഹകരിച്ച് ഏഴിന് പട്ടേന ജനശക്തിയില്‍ നടത്താന്‍ തീരുമാനിച്ച മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ചെലവിനത്തില്‍ അനുവദിക്കാവുന്ന തുകയെക്കുറിച്ചു ചെയര്‍മാന്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണ് സെക്രട്ടറി കെ അഭിലാഷ് നഗരസഭയിലെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത്. ഒരു ലക്ഷം രൂപയാണ് ഇതിന് വേണ്ടി നഗരസഭ ചെലവഴിക്കുന്നത്. അത്യാവശ്യ പദ്ധതികള്‍ പോലും നടത്താന്‍ പണമില്ലാത്തപ്പോഴാണ് മണ്‍സൂണ്‍ ഫെസ്റ്റിന്റെ പേരില്‍ ഒരു ലക്ഷം രൂപ ചെലവഴിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനന്‍ പറഞ്ഞു. നഗരസഭയില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാത്തത് വ്യവസായത്തിനും കച്ചവടത്തിനും കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  പ്രത്യേക പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന് ചെയര്‍മാന്‍ നിയമം പാലിക്കുന്നില്ലെന്നും സ്റ്റാന്റിങ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമെ തുക ചിലവാക്കാവൂവെന്ന് എറുവാട്ട് പറഞ്ഞു. സെക്രട്ടറിയുടെ മറുപടിയെയും എറുവാട്ട് മോഹനന്റെ വിശദീകരണവുമായതോടെ പരിപാടിയുടെ സംഘാടകന്‍കൂടിയയായ സിപിഎം കൗണ്‍സലര്‍ പി വി രാമചന്ദ്രന്‍ പണത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാണിക്കുകയും ചെയര്‍മാന്‍ വീണ്ടും ക്ഷുഭിതനാവുകയുമായിരുന്നു. രാമചന്ദ്രനെ പിന്തുണച്ച്് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഭരണകക്ഷി അംഗം എ വി സുരേന്ദ്രന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത് അനുവദിക്കാതെ ചെയര്‍മാന്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചെയര്‍മാന്റെ ഏകാധിപത്യമാണ് നഗരസഭയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക