|    Oct 15 Mon, 2018 4:02 pm
FLASH NEWS

തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍; കരാറുകാരുടെ ആശങ്കകള്‍ പരിഹരിക്കും

Published : 19th September 2017 | Posted By: fsq

 

കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ സഹകരിക്കണമെന്നും കരാറുകാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചുകൂട്ടിയ കരാറുകാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017-18ലെ വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശനമായ നിര്‍ദേശം. ഫെബ്രുവരിയില്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനവും മാര്‍ച്ചില്‍ 15 ശതമാനവും മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ. അതിനനുസൃതമായി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി ആസൂത്രണം വേഗത്തിലാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലെ മരാമത്ത് പണികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടെന്‍ഡര്‍ നടപടികളുമായി സഹകരിക്കാതിരിക്കുന്നത് പദ്ധതി നിര്‍വഹണം അവതാളത്തിലാവാന്‍ കാരണമാവുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കരാറുകാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു. മണല്‍, കരിങ്കല്ല്, ചെങ്കല്ല്, സിമെന്റ്, ടാര്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട്, ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടാവുന്ന അധിക ബാധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ കരാറുകാര്‍ യോഗത്തില്‍ ഉന്നയിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് അദ്ദേഹം കരാറുകാരെ അറിയിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കരാര്‍ തുക പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ കരാറുകാര്‍ സമരം നടത്തേണ്ട സാഹചര്യമില്ലെന്നും കെ വി സുമേഷ് പറഞ്ഞു. നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ 15 ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായും ഒരു മാസത്തിനകം അവ പ്രവര്‍ത്തനക്ഷമമാവുമെന്നും എഡിഎം ഇ മുഹമ്മദ് യൂസുഫ് അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ അന്യായമായി തടയുന്നുവെന്ന പരാതി ജില്ലാ പോലിസ് മേധാവിയുമായി ചര്‍ച്ച ചെയ്യും. ക്വാറി ഉല്‍പ്പന്നങ്ങള്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ക്കായി ലഭിക്കുന്നതിലുള്ള പ്രയാസം പരിഹരിക്കാന്‍ ക്വാറി നടത്തിപ്പുകാരുടെ യോഗം വിളിക്കാനും ചര്‍ച്ചയില്‍ ധാരണയായി. കരാറുകാര്‍ സമരവുമായി മുന്നോട്ടുപോയാല്‍ മറ്റ് സാധ്യതകള്‍ ആരായേണ്ടി വരും. സഹകരണ മേഖലയില്‍ നിന്നടക്കമുള്ള ഏജന്‍സികളും വ്യക്തികളും നിര്‍മാണ കരാറുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജില്ലയിലെ അനുകൂല സാഹചര്യം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ഉടന്‍തന്നെ ഒരു തീരുമാനത്തിലെത്താമെന്ന് കരാറുകാര്‍ യോഗത്തെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം കെ മഹിജ, പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് കെ വി സജീവന്‍, കരാറുകാരെ പ്രതിനിധീകരിച്ച് കോ-ഓഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി സി എച്ച് അബൂബക്കര്‍ ഹാജി, ചെയര്‍മാന്‍ സി രാജന്‍, കണ്‍വീനര്‍ സി ശശിധരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ കെ എം അജയ്കുമാര്‍, രാധേശ്യാം കണ്ടേല്‍വാല, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ രത്‌നാകരന്‍, എം സുകുമാരന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss