|    Oct 24 Wed, 2018 3:51 am
FLASH NEWS

തദ്ദേശീയ ദിനാചരണം: 13ന് ജില്ലയില്‍ വിവിധ പരിപാടികള്‍

Published : 9th September 2017 | Posted By: fsq

 

കല്‍പ്പറ്റ: തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ 2007 സപ്തംബര്‍ 13ന് നടത്തിയ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികദിനാചരണം ജില്ലയിലും വിവിധ പരിപാടികളോടെ നടത്തുന്നു.  13ന് ജില്ലയിലെ ഊരുതലത്തിലും ഗ്രാമപ്പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ തലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആദിവാസി കോളനികളില്‍ കുടിവെള്ളം ഉറപ്പാക്കല്‍, ശുദ്ധീകരണം, ബോധവല്‍ക്കരണം എന്നിവ നടത്തും. ജില്ലാ കലക്ടര്‍ എസ് സുഹാസിനാണ് മേല്‍നോട്ട ചുമതല. ഇതിന്റെ മുന്നോടിയായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. 13ന് എല്ലാ ഊരുകളിലും ഊരുമൂപ്പന്‍ നിലവിളക്കു കൊളുത്തി പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍, ശുചിത്വം എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കും. പ്രതിജ്ഞയ്ക്കു ശേഷം ഊരുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലഭ്യമായിട്ടുള്ള വിവിധ കുടിവെള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കും. തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണവും ഊരുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും. ആദിവാസികള്‍ തനത് സംസ്‌കാരവും പാരമ്പര്യവും അവലംബിച്ച് ജീവിക്കുന്നവരാണ്. സവിശേഷമായ ഗോത്ര സംസ്‌കാരം സംരക്ഷിച്ചുകൊണ്ടു മാത്രമേ ഗോത്രജനതയ്ക്ക് പുരോഗതി കൈവരിക്കാനാവുകയുള്ളൂ. പാരമ്പര്യവും ഗോത്ര തനിമയും സംരക്ഷിക്കുന്നതിനുള്ള അവരുടെ അവകാശം അംഗീകരിക്കപ്പെടേണ്ടതാണ്.    ആദിവാസികളുടെ ഭാഷയും സംസ്‌കാരവും ഈ വിഭാഗത്തെ മറ്റു സമൂഹങ്ങളില്‍ നിന്നു വേര്‍തിരിച്ച് നിര്‍ത്തുന്നതിനാല്‍ ഗോത്രഭാഷകള്‍ അന്യം നിന്നു പോവാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഗോത്രജനത നൂറ്റാണ്ടുകളായി നേടിയ അറിവുകള്‍ സംരക്ഷിച്ച് ഭാവി തലമുറയ്ക്കായി നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തലമുറകള്‍ കഴിയുമ്പോള്‍ വിലയേറിയ നാട്ടറിവുകള്‍ അന്യംനിന്നു പോവാതെ സംരക്ഷിച്ച് പുതുതലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പാരമ്പര്യവൈദ്യം, വംശീയ ഭക്ഷണം, കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള അറിവുകള്‍ എന്നിവ ഇതില്‍പെടുന്നു. ഗോത്ര സംസ്‌കാരം ഉള്‍ക്കൊണ്ട് സൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി പ്രത്യേകം ആചാരാനുഷ്ഠാനങ്ങളോടെ ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെ പൂര്‍ണമായ അറിവും സമ്മതത്തോടും മാത്രമേ ഈ വിഭാഗങ്ങള്‍ക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പാടുള്ളൂ എന്ന് അന്തര്‍ദേശീയ ആദിവാസി ദിനാചരണം സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. അവര്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ക്ക് ഭൂമിയിന്മേല്‍ അവകാശം നല്‍കുക എന്നതു പ്രധാനമാണ്. ഈ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് പരിപാടികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss